സാത്താനെ എങ്ങനെ ഓടിക്കാം?

സാത്താനെ എങ്ങനെ ഓടിക്കാം?

പ്രലോഭനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആത്മീയത നമുക്കില്ല. നമ്മളെല്ലാവരും പ്രലോഭനങ്ങളെ നേരിടേണ്ടിവരുമെന്ന് തിരുവചനം തന്നെ പറയുന്നുണ്ട്.

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കുവാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്ക് നല്കും എന്നാണ് 1 കൊറീ 10;13 പറയുന്നത്.

ക്രിസ്തുവിന് പോലും പ്രലോഭനങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കുവാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരിക്കലും പാപം ചെയ്തി്ട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെ പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍.( ഹെബ്രാ 4;15).

എവിടെ നിന്നാണ് ഈ പ്രലോഭനങ്ങള്‍ വരുന്നത്. ആദ്യം തന്നെ പറയട്ടെ പ്രലോഭനങ്ങള്‍ ഒരിക്കലും ദൈവത്തില്‍ നിന്ന് വരുന്നവയല്ല. അവിടുന്ന് ഒരിക്കലും അത് അനുവദിക്കാറുമില്ല.

പരീക്ഷിക്കപ്പെടുമ്പോള്‍ താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍ ദൈവം തിന്മയില്‍ പരീക്ഷിക്കപ്പെടുന്നില്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ പരീക്ഷിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുര്‍മ്മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.(യാക്കോ 1 13;15)

സാത്താന്‍ അലറുന്ന സിംഹത്തെപോലെ ചുറ്റി നടക്കുന്നുവെന്ന് പത്രോസ് ശ്ലീഹായും പറയുന്നു( 1 പത്രോ 5;8)ഓരോ ക്രിസ്ത്യാനിയും സാത്താന്റെ ഈ ആക്രമണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം.

എങ്ങനെയാണ് ഒരു ക്രിസ്ത്യാനി പ്രലോഭനങ്ങളെ നേരിടേണ്ടത്? സാത്താന്‍ പ്രലോഭനങ്ങളുമായി വരുമ്പോള്‍ അതിനെ എങ്ങനെയാണ് നേരിടേണ്ടത് എന്നതിന് വിശുദ്ധ മത്തായി 4;1-11 വരെയുള്ള തിരുവചനഭാഗങ്ങള്‍ വ്യക്തമാക്കിത്തരുന്നു. മരുഭൂമിയില്‍ വച്ച് ക്രിസ്തുവിനെ സാത്താന്‍ പരീക്ഷിക്കുന്നതാണ് പ്രസ്തുത ഭാഗം. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി എന്ന് നാം വായിക്കുന്നു.

സാത്താന്റെ പ്രലോഭനങ്ങളെ നേരിടാന്‍ നാം എന്തുമാത്രം തയ്യാറാണ് എന്നതാണ് പ്രസക്തം. പരിശുദ്ധാത്മാവിനാല്‍ നാം ശക്തി പ്രാപിക്കുന്നില്ല എങ്കില്‍ നമുക്ക് സാത്താന്റെ ആക്രമണങ്ങളെ നേരിടാന്‍ കഴിയുകയില്ല. നിരന്തരമായ തിരുവചനഭാഗവായനയിലൂടെയും ധ്യാനത്തിലൂടെയും പഠനത്തിലൂടെയുമാണ് പരിശുദ്ധാത്മാവ് നമ്മിലേക്ക് വരുന്നത്.

നമ്മുടെ മനസ്സിനെ പുതുതാക്കിത്തീര്‍ക്കാന്‍ പരിശുദ്ധാത്മാവിന് കഴിയും. ദൈവവചനം പോലെ സാത്താനെ നേരിടാന്‍ ശക്തിയുള്ള മറ്റൊന്നുമില്ല. ക്രിസ്തു സാത്താനെ ഓടിച്ചത് ദൈവവചനം ഉദ്ധരിച്ചായിരുന്നുവല്ലോ.

നമ്മുടെ മനസ്സില്‍ എപ്പോഴും ലൗകികമായചിന്തകളാണ്. കാഴ്ചകളും അറിവുകളുമാണ്. ടിവിയും സിനിമയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും..ഇവയെല്ലാം വഴി വരുന്ന കാഴ്ചകള്‍ നമ്മുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്നു.

ഇതിന് പകരം ദൈവത്തെക്കുറിച്ചും അവിടുത്തെ മഹിമാതിരേകത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും നാം ചിന്തിക്കുകയാണെങ്കില്‍ അതായിരിക്കും നമ്മുടെ മനസ്സില്‍ നിറഞ്ഞുനില്പ്പുണ്ടാവുക. നമ്മെ പ്രലോഭനത്തിലേക്ക് വീഴ്ത്താന്‍ സാത്താന്‍ ഒരുക്കിയിരിക്കുന്ന കെണികളെ അറുത്തുമാറ്റാന്‍ ദൈവികചിന്തകളെ മനസ്സില്‍ സദാ സൂക്ഷിക്കുക.

പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍ എന്നാണ് ക്രിസ്തു ശിഷ്യന്മാര്‍ക്ക് നല്കുന്ന ഉപദേശം. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. മനസ്സില്‍ അശുദ്ധവിചാരങ്ങള്‍ നിറച്ച് വച്ചിരിക്കുന്ന ഒരാള്‍ക്ക് പ്രലോഭനങ്ങളെ നേരിടാനോ അതിജീവിക്കാനോ കഴിയില്ല. അതിന് അവര്‍ക്ക് കരുത്തുമുണ്ടാവില്ല.

അതുകൊണ്ട് ചിന്തകളെ നവീകരിക്കുക..തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക.. ലോകം നല്കുന്ന സുഖങ്ങളില്‍ നിന്നും കാഴ്ചകളില്‍ നിന്നും മനസ്സിനെ ശുദ്ധമാക്കുക. തിരുവചനഭാഗവായന ജീവിതത്തിന്റെ ഭാഗമാക്കുക.

നിന്റെ കണ്ണ് നിനക്ക് പാപഹേതുവാകുന്നുവെങ്കില്‍ അത് ചൂഴ്ന്നുകളയാനാണ് തിരുവചനം ആവശ്യപ്പെടുന്നത്. നിത്യനരകാഗ്നിയില്‍ പതിക്കുന്നതിനെക്കാള്‍ അതാണ് നല്ലതെന്നും തിരുവചനം ഓര്‍മ്മിപ്പിക്കുന്നു.

പ്രാര്‍ത്ഥന കുറയ്ക്കുന്നതാണ് നമ്മളില്‍ പലരുടെയും വീഴ്ചകള്‍ക്ക് കാരണം. അല്മായ നേതാക്കന്മാരും ആത്മീയനേതാക്കന്മാരും വൈദികരും എല്ലാം എവിടെയെങ്കിലുമൊക്കെ വീണുപോയിട്ടുണ്ടെങ്കില്‍ അതിനൊന്നേ കാരണമുള്ളൂ. പ്രാര്‍ത്ഥനയുടെ കുറവ്. അതുകൊണ്ട് നഷ്ടപ്പെട്ടുപോയ നമ്മുടെ പ്രാര്‍ത്ഥനകളെ നമുക്ക് തിരിച്ചുപിടിക്കാം. സാത്താനെ ഓടിക്കാന്‍ അതേ വഴിയുള്ളൂ.

ബി

You must be logged in to post a comment Login