സങ്കീര്‍ത്തനത്തിന്റെ ഓളങ്ങളില്‍

സങ്കീര്‍ത്തനങ്ങളുടെ മഹാബലം മനസ്സിലാക്കിയത് ഫാ. ഗീറിയോന്‍ ഗോള്‍ഡ്മാന്‍ എന്ന ജര്‍മന്‍ പുരോഹിതന്റെ The Shadow of His Wings എന്ന ആവേശോജ്ജ്വലമായ ആത്മകഥയില്‍ നിന്നാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നാസി സേനാവിഭാഗത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്ന ഫ്രാന്‍സിസ്‌കന്‍ വൈദികാര്‍ത്ഥിയായിരുന്നു, ഗോള്‍ഡ്മാന്‍. വിസ്മയങ്ങളുടെ ഘോഷയാത്രയായിരുന്നു, യുദ്ധകാലജീവിതം.

പ്രാണവായു പോലെ നെഞ്ചില്‍ സൂക്ഷിച്ച വിശ്വാസപ്രമാണങ്ങളില്‍ മുറുകെ പിടിച്ച്, ആയുധമെടുക്കാതെ റെഡ് ക്രോസ് സേവകനായും പിന്നീട് മിലിറ്ററി ചാപ്ലിനായും ഗോള്‍ഡ്മാന്‍ യുദ്ധകാലത്തെ അതിജീവിച്ചു. നാസികളുടെ മുന്നില്‍ വച്ച് ഒരു മരക്കൊമ്പില്‍ കയറി നിന്ന് തെദേവും എന്ന സ്‌തോത്രഗാനം പാടുന്ന രംഗം മറ്റനേകം ആവേശകരമായ രംഗങ്ങളില്‍ ഒന്നു മാത്രമാണ്.

യുദ്ധം കൊടുമ്പിരി കൊണ്ട ഒരു പാതിരാവാണ് മറ്റൊന്ന്. വനത്തിലെ ഒളിത്താവളങ്ങളില്‍ ഒറ്റപ്പെട്ടു പോയ നാസി സംഘത്തിലായിരുന്നു, ഗോള്‍ഡ്മാന്‍. ഒരു കുന്നിന്‍ ചരിവില്‍. മുകളില്‍ ശക്തരും ആയുധധാരികളുമായ ഫ്രഞ്ച് സൈന്യം. അവിടെ നിന്ന് തുരതുരാ വെടികള്‍ ഉതിരുന്നുണ്ട്. കൂടെയുളളവര്‍ ഓരോന്നായി മരിച്ചു വീഴുന്നു. തനിക്ക് ഒരു ദൗത്യം നിറവേറ്റാനുണ്ടെന്നു ബോധ്യമുണ്ടായിരുന്ന ഗോള്‍ഡ്മാന്‍ ധൈര്യം സംഭരിച്ച് എഴുന്നേറ്റ്, പോക്കറ്റില്‍ ചുരുട്ടി വച്ചിരുന്ന റെഡ് ക്രോസ് കൊടി വീശിക്കൊണ്ട് രണഭൂമിയിലൂടെ മുന്നോട്ട’് നീങ്ങി. ഇരുള്‍. ചീറിപ്പായുന്ന വെടിയുണ്ടകള്‍. മുകളില്‍ ഫ്രഞ്ച് പടയുടെ കഴുകന്‍ കണ്ണുകള്‍. തിരിഞ്ഞോടിയാല്‍ മരണം ഉറപ്പ്. ഏതു നിമിഷവും ഒരു വെടിയുണ്ടയില്‍ ജീവിതം ഒടുങ്ങിയേക്കാം എന്ന ഭയം ഗോള്‍ഡ്മാന്റെ നെഞ്ചില്‍ പടര്‍ന്നു…

അപ്പോള്‍ ആരോ ചൊല്ലിക്കൊടുത്തതു പോലെ ഒരു സങ്കീര്‍ത്തനത്തിന്റെ വരികള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു. അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുവനും കര്‍ത്താവിന്റെ സംരക്ഷണത്തില്‍ കഴിയുന്നവനും കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും… 91 ാം സങ്കീര്‍ത്തനം. വാക്കുകള്‍ മാലാഖമാരുടെ ചിറകുകളായി ആകാശങ്ങളില്‍ നിന്നു പറന്നു വന്നു. ഗോള്‍ഡ്മാന്റെ ഭയം മഞ്ഞുപോലുരുകി. യുദ്ധഭൂമിയില്‍ ആ സങ്കീര്‍ത്തനം തനിക്ക് കോട്ടയായി എന്നാണ് ഗോള്‍ഡ്മാന്‍ തന്റെ ആത്മകഥയില്‍ പറയുന്നത്. റെഡ് ക്രോസ് പതാക വീശി അയാള്‍ സുധീരം കുന്നു കയറി, ജീവിതത്തിന്റെ അതിരില്ലാത്ത വിസ്മയങ്ങളിലേക്ക്…

പതിമൂന്നു വര്‍ഷം മുമ്പാണ്. എന്റെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയുടെ തലേന്നാള്‍. ധൈര്യം തരാന്‍ കടപ്പെട്ട ബന്ധുക്കളിലൊരാള്‍ കാതിലൊരു സ്വകാര്യം പറഞ്ഞു. അത്യന്തം അപകടകരമാണ് ഈ ശസ്ത്രക്രിയ. ഒരു ചെറിയ പിഴവു മതി മരണത്തിലേക്ക് വഴുതി വീഴുവാന്‍. എത്ര പേര്‍ അങ്ങനെ മരിച്ചിരിക്കുന്നു! എല്ലാത്തിനും ഒരുങ്ങിക്കൊള്ളുക. ഭീതിയുടെ ആകാശങ്ങളിലൊരു കാര്‍മേഘം വിതച്ചയാള്‍ പോയി…

അന്നേരം, അശരണതയുടെ ഇരുള്‍ വീണ താഴ്‌വരയിലേക്ക് അരൂപിയായൊരു മാലാഖ പറന്നു വന്നു. ഒരു വാക്കിന്റെ തൂവാല കാറ്റില്‍ പറത്തിയിട്ട’ മാലാഖ മറഞ്ഞു. ഓര്‍മയില്‍ നിന്ന് സങ്കീര്‍ത്തനത്തിന്റെ മണി മുഴങ്ങി. അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുവരുടെ ബലം…

ഓരോ വാക്കും തണലായി. ഊുവടിയായി. നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണേക്കാം. നിന്റെ വലതുവശത്ത് പതിനായിരങ്ങളും… എങ്കിലും നിനക്കു ഒരനര്‍ത്ഥവും സംഭവിക്കുകയില്ല….

പിറ്റേന്ന് ഓപ്പറേഷന്‍ തീയറ്ററില്‍ ദൈവത്തിന്റെ ഇടനെഞ്ചിലേക്കാണ് മിഴിയടച്ചത്. മനസ്സിനെ അത്യുതന്റെ സംരക്ഷണത്തിന്റെ താഴ്‌വരയില്‍ മേയാന്‍ വിട്ടു. ഭീതി തൂവാല പോലെ കാറ്റില്‍ പാറിപ്പോയി… പിന്നീടെപ്പോഴോ വേദനയുടെ മഹോല്‍സവത്തിലേക്ക് ഉണരുമ്പോഴും സങ്കീര്‍ത്തനങ്ങളുടെ ഓളങ്ങള്‍ മനസ്സില്‍ ബാക്കി കിടന്നു. ഞാന്‍ ആ ഓളങ്ങളില്‍ ഒഴുകി…

ആരാണ് ഈ സങ്കീര്‍ത്തനം എഴുതിയത്?
മനുഷ്യനോ ദൈവമോ മാലാഖമാരോ?

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login