സന്യാസത്തിന്റെ പുണ്യകുസുമം – എവുപ്രാസ്യമ്മ

സന്യാസത്തിന്റെ പുണ്യകുസുമം – എവുപ്രാസ്യമ്മ

downloadകന്യകാമറിയത്തെ മാതൃകയാക്കി തന്റെ സാധാരണ ജീവിതത്തെ സന്യാസത്തിലൂടെ പ്രാര്‍ത്ഥനകൊണ്ടും പരിത്യാഗങ്ങള്‍ക്കൊണ്ടും ദൈവവുമായി ഒന്നിപ്പിച്ച എവുപ്രാസ്യമ്മ എന്ന സന്യാസിനിയുടെ ജീവിതം പ്രശംസനീയമാണ്. കൈയ്യില്‍ ചലിക്കുന്ന ജപമാലയുമായി രാത്രിയുടെ യാമങ്ങളിലും പകലിന്റെ നീണ്ട മണിക്കൂറുകളിലും അവള്‍ നടന്നു. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം അവള്‍ കേവലം ജപമാലയര്‍പ്പണത്തില്‍മാത്രം ഒതുക്കി നിര്‍ത്തിയില്ല. കൂടാതെ അമ്മയുടെ സുകൃതങ്ങളും അവള്‍ നിരന്തരം അഭ്യസിച്ചു. സന്യാസത്തില്‍ എന്നും അവള്‍ ഒരു മാതൃകാസന്യാസിനിയായിരുന്നു. സന്യാസത്തിന്റെ ബാലപാഠങ്ങള്‍ പിന്നിടുന്ന സഹോദരങ്ങളെ ഒരമ്മയെപ്പോലെ അവള്‍ സ്‌നേഹിച്ചു. പ്രാര്‍ത്ഥനയും തപസ്സുമായിരുന്നു അവളുടെ ആത്മീയയാത്രയിലെ ഊന്നുവടികള്‍.താപസ്സികതയുടെ ജിവിതശൈലി സ്വന്തമാക്കിയ അവള്‍ ഈശോയുടെ തിരുഹൃദയത്തിന്റെ മുമ്പിലും ദീര്‍ഘസമയം കൈവിരിച്ചുപിടിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു. എല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ ഫലദായകമായ പുഷ്പദലങ്ങള്‍ കര്‍ത്താവില്‍നിന്നും നേടികൊടുത്ത എവുപ്രാസ്യമ്മ ഈ നൂറ്റാണ്ടിന്റെ അനുഗ്രഹമാണ്. അവളിലെ സന്യാസചൈതന്യം ആര്‍ക്കും നിഷേധിക്കാനായില്ല. അതു ചുറ്റും പ്രകാശം പരത്തികൊണ്ടേയിരുന്നു. സഹനത്തിനുള്ള വലിയ ആഗ്രഹം കണ്ടവനായ ദൈവം സഹനത്തിന്റെ പാതയില്‍കൂടിയാണ് ആദ്യന്തം അവളെ കൈപിടിച്ചു നടത്തിയത്.

എവുപ്രാസ്യമ്മയുടെ ഹൃദയം താഴ്മയുടെ നീര്‍ച്ചാലായിരുന്നു. താഴ്മയുടെ പുണ്യതീര്‍ത്ഥം അനസ്യൂതം അവളില്‍നിന്ന് ഒഴുകിയിരുന്നു. പണത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത് എന്നാണ് എവുപ്രാസ്യമ്മ സഹസന്യാസിനികളെ ഉപദേശിച്ചിരുന്നത്. പ്രാര്‍ത്ഥനയെന്ന അച്ചുതണ്ടിലായിരുന്നു അവളുടെ ജീവിതം കറങ്ങികൊണ്ടിരുന്നത്. അവളുടെ പ്രധാനഭക്ഷണം പ്രാര്‍ത്ഥനതന്നെയായിരുന്നു. ദൈവം
കഴിഞ്ഞാല്‍ തന്റെ ഏകശരണവും ആശ്വാസവും പരിശുദ്ധ അമ്മയാകുന്നു എന്നു തിരിച്ചറിഞ്ഞ എവുപ്രാസ്യമ്മ നീണ്ട മണിക്കൂറുകള്‍ ജപമാലപ്രാര്‍ത്ഥനയില്‍ മുഴുകി. എഴുപത്തിയഞ്ചു വര്‍ഷം നീണ്ടുനിന്ന ആ ജീവിതം നിത്യഗേഹത്തിലിരുന്നു ഇപ്പോള്‍ എല്ലാവര്‍ക്കുമായി മാധ്യസ്ഥം വഹിക്കുകയാണ്. വീണ്ടും അവളുടെ കൈകളിലെ ജപമണികള്‍ ചലിച്ചുതുടങ്ങുന്നു. മരിച്ചാലും മറക്കാത്തവളായി കാലത്തെയും അതിജീവിച്ചു അള്‍ത്താരവണക്കത്തിനായി ഈ സന്യാസിനി എന്നന്നേകക്കുമായി പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.
ആത്മനിയന്ത്രണത്തിലൂടെ ആധ്യാത്മികാഭ്യാസത്തിലൂടെ ലോകാരൂപിയുടെ വക്രതകളെ തച്ചുടച്ച താപസകന്യകയായ ഏവുപ്രാസ്യമ്മയുടെ മാതൃകാ വിശുദ്ധമായ ഒരു സന്യാസജീവിതം നയിക്കാന്‍ നമ്മെ സഹായിക്കും. സ്‌നേഹം തന്റെ ജീവിതത്തിന്റെ ആധാരവും അടിസ്ഥാനവും ജീവിതത്തിന്റെ താളവും ലയവുമാക്കി മാറ്റിയവളായിരുന്നു എവുപ്രാസ്യമ്മ. ക്രിസ്തുസ്‌നേഹത്താല്‍ പ്രകാശിതയായി ആ ധീരകന്യക സ്വയം ചെറുതായി മറ്റുള്ളവരെ പ്രകാശപൂര്‍ണ്ണമാക്കിയിരുന്നു. എവുപ്രാസ്യമ്മയുടെ ജീവചരിത്രത്തിലൂടെ
കണ്ണോടിക്കുമ്പോള്‍ ദൈവത്തെ സ്വന്തമാക്കാനും ദൈവത്തിന്റെ സ്വന്തമാകാനുംവേണ്ടി ആ കന്യക അനുഷ്ടിച്ച വലിയ ത്യാഗങ്ങള്‍ നമുക്കു മനസ്സിലാകും. ഇന്നിതാ ആ പുണ്യസൂനം സ്വര്‍ഗ്ഗത്തില്‍ വിശുദ്ധിയുടെ ഉന്നതസോപാനത്തില്‍ വിരാജിക്കുന്നു.

 

ലിബിന്‍ ഒ.ഐ.സി
ബഥനി ആശ്രമം

You must be logged in to post a comment Login