സംഘപരിവാര്‍ മദര്‍ തെരേസയോട് ചെയ്യുന്നതും ദേവന്മാര്‍ മഹാബലിയോട് ചെയ്തതും…

സംഘപരിവാര്‍ മദര്‍ തെരേസയോട് ചെയ്യുന്നതും ദേവന്മാര്‍ മഹാബലിയോട് ചെയ്തതും…

ജീവിച്ചിരിക്കുമ്പോഴേ മദര്‍ വിശുദ്ധയായിരുന്നു. വിശുദ്ധയായിട്ട് അവരെ അംഗീകരിച്ചിരുന്നത് ചേരികളിലെ പാവങ്ങള്‍ മാത്രമല്ല, ലോകനേതാക്കളും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും കൂടിയായിരുന്നു. ജാതിമതഭേദമില്ലാതെ, വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും മദര്‍ തെരേസയെ ആദരിച്ചിരുന്നു. അത്ര ആഴത്തിലുള്ളതും ഹൃദയസ്പര്‍ശിയുമായിരുന്നു, അവരുടെ സേവനങ്ങള്‍. എന്നാല്‍ മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വേളയില്‍ സംഘപരിവാറിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിലുള്ള മദറിനെതിരായ മുറവിളികള്‍ അപക്വമായ മനസ്സിന്റെ അസഹിഷ്ണുതയെ ഓര്‍മിപ്പിക്കുന്നതാണ്.

ദേവന്മാര്‍ മഹാബലിയെ വെറുക്കാന്‍ എന്താണ് കാരണം? മഹാബലി എന്തെങ്കിലും തെറ്റ് ചെയ്‌തോ? ആരെയെങ്കിലും കൊന്നോ? തിരുവോണം പറയുന്ന കഥ വായിക്കുകയാണെങ്കില്‍ മഹാബലിയോട് ദേവന്മാര്‍ക്ക് അസൂയ ഉണ്ടാകാന്‍ കാരണം മഹാബലിയുടെ നന്മയാണ്. ആ നന്മ മൂലം മഹാബലി എന്ന അസുര രാജാവിന് ലഭിച്ച ജനസ്വീകാര്യതയിലാണ് ദേവന്മാര്‍ അസൂയ പൂണ്ടത്.

ഒരുറുമ്പിനെ പോലും ദ്രോഹിക്കാത്ത, ഏറ്റവും പാവപ്പെട്ടവരെ തെരഞ്ഞു പിടിച്ച് ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്ത മദറിനോട് സംഘപരിവാറിനുള്ള ഈ അസൂയ നന്മയോട് തിന്മയ്ക്കു തോന്നുന്ന അസൂയ തന്നെയല്ലേ? മദര്‍ പാവങ്ങളെ ശുശ്രൂഷിച്ചത് മതപരിവര്‍ത്തനം നടത്താന്‍ വേണ്ടിയാണെന്ന സംഘപരിവാറിന്റെ ആരോപണത്തിന് പ്രശസ്ത ചിത്രകാരിയും മദറിന്റെ അടുത്ത സുഹൃത്തും ഹിന്ദുവുമായ റിഥു സിംഗ് മറുപടി പറയുന്നു: ‘മതപരിവര്‍ത്തനമായിരുന്നു മദറിന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ എന്നേ ഒരു ക്രിസ്ത്യാനി ആയി മാറിയേനേ. അത്രയേറെ മദര്‍ എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നിട്ടും ഒരിക്കല്‍ പോലും എന്നോട് ഒരു ക്രിസ്ത്യാനി ആകാന്‍ മദര്‍ തെരേസ ആവശ്യപ്പെട്ടിട്ടില്ല.’

ഇതേ അഭിപ്രായം പുലര്‍ത്തുന്ന അനേകം ഹിന്ദു, മുസ്ലിം സുഹൃത്തുക്കള്‍ മദര്‍ തെരേസയ്ക്ക് ഉണ്ടായിരുന്നു. അവരാരും മതം മാറിയിട്ടില്ല. അവരുടെയുള്ളില്‍ ക്രിസ്തുവിനോടുള്ള ആദരം സ്വാഭാവിമകമായി വര്‍ദ്ധിച്ചു എന്നു മാത്രം. സംഘ പരിവാര്‍ ആരോപിക്കുന്നതു പോലെ മദര്‍ തെരേസയുടെ ലക്ഷ്യം ഒരിക്കലും മതപരിവര്‍ത്തനം ആയിരുന്നില്ല. ഏറ്റവും പാവപ്പെട്ടവരില്‍ ക്രിസ്തുവിനെ കണ്ട് ശുശ്രൂഷിക്കുകയായിരുന്നു. ദൈവത്തെ പാവങ്ങളിലും രോഗികളിലും കണ്ട് ശുശ്രൂഷിക്കുക മാത്രമായിരുന്നു, മദറിന്റെ ഏക ലക്ഷ്യം. അസാധാരണമായ ആ സേവനം കണ്ട് ആര്‍ക്കെങ്കിലും ക്രിസ്ത്യാനി ആകണമെന്ന് തോന്നിയെങ്കില്‍ അതിന് മദറിനെ കുറ്റക്കാരിയാക്കുന്നതെന്തിന്? ഒരു നല്ല പ്രവര്‍ത്തി കാണുമ്പോള്‍ നല്ല മനസ്സുള്ളവര്‍ക്ക് ആ വ്യക്തിയെ അനുകരിക്കാനും അയാളുടെ വിശ്വാസ പ്രമാണങ്ങളെ സ്വീകരിക്കാനും ആഗ്രഹം തോന്നുക എന്നത് സ്വാഭാവികം മാത്രമാണ്.

മദറിനെ വിമര്‍ശിക്കുന്നവര്‍ ആദ്യം മദര്‍ നടന്ന വഴിയേ നടന്ന് കാണിക്കട്ടെ. മിഷണറീസ് ഓഫ് ചാരിറ്റി ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന നല്ല പ്രവര്‍ത്തികള്‍ അവര്‍ ചെയ്തു കാണിക്കട്ടെ. ഇന്നും ഇന്ത്യയില്‍ അനേക കോടി ദരിദ്രരുണ്ട്. നൂറു കണക്കിന് ചേരികളില്‍ രോഗികളായും നിരാലംബരായും കഴിയുന്ന അനേകായിരങ്ങളുണ്ട്. അവരെ പോയി ശുശ്രൂഷിച്ച് കാണിച്ചു തരിക. ദലിതരോട് വിവേചനം കാണിക്കാതെ അവരെ ചേര്‍ത്തു പിടിക്കുക. ഹേ, സുഹൃത്തുക്കളേ, നിങ്ങള്‍ കാലാകാലങ്ങളായി ഇവിടെ ചെയ്യാതിരുന്നത് ഈ പാവം കന്യാസ്ത്രീകള്‍ ചെയ്തു കാണുമ്പോള്‍ അവരോട് അസൂയ പെടുന്നതെന്തിന്?

ശുദ്ധമായ നന്മയെ വര്‍ഗീയതയുടെ പേരില്‍ ഇങ്ങനെ തരം തിരിച്ചു കാണുന്നത് കഷ്ടമാണ്. രോഗം ബാധിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കുന്നവര്‍ക്ക് സമാധാനമായി മരിക്കാന്‍ അവസരം ഒരുക്കുകയാണ് മദര്‍ ചെയ്തത്. അങ്ങനെയുള്ള നന്മയില്‍ പോലും വര്‍ഗീയത കാണുന്നത് കുറച്ചു കടന്ന കൈ തന്നെയാണ്, സംഘ പരിവാര്‍ സുഹൃത്തേ. നല്ലത് അത് ആര് ചെയ്താലും അംഗീകരിക്കാന്‍ പഠിക്കൂ. ആ തുറന്ന മനസ്സായിരുന്നു, ഈ ഭാരതത്തിന്റെ മഹത പാരമ്പര്യം. എന്നും. ആ പാരമ്പര്യത്തെ ഓര്‍ത്ത് ഈ അമ്മയെ ആദരിക്കൂ. ഈ ഇന്ത്യയ്ക്കു വേണ്ടി സ്വന്തം നാടും വീടും വിട്ടിറങ്ങി വന്ന് ജീവിതം ഹോമിച്ച ആ മഹാവനിതയെ ബഹുമാനിക്കാനാവുന്നില്ലെങ്കില്‍ ഇങ്ങനെ നിന്ദിക്കുകയെങ്കിലും ചെയ്യാതിരിക്കൂ!

You must be logged in to post a comment Login