സഭയിലെ എല്ലാ ശുശ്രൂഷകരും ദൈവതിരുമുമ്പില്‍ തുല്യരാണ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സഭയിലെ എല്ലാ ശുശ്രൂഷകരും ദൈവതിരുമുമ്പില്‍ തുല്യരാണ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സഭയിലെ എല്ലാ ശുശ്രൂഷകരും ദൈവതിരുമുമ്പില്‍ തുല്യരാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പ പേപ്പല്‍ ചാപ്ലയിനായി (മോണ്‍സിഞ്ഞോര്‍) നിയമിച്ച എറണാകുളം-അങ്കമാലി അതിരൂപത പ്രോ വികാരി ജനറാള്‍ (സിഞ്ചെല്ലൂസ്) റവ. ഡോ. ആന്റണി നരികുളത്തിനു, നിയമനപത്രികയും സ്ഥാനചിഹ്നവും കൈമാറിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം-അങ്കമാലി അതിരൂപത വലിയ കെട്ടുറപ്പിലും കൂട്ടായ്മയിലും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റവ. ഡോ. ആന്റണി നരികുളത്തിനു ലഭിച്ച മോണ്‍സിഞ്ഞോര്‍ പദവി അതിരൂപതയ്ക്കും സഭ മുഴുവനും സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഹാളില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ വത്തിക്കാനില്‍നിന്നുള്ള നിയമനപത്രിക കര്‍ദിനാള്‍ വായിച്ചു മോണ്‍. നരികുളത്തിനു കൈമാറി. സ്ഥാനചിഹ്നമായ അരപ്പട്ട കര്‍ദിനാള്‍ അണിയിച്ചു. ബിഷപ് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് അദ്ദേഹത്തെ പൊന്നാടയണിയിച്ചു.

ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ , ബിഷപ് മാര്‍ തോമസ് ചക്യത്ത്, പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, സിഎസ്ടി പ്രൊവിന്‍ഷ്യല്‍ ഫാ. സജി കണിയാങ്കല്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ശുഭ മരിയ, മത്തായി കോലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ ബസിലിക്കയില്‍ ബിഷപ് മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വചനസന്ദേശം നല്‍കി.

ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. ആന്റണി നരികുളം, മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, മംഗലപ്പുഴ സെമിനാരി റെക്ടര്‍ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ജേക്കബ് പ്രസാദ് എന്നിവര്‍ മുഖ്യ സഹകാര്‍മികരായി. അതിരൂപതയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും മോണ്‍. നരികുളത്തിന്റെ കുടുംബാംഗങ്ങളും ഇടവകാംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുത്തു.

You must be logged in to post a comment Login