സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരും: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം പുന:സ്ഥാപിക്കാന്‍ പോയ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമങ്ങളെ ഫ്രാന്‍സിസ് പാപ്പ പ്രശംസിച്ചു. ഈ വിഷയത്തില്‍ പലരും സ്വീകരിക്കുന്ന നിസ്സംഗഭാവം വെടിയണമെന്നും നിസ്സംഗതയെ കാരുണ്യത്തിന്റെ ഊഷ്മളഭാവം കൊണ്ട് നിറക്കണമെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രഥമപാഠങ്ങള്‍ നാം അഭ്യസിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. അതുകൊണ്ടു തന്നെ കുടുംബങ്ങളുടെ രൂപീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. കുടുംബത്തില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റയും അഭാവമുണ്ടായാല്‍ സമൂഹത്തിലും അത് പ്രതിഫലിക്കും.

കുടിയേറ്റജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും മാര്‍പാപ്പ ജനങ്ങളുമായി ചര്‍ച്ച നടത്തി. ഇവരുടെ ദുരിതം അന്താരാഷ്ട്രസമൂഹം കണ്ടില്ലെന്നു നടിക്കരുത്. ആധുനിക കാലഘട്ടത്തിലെ ഉപഭോഗസംസ്‌കാരത്തെ മാര്‍പാപ്പ വിമര്‍ശിച്ചു. മനുഷ്യക്കടത്ത് തടയാനും അദ്ദേഹം ലോകനേതാക്കളോട് ആഹ്വാനം ചെയ്തു.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥ, ഉത്തരകൊറിയ ഉയര്‍ത്തിയിരിക്കുന്ന ആണവഭീഷണി, ഭീകരത, മദ്ധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങള്‍ എന്നീ പ്രശ്‌നങ്ങളെക്കുറിച്ചും മാര്‍പാപ്പ നയതന്ത്രജ്ഞരുമായി ചര്‍ച്ചകള്‍ നടത്തി.

You must be logged in to post a comment Login