സാത്താനെതിരെ ജാഗ്രതയുള്ളവരായിരിക്കുക

വത്തിക്കാന്‍: സാത്താനും അവന്റെ പ്രവൃത്തികള്‍ക്കുമെതിരെ നിരന്തരം ജാഗ്രത പുലര്‍ത്തുന്നവരാകണം നമ്മളെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവത്തിന് നമ്മില്‍ പ്രവര്‍ത്തിക്കാനാകും വിധം തുറവിയുള്ളവരായിരിക്കണമെന്നും അപ്പോള്‍ സാത്താന് നമ്മില്‍ ആധിപത്യം പുലര്‍ത്താനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് പ്രകാശമുള്ളപ്പോള്‍ തന്നെ മനുഷ്യന്‍ അന്ധകാരം തിരഞ്ഞെടുക്കുന്നു. ദൈവത്തിന്റെ വചനം പ്രകാശമായി ലോകത്തില്‍ അവതരിച്ചു. എന്നാല്‍ അവനു നേരെ ലോകം വാതില്‍ കൊട്ടിയടച്ചു. അതു വഴി സാത്താന് കടന്നുവരാന്‍ വഴിയൊരുക്കുകയും ചെയ്തു.

നമ്മുടെ വാതിലിനു മുന്നില്‍ സാത്താന്‍ എന്നും കാത്തുനില്‍പ്പുണ്ട്. അവനെ അകത്തു കടക്കാനനുവദിച്ചാല്‍ നമുക്കു ദുരിതം. പിന്നീട് മറ്റാര്‍ക്കും ആ വാതിലിലൂടെ അകത്തു പ്രവേശിക്കാന്‍ സാധിക്കുകയില്ല. സാത്താനായി വാതില്‍ തുറന്നുകൊടുത്താല്‍ നാം അവന്റെ മക്കളായിത്തീരുകയാണ് ചെയ്യുന്നത്. ദൈവത്തിനായി വാതില്‍ തുറന്നു കൊടുക്കുക, നാം ദൈവമക്കളാകും. നമ്മില്‍ സ്‌നേഹവും കരുണയും നിറയും. ഒരു പുതിയ ഉണര്‍വ് ലഭിക്കും.

കരുണയുടെ ഈ വര്‍ഷത്തില്‍ സുവിശേഷം എപ്രകാരം നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാമെന്നു നോക്കാം. സുവിശേഷത്തോടടുത്തു  നില്‍ക്കാം. അതിലെ വചനങ്ങള്‍ ധ്യാനിക്കാം. ക്രിസ്തുവിന്റെ കരുണ ലോകമെങ്ങുമെത്തിക്കാം, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login