സാഹോദര്യം

സാഹോദര്യം

girlപെങ്ങൾ കിടപ്പിലാണ്. മുടി പറ്റെ വെട്ടിയിരിക്കുന്നു. ക്ഷീണിച്ചു എല്ലും തോലുമായി, വയറ്റിൽ റ്റൂബിട്ടാണ് ആഹാരം കൊടുക്കുന്നത്. കണ്ണുകളിലെ തിളക്കം മാത്രം ഇന്നും അവശേഷിക്കുന്നു.

പെങ്ങളുടെ കൈകൾ നെഞ്ചോട്‌ ചേർത്ത് ആങ്ങള ചോദിച്ചു: “എന്നും എന്നോട് ക്ഷമിക്കാൻ എങ്ങനെ സാധിച്ചു? അസ്വസ്ഥതകളും നീതികേടുകളും സ്വത്തു വെട്ടിപ്പും നുണകളും….!

എന്തേ പെങ്ങൾ ഒന്നിനും പ്രതികരിച്ചില്ല, ഒരുപ്രായം കഴിഞ്ഞപ്പോൾ ശകാര തിരുത്തലുകൾ പോലും നല്കിയില്ല?”

കണ്ണുകളിൽ കത്തുന്ന സ്നേഹതിരികൾ ഇത്തിരി കൂടി തെളിച്ചു കൊണ്ടു പെങ്ങൾ പറഞ്ഞു: “കുഞ്ഞേ, വെറും കൈയോടെ വന്നു വെറും കൈയോടെ മടങ്ങുന്ന ഭൂയാത്രയിൽ ഒരേ ഗർഭ പാത്രം പങ്കുവെച്ചവർ നമ്മൾ. ആണും പെണ്ണുമായി ദൈവം തന്ന ഒരേ ഒരു സഹോദരൻ.

ഏഴു എഴുപതു പ്രാവശ്യം നിന്നോട് ക്ഷമിക്കണം എന്ന് സഹോദരനെ സമ്മാനിച്ച ദൈവം പറഞ്ഞിട്ടുണ്ട്. ഏഴ് എഴുനൂറു പ്രാവശ്യവും നിന്നോട് ഞാൻ ക്ഷമിച്ചിട്ടും ഉണ്ട്.

കാരണം മരണകിടക്കയിൽ എന്റെ കണ്ണുകൾ ഏറെ ദാഹത്തോടെ തിരയുന്നത് നിന്റെ രൂപം ആയിരിക്കും എന്ന് ഞാൻ പണ്ടേ മനസ്സിലാക്കിയിരുന്നു.

നമ്മുടെ വല്യമ്മ കിടപ്പായിരുന്നപ്പോൾ എത്രയോ സ്നേഹത്തോടെയാണ് സന്ദർശനത്തിനു എത്തുന്ന സ്വന്തം സഹോദരങ്ങളെയും മക്കളെയും ഉറ്റു നോക്കിയിരുന്നത്.

നല്ല പ്രായത്തിൽ നിന്നോട് വഴക്കിട്ടാൽ യാത്രപറയും വാർദ്ധക്യത്തിൽ നീ എന്റെ അരികിൽ വന്നില്ലെങ്കിലോ എന്ന് ഞാൻ ഭയന്നു.

ഞാൻ നിന്നെ സ്നേഹിക്കുന്നു. നിരുപാധികം സ്നേഹിക്കുന്നു. നിന്നോടുള്ള എന്റെ സ്നേഹം അചഞ്ചലം ആണ്. ഒരു പെങ്ങൾക്ക് കേട്ടിരിക്കാൻ കഴിയാത്ത പരാതികളും കണ്ടിരിക്കാൻ വയ്യാത്ത അനീതികളും ഏഴ് ഏഴു നൂറു വട്ടം ക്ഷമിക്കാൻ എന്നെ സഹായിച്ചത് സ്നേഹമാണ്…. സ്നേഹം തന്നെയായ ദൈവം.

കുഞ്ഞേ,അറിഞ്ഞോ അറിയാതെയോ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കുക….! ഈശോ…. മറിയം…. ഔസേപ്പേ…!”

ആങ്ങള പെങ്ങളുടെ കണ്ണുകൾ ചേർത്തടച്ചു. അന്ന് ആങ്ങളയുടെ മുട്ടുകൾ കുംബസാരകൂട്ടിൽ മടങ്ങിയപ്പോൾ പെങ്ങൾക്ക് മാലാഖ പുഞ്ചിരി….!

 

എ. എസ്. റീഡ്‌.

You must be logged in to post a comment Login