സഭകള്‍ തമ്മിലുള്ള ഐക്യമില്ലായ്മ കരുണയെ ദുര്‍ബലമാക്കുന്നു: ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി

സഭകള്‍ തമ്മിലുള്ള ഐക്യമില്ലായ്മ കരുണയെ ദുര്‍ബലമാക്കുന്നു: ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി

അസ്സീസി: ഒരു സഭ മറ്റൊരു സഭയുമായി അനുരഞ്ജനത്തിലാകാത്തതും സഭകള്‍ തമ്മിലുള്ള ഐക്യമില്ലായ്മയും കരുണയുടെ അനുഭവത്തെ ദുര്‍ബലമാക്കുന്നുവെന്ന് ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്  ജസ്റ്റിന്‍ വെല്‍ബി. നാം മറ്റൊരാളുമായി അനുരഞ്ജനത്തിലാകുന്നില്ലെങ്കില്‍ നമ്മുടെ ആരാധനകള്‍ മന്ദീഭവിക്കുകയും ദൈവവുമായുള്ള നമ്മുടെ ബന്ധം വളരാനുള്ള കഴിവുകളെ കുറയ്ക്കുകയും ചെയ്യും. അസ്സീസിയില്‍ നടന്ന എക്യുമെനിസത്തെക്കുറിച്ചുളള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്യുമെനിസത്തിന്റെ പരാജയം കരുണയെ തടവിലാക്കുകയും അതിന്റെ വിമോചനത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. സ്‌നേഹം, ഉപവി, കരുണ എന്നിവ എങ്ങനെയാണ് ക്രൈസ്തവവിഭാഗങ്ങളെ തമ്മില്‍ ഐക്യത്തിലും സമാധാനത്തിലും ആകുവാന്‍ സഹായിക്കുന്നത് എന്നതിനെക്കുറിച്ച് ആര്‍ച്ച് ബിഷപ് വിശദീകരിച്ചു.

അനുരഞ്ജനത്തിന്റെ എഞ്ചിനാണ് കരുണ. നാം ജീവിക്കുന്ന ലോകത്തെ സുവിശേഷവല്ക്കരിക്കാനുള്ള നമ്മുടെ കഴിവിന്റെ ഉറവിടവും കരുണയാണ്. സഹനവും രക്തസാക്ഷിത്വവും ക്രൈസ്തവരെ ഒന്നിപ്പിക്കുന്ന എക്യുമെനിസത്തിനായുള്ള ദൃശ്യമായ അടയാളങ്ങളാണ്.

നാം ഒരുമിച്ച് സഹിക്കുന്നില്ല എങ്കില്‍ നമുക്ക് കരുണയുടെ എക്യുമെനിസത്തിന്റെ അര്‍ത്ഥം അറിയില്ല. അവര്‍ നമ്മെ കൊല്ലുന്നത് ആംഗ്ലിക്കനെന്നോ പ്രിസ്ബിറ്റേറിയന്‍ എന്നോ കത്തോലിക്കന്‍ എന്നോ ഓര്‍ത്തഡോക്‌സ് എന്നോ നോക്കിയിട്ടല്ല. നാം ക്രൈസ്തവരാണ് എന്നതിന്റെ പേരിലാണ്. അവര്‍ക്ക് നമ്മള്‍ ക്രിസ്തുവില്‍ ഒന്നായവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് നാം വിഘടിച്ചുനില്ക്കുന്നത്?

സുവിശേഷവല്‍ക്കരണം  ആശ്രയിച്ചുനില്ക്കുന്നതിനുള്ള രണ്ട് ദൃശ്യഅടയാളങ്ങളാണ് സ്‌നേഹവും ഐക്യവും. ഫ്രാന്‍സിസ് മാര്‍പാപ്പ അസ്സീസിയില്‍ എത്തിച്ചേരുന്നതിന് മുമ്പായിരുന്നു കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ ഈ പ്രഭാഷണം.

You must be logged in to post a comment Login