സീറോ മലബാര്‍സഭ ഉയരങ്ങളിലേക്ക്, പാലാ രൂപത സംഭാവനകളില്‍ മുമ്പില്‍

സീറോ മലബാര്‍സഭ ഉയരങ്ങളിലേക്ക്, പാലാ രൂപത സംഭാവനകളില്‍ മുമ്പില്‍

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക്, ഗ്രേറ്റ് ബ്രിട്ടനിലെ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപത നിലവില്‍ വന്നതോടെ, ആകെ രൂപതകളുടെ എണ്ണം 32 ആയി . പുതിയ രണ്ടു മെത്രാന്മാര്‍ നിയുക്തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി.

കാനഡയില്‍ മിസിസാഗ ആസ്ഥാനമായി സഭയ്ക്ക് എക്‌സാര്‍ക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ സഭയ്ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരുമുണ്ട്. ഇന്ത്യക്കുള്ളില്‍ 29 രൂപതകളാണു സഭയ്ക്കുള്ളത്. ചിക്കാഗോ, മെല്‍ബണ്‍, പ്രസ്റ്റണ്‍ എന്നിവയാണു ഇന്ത്യക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍.

ഇന്ത്യയ്ക്കു പുറത്ത് ആറു മെത്രാന്മാര്‍ ശുശ്രൂഷ ചെയ്യുന്നു. ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതാതിര്‍ത്തികള്‍ക്കു പുറത്തുള്ള മേഖലകളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ തൃശൂര്‍ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലാണ്. മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയുണ്ട്.

ഇന്നലെ നിയുക്തനായ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. പ്രസ്റ്റണ്‍ ഒഴികെയുള്ള രൂപതകളിലായി 49.21 ലക്ഷം വിശ്വാസികളാണു ഔദ്യോഗിക കണക്കുകള്‍ പ്രകാരം സഭയ്ക്കുള്ളത്.

4,065 രൂപത വൈദികരും 3,540 സന്യാസസമൂഹങ്ങളിലെ വൈദികരും സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നു.

ആഗോളകത്തോലിക്കാ സഭയ്ക്ക് ഏറ്റവുമധികം വൈദികരെയും സന്യാസിനികളെയും സമ്മാനിച്ച രൂപതകളിലൊന്നാണു പാലാ. പാലാ രൂപതാംഗങ്ങളായി വിവിധ റീത്തുകളില്‍ 28 മെത്രാന്‍മാരുണ്ട്.

സീറോ മലബാര്‍ സഭയ്ക്കു ഗ്രേറ്റ് ബ്രിട്ടനില്‍ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപതയും യൂറോപ്പിലെ വിശ്വാസികള്‍ക്കായി അപ്പസ്‌തോലിക് വിസിറ്റേറ്ററെയും ലഭിച്ചതിനെയോര്‍ത്തു ദൈവത്തിനു നന്ദിയര്‍പ്പിക്കാന്‍ ഓരോ സഭാമക്കള്‍ക്കും കടമയുണെ്ടന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

സഭയുടെ അജപാലന ശുശ്രൂഷ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള അവസരമൊരുങ്ങുന്നതിന് ഇനിയും പ്രാര്‍ഥന ആവശ്യമുണെ്ടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

You must be logged in to post a comment Login