‘സിനിമകള്‍ പൈശാചിക ശക്തികളെ മഹത്വവത്കരിക്കുന്നു’

വത്തിക്കാന്‍: ഭൂതോച്ചാടനം പ്രമേയമാക്കിയുള്ള മിക്ക സിനിമകളും പൈശാചിക ശക്തിയെ മഹത്വവത്കരിക്കുന്നവയാണെന്ന് ഭൂതോച്ചാടകനായ ഫാദര്‍ ഫ്രാന്‍സെസ്‌കോ ബാമൊനേറെ. വത്തിക്കാന്റെ ഔദ്യോഗിക ദിനപ്പത്രമായ ഒസ്സാര്‍ വത്താരെ റൊമാനോയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റാണ് ഫാദര്‍ ഫ്രാന്‍സെസ്‌കോ ബാമൊനേറെ.

ഭൂതോച്ചാടനം പ്രമേയമാക്കിയുള്ള സിനിമകളില്‍ പല പിഴവുകളും സംഭവിക്കാറുണ്ട്. ഇത്തരം സിനിമകള്‍ പലതും പൈശാചിക ശക്തികളെ ദൈവശക്തിക്കും മേലെയാണ് പ്രതിഷ്ഠിക്കുന്നത്. അന്തിമമായി വിജയിക്കുന്നത് ദൈവശക്തിയാണെങ്കിലും പൈശാചിക ശക്തിക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുക. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ ഇടയാക്കുന്നു.

സാത്താന് ഒരിക്കലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. സര്‍വ്വശക്തനുമല്ല. ഈ വസ്തുത ഇത്തരം ചിത്രങ്ങള്‍ പലതും വിസ്മരിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു പകരം സാത്താനെ സേവിക്കുന്നവയായി ഇത്തരം സിനിമകള്‍ മാറുന്നു, ഫാദര്‍ ഫ്രാസെസ്‌കോ ബാമൊനേറെ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login