സംഗീതപ്രഭയുമായി പ്രകാശം മ്യൂസിക്കല്‍ ആല്‍ബം എത്തി

ഈ ക്രിസ്മസ് കാലത്തിന് സംഗീതമധുരിമ പകരാന്‍ ഇമ്പമേറിയ ക്രിസ്തീയ ഭക്തിഗാനങ്ങളുമായി പ്രകാശം മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങി. വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അതിരൂപത വികാര്‍ ജനറല്‍ ഫാ. ജോസ് പടിയാരം പറമ്പിലിനു നല്‍കി കൊണ്ട് ആല്‍ബം പ്രകാശനം ചെയ്തു.

യശ്ശശരീരനായ സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ പുത്രന്‍ അജയ് ജോസഫാണ് ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. സിപ്പി പള്ളിപ്പുറം, ഫാ. വിന്‍സെന്റ് വാരിയത്ത്, ഫാ. ആന്റണി പോള്‍ കീരമ്പിള്ളി, അഭിലാഷ് ഫ്രേസര്‍, ടൈറ്റസ് ഗോതുരുത്ത് തുടങ്ങിയവരുടേതാണ് വരികള്‍.

കെസ്റ്റര്‍, മധു ബാലകൃഷ്ണന്‍, ഗാഗുല്‍ ജോസഫ്, മൃദുല വാരിയര്‍, എലിസബത്ത് രാജു, കൃപ കെസ്റ്റര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. അജയ് ജോസഫിനെ കൂടാതെ റെക്‌സ് ഐസക്‌സ്, ജോണ്‍സന്‍ മങ്ങഴ എന്നിവര്‍ ഗാനങ്ങളുടെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. പ്രപഞ്ചസൃഷ്ടാവിന് കീര്‍ത്തനം പാടുന്ന പത്തു ഗാനങ്ങളും അവയുടെ കരോക്കെയുമാണ്‌ ആല്‍ബത്തിലുള്ളത്.

വരാപ്പുഴ ബിഷപ്പ്‌സ് ഹൗസില്‍ വച്ചു നടന്ന ചടങ്ങില്‍ ഷെവലിയര്‍ പ്രീമൂസ് പെരിഞ്ചേരി, കെസ്റ്റര്‍, അജയ് ജോസഫ്, ഷാജി ജോര്‍ജ്, ഗാഗുല്‍ ജോസഫ്, എലിസബത്ത് രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.

You must be logged in to post a comment Login