സാത്താന്‍ ആരാധനകള്‍ക്കും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍ക്കും എതിരെ മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ട് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

സാത്താന്‍ ആരാധനകള്‍ക്കും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍ക്കും എതിരെ മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ട് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: നമ്മുടെ കൊച്ചുകേരളത്തെയും സാത്താന്‍ സേവക്കാര്‍ പിടി മുറുക്കിയിരിക്കുന്നുവെന്നും അതിവേഗം സമ്പത്തും പ്രശസ്തിയും ഉണ്ടാകും എന്ന മിഥ്യാധാരണ സൃഷ്ടിച്ച് യുവജനങ്ങളെയും ബിസിനസുകാരെയും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും സാത്താന്‍ സേവക്കാര്‍ സജീവമാകുന്നുണ്ടെന്നും താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സണ്‍ഡേ ശാലോമില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ടൂറിസത്തിന്റെ മറവിലും ബിസിനസ് വിജയങ്ങള്‍ കൊയ്യുന്നതു ലക്ഷ്യമാക്കിയുമാണ് സാത്താന്‍ സേവക്കാര്‍ കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. കോഴിക്കോട് വെസ്റ്റ് ഹില്‍, വയനാട് കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സാത്താന്‍ സേവയ്ക്ക് നേതൃത്വം നല്കിയത് പ്രമുഖ ബിസിനസുകാരാണ്.

സാത്താന്‍ സഭയുടെ ഉപവിഭാഗങ്ങളിലൊന്നായ ഫ്രീമേസണ്‍ ക്ലബുകളെക്കുറിച്ചും മാര്‍ റെമിജിയോസ് മുന്നറിയിപ്പ് നല്കുന്നുണ്ട്. ദിവസവും വിശുദ്ധ കുര്‍ബാന കാണുന്ന വിശ്വാസികള്‍ പോലും ഇത്തരക്കാരുടെ ചതിക്കുഴികളില്‍ വീണുപോകുന്നതായും സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരക്കാരുടെ അടിമകളായി മാറുന്നതും ഗൗരവത്തോടെ വേണം കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളോ മക്കളോ പരിചയത്തിലുള്ള മറ്റാരെങ്കിലുമോ ഇത്തരം പ്രസ്ഥാനങ്ങളില്‍ അംഗമാകുകയോ അവയുടെ വക്താക്കളാകുകയോ ചെയ്യുന്നതായി അറിവു ലഭിച്ചാല്‍ അക്കാര്യം ഉടന്‍ തന്നെ ഇടവക വൈദികരെ ധരിപ്പിക്കണം. മാര്‍ ഇഞ്ചനാനിയില്‍ ഓര്‍മ്മപ്പെടുത്തുന്നു.

സാത്താന്‍ ആരാധന പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ ഒരു ഉപവിഭാഗമാണ് ഫ്രിമേസണ്‍ ക്ലബുകള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സഭയുടെ വിവിധ തലങ്ങളില്‍ പെട്ടവര്‍ പോലും ഇതില്‍ കുടുങ്ങാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു. ഫ്രീമേസണ്‍ ക്ലബുകളുടെ തത്വശാസ്ത്രവും ധാര്‍മ്മികതയും കത്തോലിക്കാസഭയ്ക്ക് എതിരാണെന്ന് 1884 ല്‍ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ ഹുമാനും ജെനൂസ് എന്ന ചാക്രിക ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്കാ വിശ്വാസവും ഫ്രിമേസണ്‍ തത്വസംഹിതയും പരസ്പരം ചേര്‍ന്നുപോകുന്നതല്ല. അതിനാല്‍ ഒന്നിലെ അംഗത്വം മറ്റൊന്നില്‍ നിന്നുള്ള അകല്‍ച്ചയാണ്. ലെയോ പതിമൂന്നാമന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് മാര്‍ റെമിജിയോസ് വ്യക്തമാക്കുന്നു.

ആകര്‍ഷകമായ പ്രവര്‍ത്തന ശൈലിയിലൂടെ കത്തോലിക്കാസഭയ്ക്ക് മാസോണിക് ലോഡ്ജുകള്‍ എതിരല്ല എന്ന് തെളിയിക്കാന്‍ കത്തോലിക്കാസഭയിലെ തന്നെ പ്രമുഖരെ തന്നെ ഇവര്‍ കൂട്ടുപിടിക്കാറുമുണ്ട്. എന്നാല്‍ മാസോണിക് സംഘടനകളും കത്തോലിക്കാവിശ്വാസവും തമ്മിലുള്ള അപരിഹൃതമായ പൊരുത്തക്കേടുകളെ എടുത്തുപറഞ്ഞുകൊണ്ട് ഈ സംഘടനകളില്‍ വിശ്വാസികള്‍ അംഗമാകുന്നത് നിരോധിക്കുകയും ഇത്തരം സംഘടനയില്‍ അംഗങ്ങളായവര്‍ പാപാവസ്ഥയിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും കര്‍ദിനാള്‍ റാറ്റ്‌സിംഗറും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും ഇതുതന്നെയാണ് സഭയുടെ ഔദ്യോഗിക നിലപാട്.

മാസോണിക് സംഘടനകളില്‍ അംഗങ്ങളായിരിക്കുന്നവരും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവരും സഭയുടെ നിലപാട് അറിഞ്ഞിരിക്കേണ്ടതാണെന്നും രൂപതാധ്യക്ഷന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ ഈ ലേഖനം സഭാവിശ്വാസികളില്‍ ആഴപ്പെട്ട ബോധ്യങ്ങളും തിരിച്ചറിവുകളും നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഹൃദയവയലും സാത്താന്‍ ആരാധനകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്കിയിരുന്നു.

You must be logged in to post a comment Login