സാത്താനുമായുള്ള വി. ജോണ്‍ വിയാനിയുടെ വിശുദ്ധ പോരാട്ടങ്ങള്‍!

സാത്താനുമായുള്ള വി. ജോണ്‍ വിയാനിയുടെ വിശുദ്ധ പോരാട്ടങ്ങള്‍!

വൈദികരുടെ മധ്യസ്ഥനാണ് വി. ജോണ്‍ മരിയ വിയാനി. കത്തോലിക്കാ സഭ ഇന്ന് അദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. വിശുദ്ധി കൊണ്ടും വിവേകം കൊണ്ടും അനേകം വിശ്വാസികളെ ക്രിസ്തുവിലേക്കു നയിച്ച വിശുദ്ധനാണ് വിയാനി. കുമ്പസാരത്തിലൂടെ അദ്ദേഹം സാത്താനോട് സമരം ചെയ്തു, അനേകായിരങ്ങളെ ക്രിസ്തുവിനായി നേടിയെടുത്തു.

ആത്മാക്കളെ തന്നില്‍ നിന്ന് തട്ടിയെടുക്കുന്നയാളെ സാത്താന്‍ വെറുതെ വിടുമോ? വിയാനി പുണ്യവാളന്റെ ജീവിതത്തില്‍ സാത്താന്‍ നേരിട്ടു വന്ന് അപായപ്പെടുത്തുകയും ശാരീരിക ഉപദ്രവം ഏല്‍പിക്കുകയും ചെയ്ത സംഭവങ്ങള്‍ അനേകമുണ്ട്.

ഒരു സംഭവം ഇങ്ങനെ. ഒരു ദിവസം രാത്രി വിയാനിയുടെ സഹോദരി അച്ചന്റെ മേടിയോട് ചേര്‍ന്നുള്ള മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ തുടര്‍ച്ചായായി മുട്ടുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. മതിലിലും മേശയിലുമെല്ലാം നിര്‍ത്താതെ മുട്ടുകള്‍! പേടിച്ചു വിറച്ച് സഹോദരി പുണ്യവാളന്റെ പക്കലെത്തി കാര്യം പറഞ്ഞു.

‘എന്റെ കുഞ്ഞേ, നീ അത് കേട്ടൊന്നും പേടിക്കേണ്ട. അത് ഗ്രാപ്പിനാണ് (സാത്താനെ വിയാനി കളിയായി വിളിച്ചിരുന്ന പേരാണത്). അവന് നിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നെ പല കുതന്ത്രങ്ങളും പ്രയോഗിച്ച് അവന്‍ ഉപദ്രവിക്കാറുണ്ട്. ചില നേരങ്ങളില്‍ അവന്‍ എന്നെ കാലില്‍ പിടിച്ച് ഈ മുറി മുഴുവന്‍ വലിച്ചിഴക്കും! ഞാന്‍ ആത്മാക്കളെ ദൈവത്തിനായി നേടുന്നതിന്റെ പ്രതികാരമാണവന്!:’ വിശുദ്ധന്‍ പറഞ്ഞു.

മറ്റൊരിക്കല്‍ വിയാനി കുമ്പസാരം കേള്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ ഓടി വന്നു പറഞ്ഞു, വിശുദ്ധന്റെ മുറിയില്‍ തീ പടരുന്നുവെന്ന്. വിയാനിയുടെ മറുപടി കേള്‍ക്കണോ?

‘ഗ്രാപ്പിന്‍ ഇപ്പോള്‍ വലിയ കോപത്തിലാണ്. അവന് പക്ഷിയെ കിട്ടിയില്ല. അതിന്റെ ദേഷ്യം തീര്‍ക്കാന്‍ പക്ഷിക്കൂട് കത്തിക്കുകയാണ്. അത് നല്ലൊരു ലക്ഷണമാണ്. ഇന്ന് അനേകം പാപികള്‍ മാനസാന്തരപ്പെടും!’

വിവരവും ബുദ്ധിയുമില്ലാത്തവന്‍ എന്ന് ആക്ഷേപിച്ച് പുരോഹിത പട്ടം ആദ്യം നിരസിക്കപ്പെട്ട പാവപ്പെട്ട ഈ വൈദികന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങിന് പങ്കെടുത്തത് 300 മെത്രാന്‍മാരും 6000 പുരോഹിതരുമാണ്!

 

ഫ്രേസര്‍

You must be logged in to post a comment Login