സമര്‍പ്പണം

സമര്‍പ്പണം

“മകളേ കണ്ണു തുറക്കൂ, നിന്നെ ഏല്‍പ്പിച്ചിരുന്ന ജോലി പൂര്‍ത്തിയായി. നിനക്ക് ഇനി മടങ്ങിവരാം. നിനക്കായ് ഞാന്‍ കരുതിവച്ചിരിക്കുന്ന സൗഭാഗ്യങ്ങളിലേയ്ക്ക്…”

ആന്‍ കണ്ണുകള്‍ വലിച്ചു തുറന്നു. സ്വപ്‌നം ആയിരുന്നുവോ. അല്ലല്ലോ താന്‍ വ്യക്തമായി കേട്ടതാണല്ലോ. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ഇതേ ശബ്ദം. ആന്‍; അല്ല സിസ്റ്റര്‍ ആന്‍ എലിസ മേരി, ചുവരിലെ ക്ലോക്കിലേക്ക് നോക്കി സമയം പുലര്‍ച്ചെ മൂന്നുമണി. കര്‍ത്താവേ എന്താ ഇതിനര്‍ത്ഥം. നെറ്റിയില്‍ കുരിശു വരച്ച് സിസ്റ്റര്‍ എലിസ ക്രൂശുരൂപത്തിന്‍ മുമ്പില്‍ മുട്ടുകുത്തി. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു രാത്രി സിസ്റ്റര്‍ എലിസയുടെ മനസിലേക്ക് കടന്നുവന്നു

ആന്‍, ബുദ്ധിയും സൗന്ദര്യവും അതിന്റെ പാരമ്യത്തില്‍ ഒത്തുചേര്‍ന്ന പെണ്‍കുട്ടി. അവള്‍ അവളുടെ ജീവിതാഭിലാഷം, അവളുടെ സ്വപ്ന ജോലി സ്വന്തമാക്കിയിരിക്കുന്നു. നാളെ മുതല്‍ രാജ്യത്തെ ഏറ്റവും മുന്തിയ കമ്പനിയില്‍ ജനറല്‍ മാനേജരായി പ്രവേശിക്കുന്നു. ആ ഓര്‍മ്മ തന്നെ ആനിനെ കോള്‍മയിര്‍ കൊള്ളിച്ചു.

“ആന്‍, കണ്‍ഗ്രാജുലേഷന്‍സ്” വീട്ടില്‍ അന്ന് വൈകുന്നേരം നടത്തിയ പാര്‍ട്ടിയില്‍എത്തിച്ചേര്‍ന്ന എല്ലാവരും ആനിനെ അനുമോദിച്ചു. പപ്പയ്ക്കായിരുന്നു ഏറ്റവും സന്തോഷം. അമ്മയില്ലാത്ത രണ്ടു പെണ്‍കുട്ടികള്‍. സമ്പത്തിന്റെ നടുക്ക് പിറന്നുവീണെങ്കിലും, അമ്മയില്ലാത്ത രണ്ടു പെണ്‍കുട്ടികളെ വളര്‍ത്താന്‍ പപ്പ നന്നേ പാടുപെട്ടിരുന്നു. ട്രീസ, മൂത്തയാള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം സന്തോഷമായി കഴിയുന്നു. ആന്‍ പപ്പയുടെ പ്രിയപ്പെട്ട മോള്‍, അവളെ ചുറ്റിപ്പറ്റി പപ്പക്ക് ഒത്തിരി ഒത്തിരി സങ്കല്‍പങ്ങള്‍ ഉണ്ട്. അവയൊക്കെ ഒന്നൊന്നായി മകള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നു. ഇനി അവളുടെ വിവാഹം. പപ്പ അന്ന് ഒരു സ്വപ്‌നലോകത്ത് ആയിരുന്നു.

”ആന്‍ എനിക്ക് നിന്നെക്കൊണ്ട് ആവശ്യം ഉണ്ട്. നിന്നെ ഒരു ജോലി ഭരമേല്‍പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

ആരാണത്., ആന്‍ കണ്ണു തുറന്നു. ‘ഓ സ്വപ്‌നം ആയിരുന്നുവോ’, ആന്‍ കിടക്കയില്‍ തിരിഞ്ഞുകിടന്നു. നിദ്രാദേവി പതുക്കെ പതുക്കെ ആനിന്റെ കണ്‍ പോളകളെ തഴുകി തലോടി.

“ആന് എനിക്ക് ദാഹിക്കുന്നു, ഒരിത്തിരി വെള്ളം തരുമോ?”

മുള്‍മുടിയും ശിരസ്സില്‍ വഹിച്ച്, ആണിപ്പാടുകള്‍ ഉള്ള കരങ്ങള്‍ നീട്ടി യേശുനാഥന്‍ മുമ്പില്‍. എന്താണിത്, ആന്‍ ചാടിയെഴുന്നേറ്റു. വീണ്ടും ഒരു സ്വപ്‌നമോ ആനിന് പിന്നീട് ഉറങ്ങാന്‍ കഴിഞ്ഞില്ല.

അന്ന് പുതിയ ഓഫീസില്‍ എല്ലാവരുടെയും മുമ്പില്‍ പുഞ്ചിരിയോടെ നില്‍ക്കുമ്പോഴും എവിടയോ എന്തോ ശൂന്യത. വീണ്ടും ഒന്ന് രണ്ടാ രാത്രികളില്‍ക്കൂടി അതേ സ്വരം. അതേ സ്വപ്നം. രാവിലെ ഓഫീസിലേയ്ക്ക് പോകാന്‍ റെഡിയായി ഇറങ്ങിയപ്പോള്‍ വെറുതെ പത്രത്താളുകള്‍ ആന്‍ മറിച്ചുനോക്കി. ‘അഗതികളുടെ അമ്മ, ഇന്ന് കര്‍ത്താവിന്റെ സന്നിധിയിലേയ്ക്ക് മടങ്ങി’. പത്രത്തിന്റെ തലക്കെട്ട്. അന്ന് എവിടെയും മദര്‍തെരേസ ആയിരുന്നു എല്ലാവരുടേയും സംസാരവിഷയം. എന്തോ, മനസില്‍ എവിടയോ ഉറഞ്ഞുകൂടിയ വികാരം എന്തെന്ന് ആനിന് അറിയില്ലായിരുന്നു. ആന്‍ പതിവു ജോലികളില്‍ മുഴുകുവാന്‍ ശ്രമിച്ചു.

തിരിച്ചുവരുമ്പോള്‍ പള്ളിയില്‍ കയറാന്‍ ആരോ മന്ത്രിക്കുന്നതുപോലെ.
ആന്‍ ദേവാലയത്തിലേയ്ക്ക് കയറി. ക്രൂശുരൂപത്തില്‍ നിന്നും നോക്കി ഈശോ എന്തോ പറയുന്നതുപോലെ… കുറെ ദിവസങ്ങള്‍ക്കു മുമ്പ് കണ്ട സ്വപ്‌നത്തിലേതുപോലെ… ആന്‍ മുട്ടുകുത്തി കണ്ണുകള്‍ അടച്ചു.

ഒരു കൊടുങ്കാറ്റു വീശിയടിച്ചതുപോലെ… കൊടുങ്കാറ്റിനുശേഷമുള്ള ഒരു ഭയാനകമായ ശാന്തത ആ വീടിനെ ചുറ്റിപ്പറ്റി നിന്നു. “ആന്‍ നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ.”  ട്രീസയുടെ ചോദ്യം. “നീ പപ്പയെ ഒന്ന് നോക്ക്, പപ്പക്ക് നിന്നെപ്പറ്റി എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. ഒക്കെ നീ ഒരു നിമിഷം കൊണ്ട് മറന്നോ.”  ആന്‍ ഒന്നും മിണ്ടാതെ സോഫയില്‍ ചുരുണ്ടുകൂടിയിരിക്കുന്ന പപ്പയെ നോക്കി.

“പപ്പ എന്നോട് ക്ഷമിക്കണം. ഇതാണ് പപ്പ ശരി. ഇതു മാത്രം”. പപ്പയെ കെട്ടിപ്പിടിച്ച് ആന്‍ കരഞ്ഞു. പപ്പയുടെ കണ്ണുകള്‍ സജലമായി. ഒന്നും മിണ്ടാതെ വിദൂരതയിലേയ്ക്ക് കണ്ണ് നട്ടു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആന്‍ കല്‍ക്കത്തയിലേയ്ക്ക് യാത്ര തിരിച്ചു. ഒരു പുതിയ ലക്ഷ്യവും ആയി. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസി സമൂഹത്തില്‍ ചേര്‍ന്നു ഈശോ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കാന്‍.

സിസ്റ്റര്‍ എലിസ വര്‍ത്തമാന കാലത്തിലേയ്ക്ക് മടങ്ങിവന്നു. തന്നെ ഏല്‍പിച്ച ജോലി ഇവിടെ ഇങ്ങു യെമനില്‍, വൃദ്ധരിലും രോഗികളിലും ഈശോയെ കാണുവാന്‍. അവരുടെ കണ്ണീര്‍ ഒപ്പുവാന്‍, അവരെ സ്‌നേഹപൂര്‍വ്വം ശുശ്രൂഷിക്കുവാന്‍. ഈശോയെ നന്ദി സിസ്റ്റര്‍ എലിസ മന്തിച്ചു.

“സിസ്റ്റര്‍ റണ്‍, റണ്‍ ആന്റ് ഹൈഡ് ഫോര്‍ യുവര്‍ ലൈഫ്….”  ആരാണത്… എന്താണ് പറ്റിയത്!

“ഈശോയെ നീ ഞങ്ങളെ ഏല്‍പിച്ച പാവം വൃദ്ധരും രോഗികളും,”  അവര്‍ക്കൊന്നും സംഭവിക്കരുത്. സിസ്റ്റര്‍ എലിസ വേഗം പുറത്തേക്കിറങ്ങി. നൊടിയിടയില്‍ ഹോമിലേക്കുള്ള ഹാളിന്റെ വാതില്‍ വിച്ചടച്ചു. അവര്‍ സുരക്ഷിതര്‍ ആയിരിക്കണം. എവിടെയൊക്കയോ വെടിയൊച്ചകള്‍. സിസ്റ്റര്‍ എലിസ വേഗം മറ്റു സിസ്‌റ്റേഴ്‌സിനെ നോക്കി ഹാളിലേയ്ക്ക് ഓടി. “ഈശോയെ എന്താ ഇത്. എവിടെ എല്ലാവരും. …. അതാ അവര്‍.” സിസ്റ്റര്‍ എലിസ മുന്നോട്ട് ആഞ്ഞു.

ഒരു നിമിഷം എന്തോ ഒന്ന് തലയില്‍ തുളഞ്ഞുകയറിയതുപോലെ.

“കര്‍ത്താവേ…” നിലത്തേയ്ക്ക് വീഴുമ്പോള് വീണ്ടും അതേ ശബ്ദം. “മകളേ വേഗം വരൂ, എന്നോടൊപ്പം, നിത്യസൗഭാഗ്യത്തിലേയ്ക്ക്… “സൂര്യശേഭയേക്കാള്‍ തേജസ്സേറിയ ഈശോയുടെ മുഖം, സിസ്റ്റര്‍ ആന്‍ എലിസ മേരി ആ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു. പിന്നെ അവിടുത്തെ നീട്ടപ്പെട്ട കരങ്ങളിലേയ്ക്കു ചാഞ്ഞു….

ജെസി ജിജി

 

You must be logged in to post a comment Login