സമൂഹത്തിലെ ബലഹീനരെ ഗൗനിക്കുവാന്‍ ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

സമൂഹത്തിലെ ബലഹീനരെ ഗൗനിക്കുവാന്‍ ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

euchrstവത്തിക്കാന്‍ സിറ്റി : തിരുശരീരരക്തങ്ങളുടെ തിരുനാള്‍ദിന പ്രഭാഷണത്തില്‍ ദിവ്യകാരുണ്യത്തെക്കുറിച്ചാണ് ഫ്രാന്‍സിസ് പിതാവ് സംസാരിച്ചത്. ദിവ്യകാരുണ്യം സഹാനുഭാവത്തിന്റെയും ദാനധര്‍മ്മത്തിന്റെയും വിദ്യാലയമാണെന്നും ഏറ്റവും ബലഹീനരായവരെ പരിഗണിക്കുവാന്‍ അത് നമുക്ക് പ്രചോദനമരുളുന്നുവെന്നും പാപ്പ ഊന്നിപ്പറഞ്ഞു. ‘ഈ തിരുനാള്‍ സഹാനുഭാവത്തിന്റെ സന്ദേശമാണ് പകരുന്നത്. ഇത് നമ്മെ സ്‌നേഹിക്കുന്നതിനും ക്ഷമിക്കുന്നതിനും, പരിവര്‍ത്തനത്തിലേക്കും സേവനത്തിലേക്കുമുള്ള അടുത്തക്ഷണം സ്വീകരിക്കുന്നതിനും പ്രേരിപ്പിക്കുന്നു’. പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പറഞ്ഞു.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മെ പരിപോഷിപ്പിക്കുന്ന ദിവ്യകാരുണ്യത്തിലും, പാവപ്പെട്ടവരിലും, സഹിക്കുന്നവരിലും, നമ്മുടെ സഹോദരങ്ങളിലും, എല്ലാ മനുഷ്യരിലും, ചെറിയവരും അരക്ഷിതരുമായവരില്‍ പോലുമാണ് നാം ക്രിസ്തുവിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പാപ്പ തിരുനാള്‍ദിന സുവിശേഷം വിചിന്തനം ചെയ്തു. ക്രൂശീകരണത്തിനു മുമ്പ് ക്രിസ്തുവിന്റെ അന്ത്യഅത്താഴവേളയിലെ വിശുദ്ധകുര്‍ബാനയുടെ സ്ഥാപനമായിരുന്നു സുവിശേഷവായന. ആ രാത്രിയില്‍ ക്രിസ്തു തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുന്നവന്‍ ‘എന്നിലും ഞാന്‍ അവനിലും വസിക്കുകയും അവനു നിത്യജീവനുണ്ടാവുകയും ചെയ്യു’മെന്ന് അരുള്‍ ചെയ്തു. ‘ക്രിസ്തുവിന്റെ ഈ ചേഷ്ഠയിലൂടെയും വാക്കുകളിലൂടെയും അപ്പത്തിന്റെ ധര്‍മ്മം ശാരീരികമായ പരിപോഷണത്തില്‍ നിന്നും വ്യതിചലിക്കുന്നു. വിശ്വാസികളുടെ കൂട്ടായ്മയില്‍ അപ്പത്തില്‍ ക്രിസ്തു എന്ന വ്യക്തി സന്നിഹിതമാവുകയും ചെയ്യുന്നു’. പാപ്പ പറഞ്ഞു.

ക്രിസ്തുവിന്റെ ക്രൂശീകരണത്തോടൊപ്പം, മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി സമര്‍പ്പിക്കപ്പെട്ട അവന്റെ ജീവന്‍ കൂടി അന്ത്യഅത്താഴത്തില്‍ സമന്വയിക്കുന്നവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ‘ഇക്കാരണത്താല്‍ ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സാന്നിധ്യം ഉറപ്പിച്ചുപറഞ്ഞാല്‍ മാത്രം പോര, അത് ഒരു ജീവന്‍ നല്‍കലിന്റെയും ജീവനില്‍ പങ്കുചേരുന്നതിന്‍രെയും സജീവ അടയാളമായി അംഗീകരിക്കണം’.
ദിവ്യകാരുണ്യത്തിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുമ്പോള്‍ അവന്റെ ജീവനില്‍ പങ്കുചേരുകയും അവനുമായി ഐക്യത്തിലാകുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെയിടയില്‍തന്നെ ഐക്യം വര്‍ദ്ധിപ്പിക്കുവാനും നമ്മെത്തന്നെ പാവപ്പെട്ടവര്‍ക്ക് ഒരു ദാനമായി പരിവര്‍ത്തനപ്പെടുത്തുവാനും നാം വിളിപ്പെട്ടിരിക്കുകയാണ്. പാപ്പ അനുസ്മരിപ്പിക്കുന്നു: ‘ക്രിസ്തുവിന്റെ അപ്പത്താല്‍ പരിപോഷിക്കപ്പെടുന്നവന് അനുദിന അപ്പമില്ലാത്തവനോട് നിസംഗനായിരിക്കാന്‍ സാധിക്കുകയില്ല.’

 

അഞ്ജു റോസ്‌.

You must be logged in to post a comment Login