സഭ ഇപ്പോള്‍ പാവപ്പെട്ടവരുടെ സഭയല്ല: സിസ്റ്റര്‍ ശാലിനി മുളക്കല്‍

സഭ ഇപ്പോള്‍ പാവപ്പെട്ടവരുടെ സഭയല്ല: സിസ്റ്റര്‍ ശാലിനി മുളക്കല്‍

ന്യൂഡല്‍ഹി: കത്തോലിക്കാ സഭ ഇന്ന് പാവപ്പെട്ടവരുടെ സഭയല്ലെന്ന് ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍(ITA) പ്രസിഡന്റ് സിസ്റ്റര്‍ ശാലിനി മുളക്കല്‍. ‘പാവപ്പെട്ടവരുടെ സഭ’ എന്ന് കത്തോലിക്കാ സഭയെ ഇന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വ്യക്തിത്വം സഭക്ക് നഷ്ടപ്പെട്ടെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ സംഘടിപ്പിച്ച ഏഷ്യന്‍ തിയോളജീഷ്യന്‍ കോണ്‍ഗ്രസിന്റെ എട്ടാമതു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ശാലിനി മുളക്കല്‍.

‘സഭ ഇന്ന് പാവപ്പെട്ട ജനങ്ങളുടെ സഭയല്ല, ചില സ്ഥാപനങ്ങള്‍ ചേര്‍ന്ന കൂട്ടായ്മ മാത്രമായി സഭ മാറി. 70 കളിലും 80കളിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി സഭ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. വ്യക്തികളും സ്ഥാപനങ്ങളും ക്രിസ്തുവിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അടങ്ങാത്ത ആവേശം പ്രകടിപ്പിച്ചിരുന്നു. അരികു ജീവിതങ്ങള്‍ക്കു വേണ്ടിയും നിഷ്‌കാസിതരായവര്‍ക്കു വേണ്ടിയും അവര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്തിരുന്നു. ഇന്ന് സഭയുടെ കീഴില്‍ നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവയെല്ലാം പണം സമ്പാദിക്കാനുള്ള ഉപാധികള്‍ മാത്രമാണ്’, സിസ്റ്റര്‍ ശാലിനി പറഞ്ഞു.

തങ്ങളുടെ സമര്‍പ്പിത ജീവിതത്തോടും ദൈവവിളിയോടും സത്യസന്ധത പുലര്‍ത്തണമെന്നും സിസ്റ്റര്‍ ശാലിനി മുളക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരോട് ആവശ്യപ്പെട്ടു.

You must be logged in to post a comment Login