സഭയ്ക്കിന്നാവശ്യം സാധാരണക്കാരായ വിശുദ്ധരെ: : ഫ്രാന്‍സിസ് പാപ്പാ

സഭയ്ക്കിന്നാവശ്യം സാധാരണക്കാരായ വിശുദ്ധരെ: : ഫ്രാന്‍സിസ് പാപ്പാ

ഓരോ ദിവസവും വിശുദ്ധിയില്‍ ജീവിക്കുന്ന, ജീവിതത്തിന്റെ സാധാരണത്വങ്ങളില്‍ പവിത്രത പാലിക്കുന്ന സാധാരണക്കാരായ വിശുദ്ധരെയാണ് സഭയ്ക്കിന്നാവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. അന്നന്നുള്ള ജീവിതത്തില്‍ വിശുദ്ധി പാലിക്കുന്നവരും രക്തസാക്ഷിത്വം വരിക്കുന്നവരുമാണ് സഭയെ ഇന്ന് മുന്നോട്ടു കൊണ്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പസ്‌തോല നടപടികളില്‍ പത്രോസ് സെന്‍ഹെദ്രീന്‍ അംഗങ്ങളുടെ മുമ്പാകെ ധീരമായി വചനം പ്രഘോഷിക്കുന്ന ഭാഗമാണ് പാപ്പാ വിചിന്തനത്തിനായി സ്വീകരിച്ചത്. യേശുവിനെ തള്ളിപ്പറഞ്ഞ പഴയ പത്രോസും ധീരോദാത്തനായ പുതിയ പത്രോസും തമ്മില്‍ വലിയ അന്തരമുണ്ട്.

നാം കേട്ടതും കണ്ടതുമായ കാര്യങ്ങളോട് നമ്മുടെ ജീവിതം സമരസപ്പെടുമ്പോഴാണ് ശരിയായ ക്രിസ്തീയ സാക്ഷ്യം ആരംഭിക്കുന്നത്. ക്രിസ്തീയ ജീവിതം ഒരു കൃപയാണ്. പരിശുദ്ധാത്മാവില്‍ ദൈവം നല്‍കുന്ന കൃപ. പരിശുദ്ധാത്മാവിനെ കൂടാതെ നമുക്ക് സാക്ഷ്യം നല്‍കാനാവില്ല – പാപ്പാ വിശദീകരിച്ചു.

ചരിത്രം വിഷമസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അവരെ രക്ഷിക്കാന്‍ വീരനായകന്‍മാര്‍ വരുമെന്ന് നാം പറയാറുണ്ട്. ഇന്ന് സഭയ്ക്കും ലോകത്തിനും ആവശ്യം വിശ്വാസത്തിന് സാക്ഷ്യം നല്‍കുന്നവരെയാണ്, രക്തസാക്ഷികളെയാണ്, പാപ്പാ പറഞ്ഞു.

ഓരോ ദിവസവും ജീവിതത്തില്‍ സാക്ഷ്യം നല്‍കുന്ന അനുദിന വിശുദ്ധരാണവര്‍. തളരാതെ, വിശ്വാസം നഷ്ടപ്പെടാതെ ജീവിക്കുന്നവര്‍. അവസാനം വരെ പിടിച്ചു നില്‍ക്കുന്നവര്‍.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login