സാത്താന്‍ വേട്ടയാടിയ വിശുദ്ധ ജെമ്മ

സാത്താന്‍ വേട്ടയാടിയ വിശുദ്ധ ജെമ്മ

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയായിരുന്നു ജെമ്മ ഗാല്‍ഗാനി. വെറും ഇരുപത്തിയഞ്ച് വര്‍ഷം മാത്രമേ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുള്ളൂവെങ്കിലും നിരവധിയായ മിസ്റ്റിക് അനുഭവങ്ങള്‍ ജെമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ സാത്താനില്‍ നിന്ന് പലവട്ടം പലവിധ ഉപദ്രവങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.

സാത്താന്റെ ആക്രമണത്തെക്കുറിച്ച് ഈശോ തന്നെ നേരിട്ട് ജെമ്മയ്ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒരു ദിവസം വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷം ഈശോ അവളോട് പറഞ്ഞു. എന്റെ പ്രിയ മകളേ സാത്താന്‍ വളരെ അടുത്തുതന്നെ നിന്നോട് യുദ്ധം ചെയ്യാന്‍ വരുന്നുണ്ട്. നീ കരുതലുള്ളവളായിരിക്കുക.

ജെമ്മ തന്റെ ആത്മീയപിതാവിന് ഇക്കാര്യം എഴുതുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥന ചോദിക്കുകയും ചെയ്തു. സാത്താനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പ്രാര്‍ത്ഥനയാണെന്ന് അവള്‍ക്കറിയാമായിരുന്നു.

പ്രാര്‍ത്ഥന കൊണ്ട് തന്നെ നേരിടാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ സാത്താന്‍ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് അവളെ പിന്തിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. അതിരൂക്ഷമായ തലവേദന നല്കി അവളെ പീഡിപ്പിക്കുന്നതായിരുന്നു അതിലൊന്ന്.

ഒരു ദിനം സാത്താന്‍ ജെമ്മയെ കൊല്ലാന്‍ ശ്രമിച്ചു ജെമ്മ ആ നിമിഷം വല്ലാതെ ഭയന്നുപോയിരുന്നു. ഈശോ തന്നെ സഹായിക്കാന്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ആ നിമിഷം സാത്താന്‍ തന്നെ കൊല്ലുമായിരുന്നുവെന്ന് ജെമ്മ എഴുതിയിട്ടുണ്ട്.

മറ്റൊരിക്കല്‍ ഭീമാകാരനായ രൂപമെടുത്ത് സാത്താന്‍ ജെമ്മയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, ഒരിടത്തും രക്ഷയില്ല. എല്ലാവരും എന്റെ കൈകളിലാണ്.

അപ്പോള്‍ ജെമ്മ ധീരതയോടെ പറഞ്ഞു

ദൈവം കരുണാമയനാണ്. അതുകൊണ്ട് എനിക്ക് പേടിയില്ല.

ദൈവനാമം ഉച്ചരിക്കുന്നത് കേട്ടപ്പോള്‍ സാത്താന്‍ രോഷാകുലനായി. അവന്‍ ജെമ്മയുടെ തലയ്ക്ക് വലിച്ചൊരു അടിനല്കി. ജെമ്മയുടെ തല കറങ്ങിപ്പോയി. നശിച്ചുപോ എന്ന് അലറി സാത്താന്‍ അവളെ വിട്ടുപോയി.

ക്ഷീണിതയായ ജെമ്മ മുറിയിലേക്ക് ചെന്നപ്പോള്‍ വീണ്ടും സാത്താന്‍ അവളെ തേടി വന്നു. അവന്‍ കയര്‍ കൊണ്ട് ജെമ്മയെ വരിഞ്ഞുമുറുക്കി. അവന്റെ ജല്പനങ്ങള്‍ക്ക് കാതുകൊടുക്കണം എന്നതായിരുന്നു ആവശ്യം.

ജെമ്മ വിസമ്മതം പറഞ്ഞപ്പോള്‍ അവന്‍ രോഷാകുലനായി. വരിഞ്ഞുമുറുക്കിയിരുന്ന കയര്‍ വീണ്ടും ശക്തമായി. അപ്പോള്‍ ജെമ്മ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ഈശോയേ അവിടുത്തെ വിശുദ്ധമായ തിരുരക്തം ഒഴുക്കി എന്നെ മോചിപ്പിക്കണമേ. അപ്പോള്‍ സാത്താന്‍ ജെമ്മയെ കട്ടിലില്‍ നിന്ന് വലിച്ചിഴയ്ക്കുകയും തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിപ്പിക്കുകയും ചെയ്തു.

സാത്താന്റെ ഇത്തരത്തിലുള്ള നിരവധിയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ജെമ്മ തകര്‍ന്നുപോയില്ല. അവള്‍ കൂടുതല്‍കൂടുതല്‍ പ്രാര്‍ത്ഥനയിലും ദൈവത്തിലും ശരണം വച്ചു.

ബിജു

You must be logged in to post a comment Login