സാത്താനുമായുള്ള പോരാട്ടം.- വിശുദ്ധ പാദ്രെ പിയോയുടെ അതിസാഹസിക വിശുദ്ധജീവിതത്തില്‍ നിന്ന്..

സാത്താനുമായുള്ള പോരാട്ടം.- വിശുദ്ധ പാദ്രെ പിയോയുടെ അതിസാഹസിക വിശുദ്ധജീവിതത്തില്‍ നിന്ന്..

നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. ( 1 പത്രോ 5;8)

രുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും പ്രശസ്തനായ വിശുദ്ധനായിരുന്നു പാദ്രെ പിയോ. ആധുനികകാലത്ത് ജീവിച്ചിരുന്ന മറ്റ് ഏതൊരു വിശുദ്ധനെക്കാളും അസാധാരണമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. പ്രത്യേകിച്ച് ശാരീരികമായി സാത്താന്റെ പീഡകള്‍ക്ക് അദ്ദേഹം തുടര്‍ച്ചയായി വിധേയനായിക്കൊണ്ടിരുന്നു.

പതിനഞ്ചാം വയസിലാണ് അദ്ദേഹം ഫ്രാന്‍സിസ്‌ക്കന്‍സഭയില്‍ ചേര്‍ന്നതും പിയോ എന്ന പേരു സ്വീകരിച്ചതും. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജീവിതം അപ്രതീക്ഷിതമായ പല സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു.

തുടര്‍ച്ചയായ രോഗപീഡകളായിരുന്നു അത്. അതോടൊപ്പം തന്നെ നിരവധിയായ ആത്മീയാനുഭവങ്ങളും പിയോയ്ക്ക് ലഭിച്ചുകൊണ്ടിരുന്നു. ആത്മീയമായ പരമാനന്ദത്തില്‍ ലയിച്ചിരിക്കുന്ന പാദ്രെ പിയോ ഒരു സാധാരണ കാഴ്ചയായിരുന്നു.

ഈശോയുടെ പഞ്ചക്ഷതങ്ങളും ശരീരത്തില്‍ പിയോയ്ക്ക് ലഭിച്ചു. കുമ്പസാരത്തിന് അണയുന്നവരുടെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയുന്ന അത്ഭുതസിദ്ധിയും അദ്ദേഹത്തിനു ദൈവം നല്കിയിരുന്നു.

ഒരു ദിവസം ഒരു ഗണിതശാസ്ത്രജ്ഞന്‍ പിയോയുടെ അടുക്കല്‍ കുമ്പസാരിക്കാനെത്തി. അദ്ദേഹം പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ പിയോ പെട്ടെന്ന് അദ്ദേഹത്തോട് ഒരു പ്രത്യേകപാപം പറഞ്ഞിട്ട് പറഞ്ഞു. താങ്കള്‍ ഒരു ഗണിതശാസ്ത്രജ്ഞനാണ്. ഇപ്പോള്‍ കുമ്പസാരിക്കാതെ മടങ്ങിപോകുക. ആ പാപം എത്രതവണ ചെയ്തു എന്ന് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം തിരികെ വന്ന് കുമ്പസാരിക്കുക.

അതുപോലെ ഒരേ സമയം രണ്ട് സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള സിദ്ധിയും പിയോയ്ക്കുണ്ടായിരുന്നു. അതില്‍ പ്രത്യേകമായി പരാമര്‍ശിക്കേണ്ട ഒരു സംഭവമാണ് ഒരു സന്യാസിയുടെ ശവസംസ്‌കാരശുശ്രൂഷയിലും അതേ സമയം തന്നെ ഇറ്റലിയിലെ ആശ്രമത്തിലും അദ്ദേഹം ഉണ്ടായിരുന്നത്. പ്രാര്‍ത്ഥിക്കാനും കുമ്പസാരിക്കാനും ലോകം മുഴുവന്‍ സഞ്ചരിക്കാനും ഒരേ സമയം എനിക്ക് കഴിയും എന്ന് പിയോ അതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും പിയോയുടെ ആത്മീയജീവിതത്തിന്റെ പ്രധാന ഭാഗം സാത്താനുമായുള്ള യുദ്ധമായിരുന്നു. ആത്മീയമായ യുദ്ധം അദ്ദേഹം സാത്താനുമായി എന്നും നടത്തിക്കൊണ്ടിരുന്നു. പിയോയുടെ യഥാര്‍ത്ഥ ശത്രു സാത്താനായിരുന്നു.

സാത്താന്‍ എന്നും അദ്ദേഹത്തെ അപകടത്തിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്ന് അതേക്കുറിച്ച് പ്രസിദ്ധ ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത പറഞ്ഞിട്ടുണ്ട്. ഭീമാകാരനും അറപ്പുളവാക്കുന്നതുമായ കറുത്ത പൂച്ചയുടെ രൂപത്തില്‍ വന്ന് സാത്താന്‍ നിരവധി തവണ പാദ്രോപിയോയെ പേടിപ്പെടുത്താന്‍ ശ്രമിച്ചതായി ഫാ. അമോര്‍ത്ത് പറയുന്നു.

ചിലപ്പോള്‍ പിയോയുടെ ചാരിത്രശുദ്ധി പരീക്ഷിക്കാനായി സുന്ദരിയും നഗ്നയുമായ യുവതിയുടെ വേഷത്തില്‍ നൃത്തം ചെയ്തുകൊണ്ടായിരിക്കും സാത്താന്‍ പ്രത്യക്ഷപ്പെടുക. എന്തിന് മേലധികാരിയുടെയും കര്‍ത്താവിന്റെയും മാതാവിന്റെയും ഫ്രാന്‍സിസ് അസ്സീസിയുടെയും രൂപത്തില്‍ വരെ പ്രത്യക്ഷപ്പെട്ട് പിയോയെ വഴിതെറ്റിക്കാന്‍ സാത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ബുദ്ധിമുട്ടുനിറഞ്ഞ ഒരു പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിച്ചും സാത്താന്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം തന്റെ ദര്‍ശനങ്ങള്‍കൊണ്ട് സാത്താനെ വിവേചിച്ചറിയാന്‍ പ്രാര്‍ത്ഥനയുടെ സഹായമാണ് പിയോ തേടിയത്.

ശാരീരികമായും സാത്താനില്‍ നിന്ന് നിരവധി തവണ പിയോയ്ക്ക് ആക്രമണമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം ഒരു വൈദികന് എഴുതിയത് ഇങ്ങനെയാണ്.

സാത്താന്‍ എന്നെ ആക്രമിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്ന് തോന്നുന്നു. ഒരുദിവസം അവന്‍ എന്നെ കട്ടിലില്‍ നിന്ന് തള്ളിതാഴെയിട്ടു. എന്നെ അടിച്ചു…എന്നാല്‍ ഇപ്പോള്‍ അവന് എന്നെ കൂടുതല്‍ ഭയപ്പെടുത്താന്‍ കഴിയില്ല. ഈശോ എന്നെ സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും ഈശോയെന്നെ നിലത്തുനിന്ന് എണീല്പിച്ച് കട്ടിലില്‍ കിടത്തുന്നു.

ചുരുക്കത്തില്‍ നാം ദൈവത്തോട് കൂടെയാണെങ്കില്‍ ഒരുതരത്തിലുള്ള സാത്താനിക ശക്തികളും നമ്മെ കീഴ്‌പ്പെടുത്തുകയില്ല. തീര്‍ച്ച.

ബിജു

You must be logged in to post a comment Login