സിസ്റ്റര്‍ നിര്‍മല- മാനവ സ്‌നേഹത്തിന്റെ പൂക്കാലം

സിസ്റ്റര്‍ നിര്‍മല- മാനവ സ്‌നേഹത്തിന്റെ പൂക്കാലം

In The Footsteps Of Mother Teresa In Calcutta, India In September, 2003.മദര്‍ തെരേസയുടെ പിന്‍ഗാമിയായി സിസ്റ്റര്‍ നിര്‍മല ജോഷി തിരഞ്ഞെുടക്കപ്പെട്ടപ്പോള്‍ എന്തു സ്വഭാവഗുണമാണ് സിസ്റ്റര്‍ നിര്‍മലയെ വ്യത്യസ്ഥയാക്കുന്നതെന്ന് പത്രപ്രവര്‍ത്തകര്‍ ചോദിച്ചു. ‘അവര്‍ പരസ്‌നേഹത്തിന്റെ ഒരു പ്രേഷിതയാണ് (ഷീ ഈസ് എ മിഷണറി ഓഫ് ചാരിറ്റി)’ എന്നായിരുന്നു മദറിന്റെ മറുപടി.

1934 ല്‍ ഇന്നത്തെ ജാര്‍ക്കണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ഒരു ഹിന്ദു ബ്രാഹ്മണകുടുംബത്തിലായിരുന്നു സിസ്റ്റര്‍
നിര്‍മലയുടെ പറവി. നേപ്പാളുകാരനായ ഒരു സൈനികോദ്യോകസ്ഥനായിരുന്നു, സിസ്റ്റര്‍ നിര്‍മലയുടെ പിതാവ്. പ്ടനയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയിരുന്ന വിദ്യാലയത്തിലാണ് സിസ്റ്റര്‍ നിര്‍മല പഠിച്ചതെങ്കിലും അവര്‍ 24 ാം വയസ്സു വരെ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിരുന്നില്ല.

‘എന്നെ ആരും ക്രിസ്ത്യാനി ആക്കിയിതല്ല. ആരെങ്കിലും എന്നോട് ക്രിസ്ത്യാനി ആകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ ആകുമായിരുന്നില്ല. ദൈവകൃപയാണ് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചതും എന്നെ ക്രിസ്ത്യാനി ആക്കിയതും. അവിടുത്തെ ഉത്തരവാദിത്വമാണ്, അവിടുത്തെ പ്രവര്‍ത്തിയാണ് മാനസാന്തരം. ആര്‍ക്കും മറ്റൊരാളുടെ മനസ്സു മാറ്റാനാവില്ല.’ സി. നിര്‍മല ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പൂവ് എന്നര്‍ത്ഥമുള്ള കുസും എന്നായിരുന്നു സിസ്റ്റര്‍ നിര്‍മലയുടെ ബാല്യകാല നാമം. ഉന്നതബ്രാഹ്മണകുലത്തില്‍ പെട്ടവരായിരുന്നു, കുസുമിന്റെ മാതാപിതാക്കള്‍. എട്ട് പെണ്ണും രണ്ട് ആണും അടങ്ങുന്ന പത്തുമക്കളില്‍ മൂത്തവളായിരുന്നു, കുസും. തന്റെ മാതാപിതാക്കള്‍ ഹൈന്ദവ മൂല്യങ്ങളില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നുവെന്ന് കുസും ഓര്‍ക്കുന്നു. മഹാത്മാഗാന്ധിയെ അതിരറ്റ് ആദരിച്ചിരുന്നു, കുസുമിന്റെ കുടുംബം. ചെറുപ്പം മുതലേ പാവങ്ങളോട് ആഴമായ കാരുണ്യം കുസുമിന് അനുഭവപ്പെട്ടിരുന്നു. കൃഷ്ണനോടും രാമനോടും ശിവനോടും പ്രാര്‍ത്ഥിച്ചിരുന്ന കുസുമിന് ശിവനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ശിവനെ കാണാന് ഭംഗിയില്ലാത്തതിനാല്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ കുറവാണ് എന്ന് കേട്ട അന്നു മുതലാണ് ശിവനെ കുസും കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത്.

1940 ല്‍ ആറു വയസ്സായ മകളെ കത്തോലിക്കാ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ സിസറ്റര്‍ നിര്‍മലയുടെ മാതാപിതാക്കള്‍ ഒന്നേ ആഗ്രഹിച്ചിരുന്നുള്ളൂ, മകള്‍ നല്ലായി ഇംഗ്ലീഷും കണക്കും പഠിക്കണം. ആ ഒറ്റ ഉദ്ദേശ്യത്തോടെ മാത്രമാണ് മതഭക്തനായ സൈനികനായിരുന്ന പിതാവ് സിസറ്റര്‍ നിര്‍മലയെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും ബൈബിള്‍ പഠിക്കാനും അനുവദിച്ചത്. മകള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുമെന്നും പാവങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.

ഏഴാം വയസ്സിലാണ് കുസും ആദ്യമായി യേശുവിന്റെ നാമം കേള്‍ക്കുന്നത്. ക്രൈസ്തവ മിഷണറിമാരുടെ സ്‌കൂളില്‍ വച്ച്. ഒന്‍പതാം വയസ്സില്‍ തന്റെ പ്രിയദേവനായ ശിവന്റെ ഉത്സവമായ ശിവരാത്രിക്ക് കുടുംബത്തോടൊപ്പം കുസും പോയി. കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കേ അവളെത്തിയത് ഡുറാന്‍ഡയിലെ ഒരു കത്തോലിക്കാ ദേവാലയാങ്കണത്തില്‍. കൈവിരിച്ചു നില്‍ക്കുന്ന വെളുത്ത ക്രിസ്തുരൂപം അവള്‍ കണ്ടു. ‘ആ രൂപം കണ്ട് ഞാന്‍ പേടിച്ചോടി.’ സിസ്റ്റര്‍ ഓര്‍ക്കുന്നു. പതുക്കപ്പതുക്കെ അവളുടെ പേടി മാറി. അവള്‍ ആ പള്ളിയിലേക്ക് മടങ്ങി വന്നു. അത് തിരുഹൃദയരൂപമായിരുന്നു. പിന്നെപ്പിന്നെ സ്‌കുളില്‍ നിന്നു മടങ്ങും വഴി അവള്‍ ആ രൂപം കാണാന്‍ ആ പള്ളിയില്‍ വരുമായിരുന്നു.

പിന്നീട് കുസുമിന് പതിനാറ് വയസ്സുള്ളപ്പോള്‍, ഡിപ്‌ളോമ നേടിയതിനു ശേഷം കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത്, എന്നും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന ഒരു ക്രിസ്ത്യന്‍ റൂംമേറ്റുണ്ടായിരുന്നു, അവര്‍ക്ക്. ഇത് നിര്‍മലയെ ആഴത്തില്‍ സ്വാധീനിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥനയിലൂടെ തന്റെ ഹൃദയത്തെ തൊട്ടു എന്നാണ് സിസ്റ്റര്‍ ഓര്‍ക്കുന്നത്.

താനൊരു ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോളാണ് യേശു തന്റെ ഉള്ളില്‍ ജീവിക്കുന്നുണ്ടെന്ന ശക്തമായ അനുഭവമുണ്ടായതെന്ന് സിസറ്റര്‍ നിര്‍മല സാക്ഷ്യപ്പെടുത്തുന്നു. ആ അനുഭവമുണ്ടായ ഉടനെയൊന്നും സിസറ്റര്‍ വിശ്വാസം സ്വീകരിച്ചില്ല. നിരന്തരമായ വിചിന്തനങ്ങളുടെയും മനസാക്ഷിയിലുള്ള പോരാട്ടങ്ങളുടെയും അവസാനമാണ് സിസ്റ്റര്‍ 24 ാം വയസ്സില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്.

നേപ്പാളില്‍ പോയി തന്റെ പിതൃദേശത്തെ പുനരുദ്ധരിക്കണമെന്ന് കുസും മോഹിച്ചു. ഒരിക്കല്‍ തന്റെ ഈ ആഗ്രഹം ഒരു അമേരിക്കന്‍ ഈശോസഭാ വൈദികനുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹമാണ് മദര്‍ തെരേസയെ കുറിച്ച് കുസുമിനോട് പറഞ്ഞത്. തന്റെ പദ്ധതി കുസും മദറിനെ എഴുതി അറിയിച്ചു. ‘കുസുമിന് നേപ്പാളില്‍ പോകാനാണ് ആഗ്രഹം എന്നെനിക്കറിയാം. എന്നാല്‍ നേപ്പാളിലായാലും ബംഗാളിലായാലും ഭൂമിയിലെവിടെയായാലും ആത്മാക്കള്‍ ഒന്നു തന്നെ.’ എന്നായിരുന്നു മദറുടെ മറുപടി. മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാകാന്‍ ക്ഷണിച്ചു കൊണ്ടായിരുന്നു ആ കത്ത് അവസാനിച്ചത്. ‘നിരുപാധികം വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വരിക’. കുസും കല്‍ക്കത്തയിലേക്ക് വണ്ടി കയറി.

mother andമദര്‍ തനിക്ക് രണ്ടാത്തെ മാതാവായിരുന്നുവെന്ന് സിസ്റ്റര്‍ നിര്‍മല ഓര്‍ക്കുന്നു. തന്റെ മനസ്സും ആഗ്രഹങ്ങളും യൗവനത്തിലെ സന്ദേഹങ്ങളും കുസും മദറിനോട് പങ്കു വച്ചു. എല്ലാം ക്ഷമയോട് മദര്‍ കേട്ടിരുന്നിട്ട് അവസാനം പറഞ്ഞു: ‘എല്ലാം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നു എന്നതു പോലെ പ്രാര്‍ത്ഥിക്കുക. എല്ലാം നിന്നെ ആശ്രയിച്ചിരിക്കുന്നു എന്ന പോലെ പ്രവര്‍ത്തിക്കുക.’

1958 ഏപ്രില്‍ 5 ന് കുസും മാമോദീസ സ്വീകരിച്ചു. മെയ് 24ന് നിര്‍മല എന്ന പേര് സ്വീകരിച്ച് മിഷണറീസ് ഓഫ് ചാരിറ്റി സഭയില്‍ ചേര്‍ന്നു.

‘ആദ്യമൊന്നും ഈ ജീവിതം അത്ര എളുപ്പമായിരുന്നില്ലെന്ന് സിസ്റ്റര്‍ നിര്‍മല ഓര്‍ക്കുന്നു. “എന്റെ കുടുംബത്തെ കുറിച്ചുള്ള ഓര്‍മ എന്നെ ദുഖിതയാക്കി. എല്ലാം ഞാന്‍ മദറിനോട് പങ്കു വച്ചു. മദര്‍ ധൈര്യം പകര്‍ന്നു. മദറായിരുന്നു എന്റെ ശക്തി. ദൈവത്തോട് സഹായം അപേക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും എന്നെ പഠിപ്പിച്ചത് മദറാണ്. ഒരിക്കല്‍ മദര്‍ പറഞ്ഞു: ‘ഇപ്പോള്‍ ജീവിതം മുഴുവനെ കുറിച്ച് ചിന്തിക്കേണ്ട. ഓരോ ദിവസവും ജീവിക്കുക.:’ അങ്ങനെ എന്റെ മനസ്സു ശാന്തമായി.”

കത്തോലിക്കാ സഭയില്‍ ചേര്‍ന്ന മകളെ അംഗീകരിക്കുക അവളുടെ മാതാപിതാക്കള്‍ക്ക് പ്രയാസമുള്ള കാര്യമായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ നിന്നൊരാള്‍ അങ്ങനെ പോകുന്നത് വിപ്ലവകരമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം അവര്‍ അംഗീകരിക്കുക തന്നെ ചെയ്തു. ‘എന്റെ ഏറ്റവും ഇളയ സഹോദരിയാണ് അവരെ പറഞ്ഞു ബോധ്യപ്പെടുത്തിയത്. അവളിന്നൊരു കന്യാസ്ത്രീയാണ്.’ സിസ്റ്റര്‍ പറയുന്നു.

മദറിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് മദറിന്റെ എളിമയാണ്. ‘ഈ ലോകത്തിന്റെ അപ്പുറത്തേക്ക് നോക്കുന്നവയായിരുന്നു, മദറിന്റെ കണ്ണുകള്‍. ദൈവഹിതത്തിന് സമ്പൂര്‍ണമായി കീഴടങ്ങിയവരായിരുന്നു, അവര്‍.’ സിസ്റ്റര്‍ നിര്‍മല പറയുന്നു.

1997 ല്‍ മദറിന്റെ പിന്‍മഗാമിയായി ലോകത്തിന്റെ അതിരുകളോളം പരന്നു കിടക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ സാരഥിയായി സിസ്റ്റര്‍ നിര്‍മല തെരഞ്ഞെടുക്കപ്പെട്ടു. മദറിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കാത്ത, ഒരു സഹോദരിയായി മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച് സിസറ്റര്‍ നിര്‍മല ‘സിസ്റ്റര്‍’ എന്ന പേരില്‍ സ്വയം ചുരുങ്ങി. എന്നാല്‍ സിസ്റ്റര്‍ നിര്‍മലയുടെ മഹിമ തിരിച്ചറിഞ്ഞ ഇന്ത്യാരാഷ്ട്രം അവരെ പത്മവിഭൂഷ്ണ്‍ ബഹുമതി നല്‍കി ആദരിച്ചു.

രാഷ്ട്ര മത ദേശ ഭാഷാ ഭേദങ്ങളില്ലാതെ ഏറ്റവും പാവപ്പെട്ടവരെ സേവിക്കുന്ന മഹായജ്ഞത്തിന്റെ രണ്ടാമത്തെ മഹാസാരഥിയെയാണ് ലോകത്തിന് നഷ്ടമായിരിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്തിന് അതിരുകളില്ലെന്നും ജാതിമത വ്യത്യാങ്ങളില്ലാതെ സകലരെയും പുണരുന്നതാണെന്നും പ്രഘോഷിക്കുന്ന മഹാമനുഷ്യത്വത്തിന്റെ ആത്മീയതയാണ് ലോകത്തിന്റെ പുണ്യം. ആരും, ആരും ഈ സ്‌നേഹസേവനത്തിന് പുറത്തല്ല. ക്രിസ്തു ആര്‍ക്കും അന്യനല്ലല്ലോ!

 

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login