സംഘഷഭരിതമായ ലോകത്തിന് പുതിയ മാതൃക നല്‍കൂ: ബോസ്‌നിയന്‍ ജനതയോട് പാപ്പാ

സംഘഷഭരിതമായ ലോകത്തിന് പുതിയ മാതൃക നല്‍കൂ: ബോസ്‌നിയന്‍ ജനതയോട് പാപ്പാ

Pope-Francis1ബോസ്‌നിയ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ രാജ്യത്തെ വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അനൈക്യവും പരസ്പരഭിന്നതയും ഇല്ലാതാക്കി ഒത്തൊരുമയില്‍ ജീവിക്കാന്‍ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ‘ലോകം ഇന്ന് പല വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മെ വ്യത്യസ്തരാക്കുന്ന ഘടകങ്ങള്‍ക്കിടയിലും പരസ്പരസമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാന്‍ നമുക്കു സാധിക്കും’, ബോസ്‌നിയന്‍ തലസ്ഥാനമായ സരജെവോയില്‍ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞു.

ഭൂരിപക്ഷമായ മുസ്ലീം ബോസ്‌നിയാക്കുകള്‍, ഓര്‍ത്തഡോക്‌സ് സെര്‍ബ്‌സ്, കാത്തലിക് ക്രോട്ട്‌സ് എന്നിവയാണ് ബോസ്‌നിയയിലെ പ്രധാനമതവിഭാഗങ്ങള്‍. 1992 മുതല്‍ 1995 വരെ നടന്ന ബോസ്‌നിയന്‍ യുദ്ധത്തിനു ശേഷം ഇപ്പോഴും രാജ്യത്തെ ജനവിഭാഗങ്ങള്‍ തമ്മില്‍ പൂര്‍ണ്ണഐക്യം സാദ്ധ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് മതസൗഹാര്‍ദ്ദം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയുടെ പ്രത്യേകസന്ദേശം. ഇക്കാര്യത്തില്‍ മതനേതാക്കന്‍മാര്‍ക്ക് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. ചര്‍ച്ചകളിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സമാധാനം പുനസ്ഥാപിക്കാനാകുമെന്നും മാര്‍പാപ്പ പറഞ്ഞു.
ബോസ്‌നിയയിലെ യുവജനങ്ങളുമായും മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. പാട്ടുകള്‍ പാടിയും നൃത്തം ചെയ്തും അവര്‍ മാര്‍പാപ്പയോടൊപ്പം സമയം ചെലവഴിച്ചു. യുവാക്കളെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും മാര്‍പാപ്പ അവരുമായി പങ്കുവെച്ചു..

You must be logged in to post a comment Login