സഞ്ചാരങ്ങള്‍ക്കൊടുവില്‍- ഡോ. തോമസ് എം കോട്ടൂരിന്റെ നോവല്‍

സഞ്ചാരങ്ങള്‍ക്കൊടുവില്‍- ഡോ. തോമസ് എം കോട്ടൂരിന്റെ നോവല്‍

കാഴ്ചയുടെ അതിസൂക്ഷമ വിവരണങ്ങളും, അവയ്ക്ക് ചാരുതനല്‍കുന്ന ഭാഷാപ്രയോഗങ്ങളും, കേന്ദ്ര കഥാപാത്രത്തിന്റെ ആത്മഗതങ്ങളും കൊണ്ട് നെയ്‌തെടുത്ത സഞ്ചാരനോവലാണ് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് കോഴിക്കോട് പുറത്തിറക്കിയ ഡോ. തോമസ് കോട്ടൂരിന്റെ സഞ്ചാരങ്ങള്‍ക്കൊടുവില്‍.

കാശ്മീര്‍ ജനതയുടെ ആശങ്കയും കണ്ണുനീരും വാക്കുകള്‍കൊണ്ട് വരച്ചെടുത്ത് പത്രപ്രവര്‍ത്തന രംഗത്ത് തന്റേതായ കയ്യൊപ്പ് ചാര്‍ത്തി ന്യൂയോര്‍ക്കിലേയ്ക്ക് മടങ്ങുന്ന തോമസ് മാത്യു എന്ന പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലേല്‍പ്പിക്കപ്പെടുന്ന പുതിയ നിയോഗമായിരുന്നു നിത്യനഗരമായ റോമിലേയ്ക്ക് മടങ്ങുക എന്നത്.

ചരിത്രമുറങ്ങുന്ന റോം അയാള്‍ക്ക് രണ്ടാം ഭവനം പോലെയായിരുന്നു. പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോമിലെത്തുന്ന കഥാനായകന്‍ റോമന്‍ ചരിത്രത്തിന്റെ രാജപഥങ്ങളും ഊടുവഴികളും ചിത്രശാലകളും തിരുശേഷിപ്പുകളും ഉത്ഖനനം ചെയ്തു കണ്ടെത്തുകയാണ് നോവലില്‍. സഞ്ചാരത്തിന്റെ കൗതുകങ്ങളിലൂടെ ചരിത്രകഥകളും കലാസൃഷ്ടികളും വായനക്കാരുടെ മനസ്സിലും ആന്തരിക കാഴ്ചയുടെ ആഘോഷങ്ങളായി മാറുന്നു. പ്രണയം അന്തര്‍ധാരയായി ഒഴുകുന്ന ഈ സഞ്ചാരവിവരണത്തില്‍ അതിഭാവുകത്വങ്ങളൊന്നും കൂടാതെ തന്നെ പച്ചയായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ കോറിയിടുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ ഏകാന്തതയിലും പച്ചത്തുരുത്തുകള്‍ പോലെയുള്ള ചില ബന്ധങ്ങളുടെ ഊഷ്മളത കഥാപാത്രത്തിന്റെ ചിന്താധാരകളിലൂടെ നോവലിസ്റ്റ് പുറത്തു കൊണ്ടു വരുന്നുണ്ട്.
കാശ്മീര്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന നിസ്സാമുദ്ദീനുമായുള്ള ബന്ധം, ഫോണ്‍കോളുകളിലൂടെ വെളിവാക്കപ്പെടുന്ന മാതാപിതാക്കളുമായുള്ള ബന്ധം, ജോലിസ്ഥലത്തെ സൗഹൃദങ്ങള്‍ എന്നിങ്ങനെ ചില ഉപകഥകള്‍ കൊണ്ട് ഈ സഞ്ചാരനോവലിന് ഭംഗിയേറുന്നുണ്ട്.

മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ്, ഇറ്റാലിയന്‍ ഭക്ഷണരീതികള്‍, ടൂറിസ്റ്റ് ഗൈഡിന്റെ ചരിത്ര കലാവിവരണങ്ങള്‍, പത്രപ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറങ്ങള്‍, സഭാത്മകതയും, സഭയുടെ ആന്തരിക പ്രതിസന്ധികളും എന്നിങ്ങനെ വ്യത്യസ്തമായ ഏടുകളിലൂടെ വിവരണങ്ങളെയും കഥാഗതിയെയും ക്രമീകരിക്കുന്നതില്‍ എഴുത്തുകാരന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഒരിക്കലും പുറത്ത് പറയാതിരുന്ന കഥാനായകന്റെ ആദ്യനുരാഗം മധുരമായ ഒരു നൊമ്പരത്തോടെ മറനീക്കി പുറത്തുവരുന്നുണ്ട് നോവലില്‍. സ്വാഭാവികമായ ഒരു പരിണതിയിലൂടെ പ്രണയത്തിന്റെ മധുരക്കാറ്റ് വീണ്ടും റോമിലെ റിപ്പോര്‍ട്ടിംഗിനിടയിലൂടെ തോമസ് മാത്യുവിന്റെയും പ്രിയയുടെയും ജീവിത്തിലേയ്ക്ക് വീശുന്നു.

ഓര്‍മ്മകളില്‍ നിന്ന് പണ്ടെന്നോ കേട്ട ജിപ്‌സി പാട്ട് എത്ര നൊമ്പരമാണ് ആദ്യാനുരാഗം, അതിലും നൊമ്പരമാണ് രണ്ടാമത്തേത് കഥാനായകന്റെ മാനസികാവസ്ഥയെ വെളിവാക്കി വായനക്കാരനിലും മധുരമായ ഒരു നൊമ്പരം കൊണ്ടുവരുന്നു. ജീവിതാനുഭവങ്ങള്‍ കൊണ്ടു വന്ന പക്വത പ്രണയത്തോടുള്ള മനോഭാവത്തിലും അയാള്‍ പുലര്‍ത്തുന്നു. കഥാവസാനത്തിലേയ്‌ക്കെത്തുമ്പോള്‍ തോമസ് മാത്യുവും പ്രിയയും തമ്മിലുള്ള സംഭാഷണങ്ങള്‍ പിറന്നുവീഴുന്നതങ്ങനെയാണ്.

‘കാലം നമ്മെ എവിടെയെല്ലാം കൊണ്ടു പോകുന്നു അതിനിടയില്‍ എന്തെല്ലാം വ്യാമോഹങ്ങള്‍.’

‘സ്വപ്നങ്ങളുടെ പ്രായം കഴിഞ്ഞു പ്രിയാ, ഇതു യാഥാര്‍ത്ഥ്യങ്ങളുടെ പരുക്കന്‍ കാലം, ദൈവം നമ്മുടെ മനസ്സുകള്‍ ഒരുമിപ്പിച്ചാല്‍ നാമിനി പിരിയരുതെന്നു നിനച്ചാല്‍ നമുക്കൊരുമിക്കാം.’
‘എന്നുവെച്ചാല്‍?’
‘വരുന്നതു പോലെ ജീവിതത്തെ സ്വീകരിക്കുക. ചിയാവോ പ്രിയ…’
യാത്ര പറഞ്ഞു പോകുമ്പോള്‍ ഹൃദയം പറഞ്ഞു പോകുന്നതുപൊലെ.. പക്ഷേ പുറമേ സര്‍വ്വം ശാന്തം തന്നെയായിരുന്നു.

അധികം നാടകീയതയോ വളച്ചു കെട്ടലോ ഇല്ലാതെ നോവല്‍ പര്യവസാനിക്കുമ്പോള്‍ ലളിത സുന്ദരമായ ഒരു കഥാഖ്യാനത്തിന്റെ സുഗന്ധം വായനക്കാരുടെ മനസ്സില്‍ പടരുന്നു. കാശ്മീരിന്റെയും റോമിന്റെയും മായാത്ത ചില ചിത്രങ്ങള്‍ പിന്നെയും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. കയ്‌പ്പേറിയ ജീവിതാനുഭവങ്ങളെ ഒരെഴത്തുകരന്‍ അതിജീവിക്കുന്നത് സര്‍ഗ്ഗാത്മകതയുടെ ആഘോഷം കൊണ്ട് കൂടിയാണെന്ന് ഈ കൃതി അടിവരയിടുന്നു.

ബിജു മഠത്തിക്കുന്നേല്‍ സി. എസ്. എസ്. ആര്‍.

You must be logged in to post a comment Login