‘സീരിയലുകളില്‍ കാണുന്നതല്ല യഥാര്‍ത്ഥ സ്‌നേഹം’

വത്തിക്കാന്‍: എന്താണ് സ്‌നേഹം..? സ്‌നേഹത്തെക്കുറിച്ചു പറയുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ സത്യത്തില്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കാറുണ്ടോ..? സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോടു ചോദിച്ചു. ‘സ്‌നേഹം’ എന്നത് അനുദിന ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദങ്ങളിലൊന്നാണ്. പക്ഷേ, അതിന്റെ വിശുദ്ധിയും മഹത്വവും നമ്മില്‍ എത്ര പേര്‍ക്കറിയാം..? മാര്‍പാപ്പ ചോദിച്ചു.

ക്രിസ്തുമസ് അവധിക്കു ശേഷം സാന്റ മാര്‍ത്തയില്‍ രണ്ടാമത്തെ തവണ അര്‍പ്പിച്ച ദിവ്യബലി സന്ദേശത്തിലാണ് മാര്‍പാപ്പ സ്‌നേഹത്തെക്കുറിച്ച് വിശ്വാസികളോടു സംസാരിച്ചത്. ‘ദൈവം സ്‌നേഹമാകുന്നു’, യോഹന്നാന്‍ ശ്ലീഹായുടെ ഒന്നാം ലേഖനം ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.

നമ്മള്‍ വിചാരിക്കും സീരിയലുകളിലും സിനിമകളിലും കാണുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന്. എന്നാല്‍ അത് സ്‌നേഹമേ അല്ല. വെറും തെറ്റിദ്ധാരണയാണത്. ചിലര്‍ക്ക് സ്‌നേഹമെന്നാല്‍ ചിലരോടു തോന്നുന്ന ഒരു ‘ക്രഷ്’ ആണ്. അത്തരം വികാരങ്ങള്‍ അധികകാലം നീണ്ടു നില്‍ക്കില്ല. യാഥാര്‍ത്ഥ സ്‌നേഹം അവിടെ കണ്ടെത്താനാവില്ല.

സ്‌നേഹിക്കുന്നവര്‍ ദൈവത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.കാരണം, ദൈവം സ്‌നേഹമാണ്. എല്ലാ സ്‌നേഹവും ദൈവമാണ്. ആദ്യമായി മനുഷ്യനെ സ്‌നേഹിച്ചത് അവിടുന്നാണ്. ഇന്നും ആ സ്‌നേഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പാപികളായ നമ്മെ അവിടുന്ന് കാത്തിരിക്കുന്നു. സ്‌നേഹത്തോടെ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ ഈ സ്‌നേഹം നമുക്ക് കൂടുതല്‍ അടുത്തറിയാം, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login