സംവാദം പുരോഗതിയുടെ താക്കോല്‍: പാപ്പ അസൈര്‍ബൈജാനില്‍

സംവാദം പുരോഗതിയുടെ താക്കോല്‍: പാപ്പ അസൈര്‍ബൈജാനില്‍

അസൈര്‍ബൈജാന്‍: സംവാദമാണ് പുരോഗതിയുടെ താക്കോല്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  മൂന്നു ദിവസം നീണ്ട ജോര്‍ജിയ- അസൈര്‍ബൈജാന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായിരുന്നു പാപ്പ ഇവിടെയെത്തിയത്. പ്രസിഡന്റ് ഇല്‍ഹാം അലീവ് പാപ്പയെ സ്വീകരിച്ചു.

കൂടുതലായും ഷിയ മുസ്ലീം ജനങ്ങളാണ് രാജ്യത്തുള്ളത്. ഇരുപത്തിയഞ്ച് വര്‍ഷക്കാലത്തോളം സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നു. ഗവണ്‍മെന്റ് അധികാരികള്‍, ഭരണകര്‍ത്താക്കള്‍ എന്നിവരുമായും പാപ്പ കണ്ടുമുട്ടി.

സഹകരണം, സമാധാനം, സമൃദ്ധി എന്നിവ മുറുകെപിടിച്ചുകൊണ്ട് സാംസ്‌കാരികവും മതപരവുമായ വ്യക്തിത്വം പോഷിപ്പിക്കാന്‍ കഴിയുന്നത് മറ്റുള്ളവരുടെ അവകാശങ്ങളും വ്യക്തിത്വവും നിഷേധിക്കാതിരിക്കുമ്പോഴാണെന്ന് പാപ്പ പറഞ്ഞു. സോവിയറ്റ് യൂണിയന്‍ രാജ്യത്തെ നിരവധി മോസ്‌ക്കുകളും പള്ളികളും സിനഗോഗുകളും നശിപ്പിക്കുകയോ അടച്ചൂപൂട്ടുകയോ ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

അര്‍മേനിയയും അസൈര്‍ബൈജാനും തമ്മില്‍ അസൈര്‍ബൈജാന്റെ ഭാഗമായ പ്രവിശ്യയ്ക്കുവേണ്ടി 1988 മുതല്‍ അപ്രഖ്യാപിത യുദ്ധത്തിലായിരുന്നു. ഇതില്‍ മുപ്പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും അവിടം വിട്ടുപോകുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. സംഘര്‍ഷം പരിഹരിക്കണമെങ്കില്‍ അന്തര്‍ദ്ദേശീയ നിയമം അനുസരിക്കണമെന്നും എന്നാല്‍ അര്‍മേനിയ നിയമത്തില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും അലീവ് പാപ്പയോട് പറഞ്ഞു.

പ്രശ്‌നബാധിതമായ ഈ പ്രദേശം സന്ദര്‍ശിക്കാന്‍ വത്തിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഏപ്രില്‍ മാസത്തില്‍ ഉണ്ടായ കലാപത്തെതുടര്‍ന്ന് അതൊഴിവാക്കുകയായിരുന്നു. ജൂണില്‍ പാപ്പ അര്‍മേനിയ സന്ദര്‍ശിച്ചിരുന്നു.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ലോകത്ത് പലപ്പോഴും അസഹിഷ്ണുതയുടെ പേരില്‍ സംഘര്‍ഷങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നു. ദുര്‍ബലരുടെ അവകാശങ്ങളെയാണ് ഇവ നിഷേധിക്കുന്നത്. പാപ്പ പറഞ്ഞു. സംവാദത്തിനു വേണ്ടിയുള്ള സന്നദ്ധതയാണ് പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ഏക മാര്‍ഗ്ഗം. അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

You must be logged in to post a comment Login