സഭൈക്യത്തിലേക്കു വാതില്‍ തുറന്ന് കിഴക്കേപ്പള്ളിയുടെ പുനപ്രതിഷ്ഠാകര്‍മ്മം

അങ്കമാലി: ചരിത്രമുറങ്ങുന്ന അങ്കമാലി സെന്റ് ഹോര്‍മ്മീസ് ദേവാലയം പുന:പ്രതിഷ്ഠ ചെയ്യപ്പെട്ടു. തീര്‍ത്ഥാടനമേഖലയെന്നു ഖ്യാതി നേടിയിട്ടുള്ള അങ്കമാലിയിലെ വിശ്വാസികള്‍ക്ക് ഇന്നലെ ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും ദിവസമായിരുന്നു.  സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 18 മെത്രാന്‍മാര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സംവാദത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും സഭകളുടെ ഐക്യചിന്തകളെ പ്രോത്സാഹിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഈ ഐക്യം നിലനിര്‍ത്തുകയും ചെയ്യണം. കിഴക്കേപ്പള്ളിയെ സഭകളുടെയെല്ലാം ഐക്യത്തിന്റെ കണ്ണിയായി കാണണം. ഭൂതകാലത്തിലുണ്ടായ വിഭജനത്തിന്റെ മുറിവുകള്‍ സുഖപ്പെടണം. മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ഐക്യം പ്രധാന ദൗത്യമായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ എബ്രഹാമിന്റെ കബറിടം ഉള്‍ക്കൊള്ളുന്ന പള്ളിയാണ് കിഴക്കേപ്പള്ളി എന്നറിയപ്പെടുന്ന സെന്റ് ഹോര്‍മീസ് ദേവാലയം.  32 വര്‍ഷത്തോളം കിഴക്കേപ്പള്ളി കേന്ദ്രമാക്കി മാര്‍ എബ്രഹാം മാര്‍തോമ്മാ ക്രിസത്യാനികളെ ഭരിച്ചെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ ദേവാലയത്തിന്റെ മദ്ബഹ പൊളിക്കുന്നതിനിടയിലാണ് മാര്‍ എബ്രഹാമിന്റെ കബറിടം കണ്ടെത്തിയത്. കബറിടത്തിന് 432 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മദ്ബഹയുടെ വലതുവശത്ത് എല്ലാവര്‍ക്കും കാണാനാകും വിധം കബറിടം സൂക്ഷിച്ചിട്ടുണ്ട്.

എറണാകുളംഅങ്കമാലി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സര്‍വ്വീസസിന്റെ നേതൃത്വത്തിലുള്ള കാരുണ്യ ഇന്‍ഷുറന്‍സ് ആരോഗ്യപദ്ധതിയും കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് അങ്കമാലി ബസലിക്ക നടത്തുന്ന വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. മാര്‍ എബ്രഹാമിനെക്കുറിച്ചും ദേവാലയത്തെക്കുറിച്ചുമുള്ള വിവരങ്ങളുള്‍പ്പെടുത്തി ഡോ.ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി രചന നിര്‍വ്വഹിച്ച പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

You must be logged in to post a comment Login