സാമൂഹ്യപ്രതിബദ്ധതയോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക:കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സാമൂഹ്യപ്രതിബദ്ധതയോടെ തിരഞ്ഞെടുപ്പിനെ സമീപിക്കണമെന്നും ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. മെയ് 16 നു കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ വായിക്കാനായി തയ്യാറാക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ശക്തമായ ജനാധിപത്യ വ്യവസ്ഥിതിയുള്ള നാടാണ് ഭാരതം. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കുന്നതാണത്. പരിമിതികള്‍ക്കു നടുവിലും ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പ്രഭാവമുള്ള നാടാണ് നമ്മുടേത്. ലോകം പരീക്ഷിച്ചറിഞ്ഞ ഭരണസംവിധാനങ്ങളില്‍ ഏറ്റവും മികച്ചതാണ് ജനാധിപത്യം. ആ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരമെന്നും മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

ജനക്ഷേമം മറന്നു പ്രവര്‍ത്തിക്കുന്നവരെ അധികാരത്തില്‍ നിന്നു നീക്കം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഒപ്പം ജനോപകാരപ്രദവും നാടിന്റെ വികസനത്തിന് ഉതകുന്നതുമായി നിലപാടുകള്‍ സ്വീകരിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. അതിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ വേളയില്‍ സാമൂഹ്യപ്രതിബദ്ധതയോടെയും മൂല്യാധിഷ്ഠിത ചിന്തകളോടെയും കൂടിയാകണം അതിനെ അഭിമുഖീകരിക്കേണ്ടത്.

കക്ഷിരാഷ്ട്രീയങ്ങള്‍ക്കെല്ലാമപ്പുറമുള്ള പൊതുനന്‍മയാണ് സഭ ആഗ്രഹിക്കുന്നത്. പൗരോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സഭയുടെ ദൗത്യത്തിന്റെ ഭാഗം തന്നെയാണ്. രാഷ്ട്രീയനേതാക്കളിലും രാഷട്രീയപാര്‍ട്ടികളിലുമുള്ള പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നാരോപിച്ച് ചിലരെങ്കിലും അരാഷ്ട്രീയ വാദത്തിലേക്കും നിസംഗതയിലേക്കും പോകുന്നുണ്ട്. യുവജനങ്ങളിലും അഭ്യസ്തവിദ്യരിലുമുള്ള ഇത്തരം നിസംഗതകള്‍ പരിശോധിക്കപ്പെടണം. അവ ജനാധിപത്യത്തെ കൂടുതല്‍ ദുര്‍ബലമാക്കാനേ സഹായിക്കൂ.

ഓരോ കാലഘട്ടത്തിലെയും ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുക. നാം തിരഞ്ഞെടുക്കുന്ന നേതാക്കളെക്കുറിച്ചും അവരുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചും അവര്‍ മുമ്പോട്ടു വെക്കുന്ന ആശയത്തെക്കുറിച്ചും നമുക്ക് ഉത്തമബോധ്യമുണ്ടായിരിക്കണം. ഇക്കാര്യത്തില്‍ പ്രാര്‍ത്ഥനയോടെയും വിവേകത്തോടെയും തീരുമാനങ്ങളെടുക്കണം. പഠനവും ചര്‍ച്ചയും ഈ വിഷയത്തിലുണ്ടാകണം.

രാഷ്ട്രീയ മേഖലയില്‍ സഭക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. സഭയുടെ കാഴ്ചപ്പാടുകളോട് ഒത്തുപോകുന്നവരും അല്ലാത്തവരും കണ്ടേക്കാം. സഭാവിശ്വാസികളില്‍ത്തന്നെ പലരും പല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരായിരിക്കാം. എല്ലാവരുടേയും സ്വാതന്ത്ര്യത്തെ സഭ മാനിക്കുന്നു. സഭ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനും ക്ഷേമത്തിനും ഉതകുന്നതാണ്.

ജനാധിപത്യത്തോട് ചിലര്‍ക്കെങ്കിലുമുള്ള നിസംഗത ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ നയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍, അഴിമതി, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയ്‌ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണം. തിരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധികളെ തിരഞ്ഞെടുത്തു കഴിഞ്ഞ് തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നെന്ന് കരുതരുത്. നേതാക്കന്‍മാര്‍ എപ്രകാരമാണ് തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതെന്നു വിശകലനം ചെയ്യണം. അര്‍ഹരായവര്‍ തിരഞ്ഞെടുക്കപ്പെടാന്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്നും മാര്‍ ആലഞ്ചേരി ഇടയലേഖനത്തില്‍ പറഞ്ഞു.

You must be logged in to post a comment Login