സിസ്റ്റര്‍ ലൂസി കുര്യന്‍; ഇന്ത്യയുടെ മുറിവുണക്കുന്ന ഹൃദയം

സിസ്റ്റര്‍ ലൂസി കുര്യന്‍; ഇന്ത്യയുടെ മുറിവുണക്കുന്ന ഹൃദയം

കേന്ദ്രസര്‍ക്കാരിന്‍റെ സ്ത്രീ ശാക്തീകരണ അവാര്‍ഡും മനോരമയുടെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേടിയ സിസ്റ്റര്‍ ലൂസി കുര്യന്‍റെ ജീവിതവും പ്രവര്‍ത്തനവും.

വര്‍ഷം 1991.

കോണ്‍വെന്റിന്റെ വാതില്‍ക്കല്‍ ഒറ്റചിറകുള്ള പക്ഷിയെപോലെ ഒരു സ്ത്രീ..അവര്‍ക്ക് ഒരാവശ്യമേ ഉണ്ടായിരുന്നുള്ളൂ. തല ചായ്‌ക്കൊനിരിടം.

ഏഴുമാസം ഗര്‍ഭിണിയായ ആ സ്ത്രീ മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയതാണ്. മാത്രവുമല്ല അയാള്‍ വീട്ടില്‍ മറ്റൊരു സ്ത്രീയെ കൂടി ഭാര്യയായി പാര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ കയറിച്ചെല്ലാന്‍ ഒരിടമില്ല.. ആ സങ്കടത്തിന് ഒറ്റയടിക്ക് ഒരു തീരുമാനം കല്പിക്കാന്‍ സിസ്റ്റര്‍ ലൂസി കുര്യന് കഴിയുമായിരുന്നില്ല.

കാരണം അന്നേ ദിനം മദര്‍ അവിടെയുണ്ടായിരുന്നുമില്ല. അതുകൊണ്ട് തല്ക്കാലം ഇപ്പോള്‍ പൊയ്‌ക്കോള്ളൂ നാളെ നമുക്ക് എന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞ് സിസ്റ്ററിന് ആ സ്ത്രീയെ മടക്കി അയ്‌ക്കേണ്ടതായി വന്നു.

അതേ ദിവസം രാത്രി, കോണ്‍വെന്റിന് വെളിയില്‍ നിന്ന് ഒരു സ്ത്രീയുടെ ആര്‍ത്തനാദം സിസ്റ്ററുടെ കാതുകളിലെത്തി.

എന്നെ രക്ഷിക്കൂ.. എന്നായിരുന്നു ആ നിലവിളി.

എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ സിസ്റ്റര്‍ അവിടേയ്‌ക്കോടിചെന്നു. തീപ്പന്തമായി നില്ക്കുന്ന ഒരു സ്ത്രീയെയാണ് സിസ്റ്റര്‍ കണ്ടത്.

എന്നെ രക്ഷിക്കൂ.എന്നെ രക്ഷിക്കൂ.

തീപ്പന്തം അലറിക്കരഞ്ഞുകൊണ്ടിരുന്നു.

ആരും അവിടേക്ക് ചെല്ലാന്‍ ധൈര്യപ്പെട്ടില്ല. ആളിപ്പടരുന്ന അഗ്നിനാളങ്ങള്‍ക്കിടയില്‍ ആ സ്ത്രീയുടെ മുഖം സിസ്റ്റര്‍ കണ്ടു..അന്നേ ദിനം അഭയത്തിനായി തന്റെ അടുക്കല്‍ വന്ന ആ ഗര്‍ഭിണി!

മദ്യപനായ ഭര്‍ത്താവ് അവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആരുടെയൊക്കെയോ സഹായത്തോടെ സിസ്റ്റര്‍ ആ സ്ത്രീയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും 90% പൊളളലേറ്റ ആ സ്ത്രീ മരിക്കുകയാണ് ചെയ്തത്.  കുട്ടിയെയും രക്ഷിക്കാന്‍ ഡോക്ടേഴ്‌സിനായില്ല. ചുട്ടെടുത്തതുപോലെയുള്ള പൂര്‍ണ്ണവളര്‍ച്ചയെത്താത്ത മാംസപിണ്ഡത്തെ കൈകളിലേറ്റുവാങ്ങുമ്പോള്‍ സിസ്റ്റര്‍ ഉറക്കെ കരഞ്ഞുപോയി. ആ നിലവിളിയില്‍ നിന്ന് ഒരു പ്രസ്ഥാനം രൂപപ്പെടുകയായിരുന്നു. മാഹേര്‍. 1997 ഫെബ്രുവരി 2 ന് പിറവിടെയുത്ത മഹേറില്‍ ആദ്യദിനം തന്നെ രണ്ട് സ്ത്രീകള്‍ അഭയം തേടിയെത്തി. അതു ഒരു തുടക്കമായിരുന്നു. അതൊരു വിജയമായിരുന്നു.
***

ഒറ്റപ്പെട്ടവരുടെ ശബ്ദമായിരുന്നു സിസ്റ്റര്‍ ലൂസി കുര്യന്. പരിത്യക്തരുടെയും ദരിദ്രരുടെയും ശബ്ദമായിരുന്നു സിസ്റ്ററിന്. അവരോട് പക്ഷം ചേര്‍ന്നു നടക്കുകയും അവരെ സ്‌നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കൂടാരങ്ങളില്‍ വാസമുറപ്പിക്കുകയും ചെയ്ത ആ കരുതലിന് രാഷ്ട്രത്തിന്റെ കൂടി അംഗീകാരമുദ്ര.

ഇത്തവണത്തെ കേന്ദ്രവനിതാ ക്ഷേമവകുപ്പിന്റെ സ്ത്രീശാക്തീകരണ അവാര്‍ഡ് അങ്ങനെയാണ് സിസ്റ്റര്‍ ലൂസി കുര്യനെ തേടിയെത്തിയത്.

കണ്ണൂര്‍ കോളയാട് സ്വദേശിയും അരയങ്ങാട് അസംപ്ഷന്‍ പള്ളി ഇടവകാംഗവുമാണ് സിസ്റ്റര്‍ ലൂസി. 1997 മുതല്‍ ക്രിസ്തുവിന്റെ വാക്കുകളെ ശിരസാവഹിച്ച് ദരിദ്രരുടെ പക്ഷം ചേര്‍ന്ന് സിസ്റ്റര്‍ ലൂസിയുണ്ട്. പുനൈയില്‍ സ്ഥാപിച്ച മാഹോര്‍ എന്ന സന്നദ്ധ സംഘടനവഴിയാണ് സിസ്റ്ററുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കപ്പെട്ടത്.

തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക രോഗികളായവര്‍ക്കും അഭയമാകുന്ന കേന്ദ്രമാണ് മാഹോര്‍. മഹാരാഷ്ട്ര, ജാര്‍ഖണ്‍ഡ്, കേരളം എന്നിവിടങ്ങളിലായി 19 കേന്ദ്രങ്ങള്‍ മാഹോറിനുണ്ട്. സിസ്‌റ്റേഴ്‌സ് ഓഫ് ദ ക്രോസ് ഓഫ് ഷവനോഡ് സന്യാസസമൂഹാംഗവും കോട്ടയം അതിരൂപതാംഗവുമാണ് സിസ്റ്റര്‍.

ഇതിനകം മാഹോറിന്റെ സ്‌നേഹത്തില്‍ പങ്കുപറ്റി ജീവിതത്തിന്റെ പച്ചപ്പിലേക്ക് രണ്ടായിരത്തിലധികം കുട്ടികള്‍ കടന്നുപോയിട്ടുണ്ട്. അതുപോലെ സ്ത്രീകളും മാനസികരോഗികളായ പുരുഷന്മാരും.

വാക്കേച്ചാലില്‍ കുര്യന്‍ മറിയക്കുട്ടി ദമ്പതികളുടെ മകളായ സിസ്റ്ററിന് ഗ്ലോബല്‍ വിമണ്‍സ് സമ്മിറ്റിന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡ്, മലയാള മനോരമയുടെ വുമന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. സഹോദരങ്ങള്‍; മേരി, ചിന്നമ്മ, ജോസ്, ലിസി, ബെന്നി, റാണി, സിബി
***
ണ്ടു കാര്യങ്ങളിലാണ് മഹേര്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത്. ദൈവത്തിലും മനുഷ്യരുടെ നന്മയിലും. സിസ്റ്റര്‍ പറയുന്നു.

മതമോ ജാതിയോ ഇവിടെയുള്ള അംഗങ്ങള്‍ക്കില്ല. ഹിന്ദുവും ബുദ്ധനും മുസ്ലീമും ക്രിസ്ത്യാനിയും എല്ലാം ഇവിടെയുണ്ട്. സൗഖ്യവും സ്‌നേഹവും കൊണ്ട് പുതിയൊരു സമൂഹത്തെ വാര്‍ത്തെടുക്കുക. അതാണ് സിസ്റ്ററുടെ സ്വപ്നം. ആ സ്വപ്നം ഇന്ത്യയില്‍ മാത്രമായി ഒതുങ്ങിനില്ക്കരുതെന്നും സിസ്റ്റര്‍ ആഗ്രഹിക്കുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട ബൈബിള്‍ വചനമായി സിസ്റ്റര്‍ പറയുന്നത് വിളവധികം വേലക്കാരോ ചുരുക്കം എന്നതാണ്. എല്ലാവരുടെയും ഉള്ളില്‍ ദൈവസ്‌നേഹത്തിന്റെ അഗ്നി നിറയുമ്പോള്‍ സ്‌നേഹിക്കുവാനും സേവിക്കുവാനുമായി അനേകര്‍ ഇറങ്ങിത്തിരിക്കുമെന്ന് സിസ്റ്റര്‍ പ്രതീക്ഷിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു.

 

വിനായക്

You must be logged in to post a comment Login