സക്രാരിയുടെ കര്‍ട്ടന്‍: ദൈവദാസി മരിയ സെലിന്‍ കണ്ണനായിക്കല്‍

സക്രാരിയുടെ കര്‍ട്ടന്‍: ദൈവദാസി മരിയ സെലിന്‍ കണ്ണനായിക്കല്‍

ഒരു സക്രാരിയാകാനുള്ള യോഗ്യത എനിക്കില്ല. ഈശോനാഥന്റെ നിരന്തര സാന്നിധ്യം വിളിച്ചോതുന്ന സക്രാരിയുടെ കര്‍ട്ടന്‍ എങ്കിലും ആകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ദൈവദാസി സിസ്‌ററര്‍ മരിയ സെലിന്‍ കണ്ണനായിക്കല്‍.

sr.-celine-photo-e1421744941801ദൈവപുത്രന്റെ അമ്മയാകാനുള്ള യോഗ്യത തനിക്കില്ലാത്തതുകൊണ്ട് അവന്റെ അമ്മയാകാന്‍ ദൈവം തിരഞ്ഞെടുക്കുന്നവളുടെ ദാസിയെങ്കിലും ആയാല്‍ മതിയെന്ന് ആഗ്രഹിച്ച നസ്രത്തിലെ ആ കന്യകയില്‍ നിന്ന് കണക്കാക്കാനാവാത്തവിധത്തിലുള്ള ദൂരമില്ലെന്ന് തോന്നുന്നു ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായിക്കലിന്റെ വിശുദ്ധ ജീവിതത്തിലേക്കും. ദിവ്യനാഥനെ ഉള്ളടക്കിയിരിക്കുന്ന സക്രാരിയാകാനുള്ള യോഗ്യതയില്ലെങ്കിലും ആ സക്രാരിയുടെ കര്‍ട്ടന്‍ ആയിത്തീരാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നുളള അവളുടെ ആഗ്രഹത്തെ അപഗ്രഥിക്കുമ്പോള്‍ മനസ്സിലാവുന്നത് അതാണ്. വലിയ കാര്യങ്ങള്‍ ചെയ്‌തോ സുവിശേഷവല്ക്കരണത്തിന്റെ പൊന്‍നാണയങ്ങള്‍ വാരിവിതറി ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചോ ദീര്‍ഘനേരം വചനം പ്രസംഗിച്ചോ ഒന്നും ചെയ്യാതെ ജീവിതം കൊണ്ട് പ്രാര്‍ത്ഥന കൊണ്ട് ക്രിസ്തുവിനെ കാണിച്ചുകൊടുത്ത് ഒരു പുഴ കടന്നുകയറുന്നതുപോലെ അവള്‍ പോയി.. തീരെ ചെറുപ്പത്തില്‍.. അതും ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്ന കന്യാസ്ത്രീപദവിയില്‍ ദിവസങ്ങള്‍ മാത്രം ജീവിക്കാന്‍ സാധിച്ചുകൊണ്ട്..

 
എത്രകാലം ജീവിച്ചിരുന്നുവെന്നോ എത്ര അത്ഭുതങ്ങള്‍ ചെയ്തു എന്നതോ അല്ല ഒരാളുടെയും ജീവിതത്തെ ദൈവം മാനിക്കാന്‍ തക്ക കാരണമായിത്തീരുന്നത്. കൂരിരുള്‍ നിറഞ്ഞ വഴിയിലൂടെ നടന്നുപോകുന്ന ഒരു കാല്‍നടയാത്രക്കാരന് ഒരു മിന്നലൊളിവെട്ടം മതി കാഴ്ചകള്‍ വ്യക്തമാകാന്‍. അത്രയുമേയുള്ളു ആ അഗ്നിസ്ഫുലിംഗത്തിന്റെ ആയുസ്. എന്നിട്ടും കര്‍ത്തവ്യം നിര്‍വഹിച്ച സംതൃപ്തിയില്‍ അത് എരിഞ്ഞുതീരുന്നു. ഇതുതന്നെയാണ് സിസ്റ്റര്‍ മരിയ സെലിന്റെ ജീവിതത്തിന്റെ പ്രത്യേകതയും.

 
ദു:ഖസാഗരത്തിലൂടെ നീന്തിനീന്തി ഈശോനാഥന്റെ ഹൃദയമാകുന്ന സ്‌നേഹസാഗരത്തില്‍ എത്തിച്ചേരുമ്പോള്‍ അവള്‍ക്ക് വെറും ഇരുപത്തിയാറ് വയസ് പ്രായമേ ഉണ്ടായിരുന്നുളളൂ. അതൊടൊപ്പം വ്രതവാഗ്ദാനത്തിന്റെ മുപ്പത്തിയഞ്ചാം ദിവസമായിരുന്നു 1957 ജൂലൈ 25 ന് അവള്‍ നിത്യസമ്മാത്തിനായി യാത്രയായത് എന്ന പ്രത്യേകതയുമുണ്ട്. നമ്മുടെ സ്വന്തം അല്‍ഫോന്‍സാമ്മയെക്കാള്‍ ഹ്രസ്വമായ ജീവിതം കൊണ്ടും അന്നക്കുട്ടി കടന്നുപോയതിനെക്കാളേറെ പരിത്യക്തകളും തിരസ്‌ക്കരണങ്ങളും വേദനകളും പൈശാചിക പീഡകളും ഏറ്റുവാങ്ങിയജീവിതമായിരുന്നു സിസ്റ്റര്‍ സെലിന്റേത്. എന്നിട്ടും കുരിശിനോട് താദാത്മ്യപ്പെട്ടുകൊണ്ട് സഹനങ്ങളെ നിവേദ്യം പോലെ അവള്‍ ഇരുകൈകളിലും ഏറ്റുവാങ്ങുകയായിരുന്നു.

 
തൃശൂര്‍ രൂപതയിലെ കുണ്ടന്നൂരില്‍ കണ്ണനായ്ക്കല്‍ ഫ്രാന്‍സിസിന്റെയും ഫിലോമിനയുടെയും രണ്ടാമത്തെ സന്താനമായി 1931 ഫെബ്രുവരി 13 ന് ആയിരുന്നു സെലിന്റെ ജനനം. ഇടത്തരം കാര്‍ഷികകുടുംബം. ജീവിതസാഹചര്യങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വഴിമാറിയപ്പോള്‍ മക്കളുടെ വിദ്യാഭ്യാസം പോലും നേരാം വണ്ണം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ ഫ്രാന്‍സിസ് വിഷമിച്ചുനിന്ന സാഹചര്യത്തിലാണ് ഭാര്യവീട്ടുകാര്‍ സഹായഹസ്തം നീട്ടിയത്. ആ കൈകളില്‍ പിടിച്ച് സെലിന്‍ തുടര്‍ വിദ്യാഭ്യാസം നടത്തി. പഠനത്തില്‍ മിടുക്കിയായ മകളുടെ പേരില്‍ നിസ്സഹായരായ ആ മാതാപിതാക്കള്‍ ഏറെ സ്വപ്നം കണ്ടു. മകള്‍ക്കൊരു ജോലി ലഭിച്ചാല്‍ കുടുംബത്തിലെ ദാരിദ്ര്യം തീരും. ഇളയമക്കളുടെ കാര്യം അവള്‍ നോക്കിക്കോളുമെന്നും അവര്‍ പ്രതീക്ഷ കെട്ടി. പക്ഷേ അധ്യാപികയായിത്തീര്‍ന്ന മകള്‍ തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ നടുങ്ങിനില്ക്കാനേ അവര്‍ക്കായുളളൂ. ഒരു കന്യാസ്ത്രീയായിത്തീരുക എന്നതില്‍ കവിഞ്ഞൊന്നും ആയിരുന്നില്ല അത്. ചെറുപ്പം മുതല്‍ അവള്‍ ആഗ്രഹിച്ചിരുന്നതും അതു മാത്രമായിരുന്നു. മകളുടെ ആഗ്രഹത്തെ ദൈവത്തിന്റെ പദ്ധതിയും സ്വപ്നവുമായി കാണാന്‍ കഴിയുന്ന സ്വര്‍ഗ്ഗീയ ജ്ഞാനം ഫിലോമിനയ്ക്കും ഫ്രാന്‍സിസിനുമുണ്ടായിരുന്നു. അങ്ങനെയാണ് ഉര്‍സൂലൈന്‍ സന്യാസസഭയുടെ വാതിലുകള്‍ അവള്‍ക്കായി തുറന്നു കിട്ടിയത്. അത്തരമൊരു പ്രവേശനത്തിന് മുമ്പ് വിവാഹജീവിതത്തിലേക്കുള്ള പ്രണയപൂര്‍വ്വമായ ക്ഷണവുമായി ഒരുപിടി ചെറുപ്പക്കാര്‍ സെലീനയുടെ വഴികളില്‍ കാത്തുനില്ക്കുകയും ചെയ്തിരുന്നു. അവയെല്ലാം തൃണവല്‍ഗണിച്ചാണ് കര്‍ത്താവിന്റെ മണവാട്ടിയാകാനുള്ള ആഗ്രഹവും ലക്ഷ്യവുമായി സെലീന ഉര്‍സുലൈന്‍ സഭയുടെ ഇന്ത്യയിലെ മാതൃഭവനമായ കണ്ണൂരിലെത്തിയത്.

 
1954 ഡിസംബര്‍ 25 ന് സഭാവസ്ത്രം സ്വീകരിച്ച് സെലീന നൊവിഷ്യേറ്റിലേക്ക് പ്രവേശിച്ചു. എന്നാല്‍ അവള്‍ക്ക് സന്യാസിനിയായിത്തീരുക എന്നത് അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. സാത്താനില്‍ നിന്നുള്ള ആത്മീയവും മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ പരമ്പരകള്‍ തന്നെയായിരുന്നു സെലീനയ്ക്ക് അനുഭവിക്കേണ്ടിവന്നത്. മുടി മുറിച്ചുകളയുക, ഉറങ്ങിക്കിടക്കുമ്പോള്‍ ദേഹത്ത് തണുത്ത വെള്ളം കോരിയൊഴിക്കുക. പ്രാര്‍ത്ഥനാപ്പുസ്തകം, വസ്ത്രങ്ങള്‍ എന്നിവ അപ്രത്യക്ഷമാക്കിക്കളയുക തുടങ്ങിയവ അവയില്‍ ചിലത് മാത്രമായിരുന്നു. പകല്‍ അധ്യാപനജോലി കഴിഞ്ഞുവരുന്ന സിസ്റ്റര്‍ സെലീനയ്ക്ക് രാത്രികളില്‍ കഠിനമായ പൈശാചിക പീഡകള്‍ അനുഭവിക്കേണ്ടതായി വന്നു. സഹസന്യാസിനിമാര്‍ക്ക് പലപ്പോഴും ഇവയൊന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയതുകൊണ്ട് തെറ്റിദ്ധാരണകളും തിരസ്‌ക്കരണങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നിട്ടുമുണ്ട്. എന്നാല്‍ അവയ്ക്ക് മുമ്പിലൊന്നും പരാതിപ്പെടുവാന്‍ സെലീനയിലെ വിശുദ്ധിക്ക് കഴിഞ്ഞിരുന്നില്ല. സന്യാസപരിശീലനം പൂര്‍ത്തിയാകും തോറും സാത്താന്റെ പരീക്ഷണങ്ങള്‍ വര്‍ദ്ധിച്ചുവന്നു. തലമുടി കത്തിക്കുക, കട്ടിലിനടിയില്‍ തീ കൂട്ടുക, മുറിയുടെ വാതിലുകള്‍ പുറത്തുനിന്ന് പൂട്ടിയിടുക, മുറിക്കുള്ളിലേക്ക് കല്ലും മണ്ണും മാലിന്യങ്ങളും വലിച്ചെറിയുക…. പിശാചിന്റെ രൂപത്തില്‍ മാത്രമല്ല വഴിതെറ്റിക്കാനായി പ്രിയ വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപത്തില്‍ പോലും വന്ന് സാത്താന്‍ സെലീനയെ പരീക്ഷിച്ചിട്ടുണ്ട്. സെലിനയെ എങ്ങനെയെങ്കിലും മഠത്തില്‍ നിന്ന് പുറത്തുചാടിക്കുക എന്നത് മാത്രമായിരുന്നു സാത്താന്റെ ലക്ഷ്യം. സാത്താന്‍ സെലീനയെ ലക്ഷ്യം വച്ചിട്ടുണ്ട് എന്ന തിരിച്ചറിഞ്ഞ മദര്‍ സ്റ്റെഫാനിയ സെലിനയെ രക്ഷിക്കാനായി വിശുദ്ധ ജലം, ക്രൂശുരൂപം, മാതൃരൂപം, ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന എന്നിവയുടെ സഹായം തേടി. ഈ പൈശാചിക ആക്രമണങ്ങള്‍ പക്ഷേ പ്രതികൂലമായ പ്രതികരണമാണ് സെലീനയില്‍ ഉണ്ടാക്കിയത്. സാത്താന്‍ അവളില്‍ നിന്ന് എന്തു പ്രതീക്ഷിച്ചോ അത് കിട്ടിയില്ലെന്ന് മാത്രമല്ല അവള്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ആഴപ്പെടുകയും ദൈവത്തോട് കൂടുതല്‍ അടുക്കുകയും ചെയ്തു. നിരവധിയായ ദര്‍ശനങ്ങളും ഇക്കാലയളവില്‍ അവള്‍ക്ക് ലഭിക്കുകയുണ്ടായിട്ടുണ്ട്. ചാട്ടവാറടിയേറ്റ് പുളയുന്ന ഈശോയെ പല ദര്‍ശനങ്ങളിലും സെലീനയ്ക്ക് കാണാന്‍ സാധിച്ചിരുന്നു.
എന്നാല്‍ ഇത്തരം പരീക്ഷണങ്ങളെക്കാള്‍ ഭീകരമായിരുന്നു വ്രതവാഗ്ദാനം വിലക്കിയിരിക്കുന്നതായി അറിയിച്ചുകൊണ്ട് മദര്‍ ജനറലിന്റെ കത്ത് മദര്‍ സ്റ്റെഫാനിയയ്ക്ക് ലഭിച്ചത്. 1957 ജൂണ്‍ 20 നായിരുന്നു മറ്റ് ആറ് നോവിസുമാര്‍ക്കൊപ്പം സെലീനയുടെയും വ്രതവാഗ്ദാനം നിശ്ചയിച്ചിരുന്നത്. 18 നായിരുന്നു മദര്‍ ജനറലിന്റെ കത്ത് കിട്ടിയത്. മദര്‍ സ്റ്റെഫാനിയയെ സംബന്ധിച്ച് അത് വല്ലാത്തൊരു നിമിഷം തന്നെയായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞ വേളയില്‍ ഒരു നോവിസിനോട് എങ്ങനെയാണ് നിന്റെ മാത്രം വ്രതവാഗ്ദാനം വിലക്കിയിരിക്കുന്നു എന്ന് അറിയിക്കുന്നത്? ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കാനെത്തിയ ബിഷപ് പത്രോണിയോട് ഇക്കാര്യം സ്റ്റെഫാനിയ അറിയിച്ചപ്പോള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പത്രോണി പിതാവ് ഒരു തീരുമാനമെടുക്കുകയായിരുന്നു. സെലീന വ്രതവാഗ്ദാനം നടത്തട്ടെ. കാരണം അവളുടെ ഹൃദയത്തില്‍ സഭാസ്ഥാപകയായ ബ്രിജിദ മൊറാല്ലെയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അറിയാതെയാണ് സെലീന വ്രതവാഗ്ദാനത്തിനായി ചടങ്ങിനെത്തിയത് എന്നതാണ് അതിലേറെ കൗതുകകരം.

 

കുര്‍ബാന സ്വീകരണസമയത്ത് സെലീനയുടെ ജീവിതത്തില്‍ ഏററവും വലിയ അത്ഭുതം നടന്നു. ഈശോ അവള്‍ക്ക് മുമ്പില്‍. മെത്രാനച്ചല്ല ക്രിസ്തുവാണ് മുമ്പില്‍. തൂവെള്ള വസ്ത്രധാരിയായി. അവിടെ വച്ച് ക്രിസ്തു അവളോട് പറഞ്ഞു. ഇനി നിന്നെ സാത്താന്‍ ശല്യപ്പെടുത്തുകയില്ല. ..ഇനി ഞാന്‍ വരുന്നത് നിന്നെ കൂട്ടിക്കൊണ്ടുപോകാനായിരിക്കും. സ്വര്‍ഗ്ഗം താണിറങ്ങിവരുന്നതുപോലെ അവള്‍ക്കപ്പോള്‍ തോന്നി. താന്‍ മരണത്തിന് അടുത്തെത്തിയിരിക്കുന്നതായി അവള്‍ക്ക് മാത്രം മനസ്സിലായി. പക്ഷേ അരോഗദൃഢഗാത്രയായ സിസ്‌ററര്‍ സെലിന്‍ ഉടനടി മരിക്കുമെന്ന് ആരും കരുതിയില്ല. അന്ന് തുടങ്ങി സെലീന ഛര്‍ദ്ദി ആരംഭിച്ചു. ഡോക്ടറെ കാണിച്ചുവെങ്കിലും ഭയപ്പെടാനില്ല എന്നായിരുന്നു മറുപടി. പനിയും ജലദോഷും ചുമയും ഛര്‍ദ്ദിയും മാറിമാറി വന്നുകൊണ്ടിരുന്നു. എന്നിട്ടും അതൊന്നും ഗൗനിക്കാതെ സിസ്റ്റര്‍ അധ്യാപനത്തിന് പോയി. ഒന്നാംക്ലാസിലെ കുട്ടികളല്ലേ ഞാന്‍ ചെന്നില്ലെങ്കില്‍ അവര്‍ മഴയത്തിറങ്ങി കളിക്കും. അവര്‍ക്ക് അസുഖം പിടിക്കും. ഞാന്‍ ബോര്‍ഡിലെഴുതിയിട്ടിട്ട് വിശ്രമിച്ചോളാം..അതായിരുന്നു സെലിന്‍ സിസ്റ്ററുടെ ന്യായം.

 
ജ്വരക്കിടക്കയില്‍ കഴിച്ചുകൂട്ടിയ ദിവസത്തിന്റെ പിറ്റേന്ന് സഹസന്യാസിനി ബെഡ്‌കോഫിയുമായി സെലിന്റെ അടുത്തെത്തിയപ്പോള്‍ സെലിന്‍ രോഗത്തിന്റെ അങ്ങേയറ്റത്തായിരുന്നു. ഈശോ ശരി ഈശോ എന്ന് മാത്രമായിരുന്നു അവളപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്. സിസ്റ്ററെ വേഗം ആശുപത്രിയിലെത്തിച്ചു. രോഗീലേപനം നല്കി. സിസ്റ്റര്‍ ചുറ്റിനും നോക്കി. പ്രിയമുള്ളവര്‍ എല്ലാവരും ചുറ്റിനുമുണ്ട്. സെലിന്‍ നോക്കിനില്‌ക്കെ പ്രിയ വിശുദ്ധരും പരിശുദ്ധ കന്യാമറിയവും അവളുടെ അരികിലെത്തി. സ്വര്‍ഗ്ഗം തുറക്കപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. 1957 ജൂലൈ 25 ആയിരുന്നു ആ ദിനം. ഇന്ത്യയിലെ ആദ്യ ഉര്‍സുലൈന്‍ സന്യാസിനി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ,സെലിന്റെ മരണശേഷം അവളുടെ മാധ്യസ്ഥതയില്‍ നിരവധിയായ അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ജൂലൈ 29 ന് സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിനെ ദൈവദാസിയായി പ്രഖ്യാപിച്ചു.

 
ദൈവത്തിന് ഓരോരുത്തരെയും മഹത്വപ്പെടുത്താന്‍ ദൈവത്തിന്റേതായ സമയമുണ്ട്. തീരുമാനങ്ങളുമുണ്ട്. ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്‍ ലോകത്തിന് മുഴുവന്‍ മുമ്പിലായി മഹത്വപ്പെടുത്തുവാനായി ദൈവം എപ്പോഴേ ഒരു സമയം നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. കര്‍ത്താവിന്റെ ഒരു ദിവസം ആയിരം ദിവസം പോലെയും ആയിരം ദിവസം ഒരു ദിവസം പോലെയും ആയതുകൊണ്ട് നമുക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നേയുള്ളൂ. അതുകൊണ്ട് നമുക്ക് അതുവരേയ്ക്കുമായി പ്രാര്‍ത്ഥനകളുമായി കാത്തിരിക്കാം. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹത്തിന്റെ പുഷ്പങ്ങള്‍ വര്‍ഷിക്കുമെന്ന് വാക്കുനല്കിയ കൊച്ചുത്രേസ്യയെപ്പോലെ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളിലെ മുറിവുകള്‍ സുഖപ്പെടുത്തുവാനും നയനങ്ങളിലെ കണ്ണുനീര്‍ തുടച്ചുനീക്കാനും ഈശോയോട് പറയുമെന്ന സെലിന്റെ വാഗ്ദാനം നമുക്ക് അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനാനിയോഗങ്ങളും ആവശ്യങ്ങളും അവള്‍ വഴിയായി ഈശോയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യാം.

 

ദൈവദാസി സിസ്റ്റര്‍ സെലിനേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ..

You must be logged in to post a comment Login