സഭാ പഠനങ്ങളെ ശരി വെച്ചു കൊണ്ട് സിനഡിന്റെ അന്തിമ നയരേഖ

വത്തിക്കാന്‍: വത്തിക്കാനില്‍ ഇന്നലെ സമാപിച്ച ആഗോള കുടുംബ സിനഡില്‍ സമാപനസമ്മേളനത്തോടനുബന്ധിച്ച് അന്തിമ നയരേഖയും അവതരിപ്പിച്ചു. സഭാപഠനങ്ങളെ ശരി വെച്ചുള്ളതാണ് നയരേഖ. മൂന്നില്‍ രണ്ട് അംഗങ്ങളും സ്വവര്‍ഗ്ഗവിവാഹം, പുനര്‍വിവാഹിതര്‍ക്കും വിവാഹമോചിതര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നീ വിഷയങ്ങളില്‍ സഭയുടെ മുന്‍ നിലപാടുകളെയും പഠനങ്ങളെയും അനുകൂലിച്ച് വോട്ടു ചെയ്തു.

വിവാഹമോചിതര്‍ക്കും പുനര്‍ വിവാഹിതര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സഭയുടെ മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നെന്നും അതേ സമയം ഇവരും മാമോദീസ സ്വീകരിച്ച സഭയിലെ അംഗങ്ങള്‍ തന്നെയാണെന്നും നയരേഖയില്‍ പറയുന്നു.

വിവാഹമോചിതരായവരും പുനര്‍ വിവാഹിതരായവരും ചില കാര്യങ്ങളില്‍ ആത്മ പരിശോധന നടത്തണം: തങ്ങളുടെ ദാമ്പത്യ ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നപ്പോള്‍ കുട്ടികളോടുള്ള പെരുമാറ്റം എപ്രകാരമായിരുന്നു?, പങ്കാളിയുമായി ഏതെങ്കിലും രീതിയിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയോ? ,തന്റെ പങ്കാളിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? , പുനര്‍ വിവാഹം മറ്റു കുടുംബംഗങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ടോ?, വരും തലമുറക്ക് എന്തു മാതൃകയാണ് നിങ്ങള്‍ നല്‍കിയത്? ഇക്കാര്യങ്ങള്‍ വിചിന്തനം ചെയ്യപ്പെടണം.

സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നു. അതേ സമയം സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവരെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഗണത്തില്‍ പെടുത്തുന്നില്ല. സ്വവര്‍ഗ്ഗവിവാഹം സഭാവിശ്വാസങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാണ്. ആത്മീയതയിലധിഷ്ഠിതമായ കുടുംബബന്ധങ്ങള്‍ക്കായിരിക്കണം ദമ്പതികള്‍ ഉന്നല്‍ കൊടുക്കേണ്ടത് എന്നും നയരേഖയില്‍ പറയുന്നു.

You must be logged in to post a comment Login