സഭാനിയമങ്ങളുടെ പ്രയോഗത്തില്‍ മാനുഷികത ഉള്‍ക്കൊള്ളണം: മാര്‍ ആലഞ്ചേരി

സഭാനിയമങ്ങളുടെ പ്രയോഗത്തില്‍ മാനുഷികത ഉള്‍ക്കൊള്ളണം: മാര്‍ ആലഞ്ചേരി

കൊച്ചി: സഭയുടെ കാനോന്‍ നിയമം തത്വത്തിലും പ്രയോഗത്തിലും കൂടുതല്‍ മാനുഷികത ഉള്‍കൊള്ളുന്നതാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍ രചിച്ച ‘അജപാലനവും കാനോന്‍ നിയമ നിര്‍വഹണവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മാനുഷികപരിഗണനകളോടെയുള്ള നിയമങ്ങള്‍ക്കാണു പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കുക. മനുഷ്യന്‍ നിയമത്തിന് എന്നതിനേക്കാള്‍ നിയമം മനുഷ്യന് എന്ന ക്രിസ്തുവിന്റെ കാഴ്ചപ്പാട് വീണ്ടെടുക്കേണ്ട സമയമായി. നിയമം ആരെയും അകറ്റിനിര്‍ത്താനും തള്ളിക്കളയാനും വേണ്ടിയാകരുത്.കര്‍ദിനാള്‍ പറഞ്ഞു.

മനുഷ്യത്വപരമായ വ്യാഖ്യാനത്തിലൂടെ മുറിവുകള്‍ ഉണക്കുവാനും വീണ്ടെടുക്കുവാനും വേണ്ടിയുള്ളതാകണം. ലളിതമായ വ്യാഖ്യാനങ്ങളിലൂടെ സഭാനിയമം സാധാരണകാര്‍ക്കു മനസിലാക്കാനുള്ള വലിയൊരു പരിശ്രമമാണ് ഗ്രന്ഥരചനയിലൂടെ ഫാ. ജോസ് ചിറമേല്‍ നിര്‍വഹിച്ചിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഗ്രന്ഥത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

You must be logged in to post a comment Login