സീറോ മലബാര്‍ സഭയും ലാളിത്യ ആദ്ധ്യാത്മികതയും: ചില പ്രായോഗിക വിചിന്തനങ്ങള്‍

സീറോ മലബാര്‍ സഭയും ലാളിത്യ ആദ്ധ്യാത്മികതയും: ചില പ്രായോഗിക വിചിന്തനങ്ങള്‍

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ പ്രസക്തഭാഗങ്ങള്‍ 4

ക്രിസ്തീയ ലാളിത്യത്തിന്റെ ആത്മീയ ഭാവമായ ഈശോയുടെ ലളിത ജീവിതവും പ്രബോധനങ്ങളും സഭാപ്രബോധനങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ലളിതജീവിതദര്‍ശനവും ലാളിത്യ ജീവിതം അഭിമുഖീകരിക്കുന്ന ആധുനിക വെല്ലുവിളികളും വിശകലനം ചെയ്ത നാം അതിന്റെ ബാഹ്യവും പ്രകടവുമായ രൂപങ്ങളെക്കുറിച്ചാണ് ഇനി ചിന്തിക്കുക. ക്രിസ്തുവിന്റെ ലാളിത്യം എങ്ങനെ സീറോ മലബാര്‍ സഭയില്‍ നമുക്ക് പരിശീലിക്കാനും അഭ്യസിക്കാനും സാധിക്കും? ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിതത്തിലൂടെയും സന്ദേശത്തിലൂടെയും ക്രിസ്തുവിന്റെ ലാളിത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ സഭയില്‍ മുകളില്‍ നിന്ന് താഴോട്ടുള്ള അജപാലനശൈലിയിലെ മാറ്റങ്ങളെക്കുറിച്ച് നാം പ്രായോഗിക വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

സഭയിലെ അജപാലന നേതൃത്വം
സുവിശേഷത്തിലെ ഈശോയെ ഇന്നത്തെ സഭാശുശ്രൂഷയില്‍ അടുത്ത് അനുധാവനം ചെയ്യുവാന്‍ പരിശ്രമിക്കുന്ന ധാരാളം അജപാലകര്‍ നമുക്ക് ഇന്നുണ്ട്. എങ്കിലും നമ്മുടെ മെത്രാപ്പോലീത്താമാരും മെത്രാന്മാരും വൈദികരും ശെമ്മാശ്ശന്മാരും ക്രിസ്തുവിന്റെ ശിഷ്യത്വം ആവശ്യപ്പെടുന്ന ലാളിത്യത്തിന്റെ വിവിധ മാനങ്ങളെ തങ്ങളുടെ ജീവിതശൈലിയായി സ്വാംശീകരിക്കേണ്ടിയിരിക്കുന്നു. ചില പ്രായോഗിക ശൈലികള്‍ സഭയുടെ അജപാലന നേതൃത്വത്തിന്റെ മുഴുവന്‍ പരിചിന്തനമര്‍ഹിക്കുന്നു.

സംലഭ്യത: ലാളിത്യത്തിന്റെ വലിയൊരു മാനമാണ് സകലര്‍ക്കും സംലഭ്യരാകുകയെന്നത്. വൈദിക മേലധ്യക്ഷന്മാര്‍ ദൈവജനത്തിന്, പ്രത്യേകിച്ച് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക്, സമീപിക്കാവുന്നവരാകണം. വൈദികരുടെ ജീവിതവും ശുശ്രൂഷയും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് പ്രത്യേകം പ്രതികരിക്കുന്നവയാകണം. ഈശോയെപ്പോലെ ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുവാന്‍ തക്കരീതിയില്‍ വൈദികര്‍ തങ്ങളുടെ അജപാലനശുശ്രൂഷയില്‍ പാവപ്പെട്ടവര്‍ക്ക് സംലഭ്യരാകണം.

വ്യക്തിജീവിതത്തില്‍ ലാളിത്യം: അജപാലനശുസ്രൂഷയിലുള്ളവര്‍ ലാളിത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ മാത്രമാകാതെ ലാളിത്യത്തിന്റെ സ്വാഭാവിക ആവിഷ്‌കാരങ്ങളുമായിരിക്കണം. അപ്പോള്‍ മാത്രമാണ് സഭാശുശ്രൂഷകര്‍ക്ക് അവരുടെ ശുശ്രൂഷയില്‍ ആധികാരികത കൈവരുന്നത്. വസ്ത്രം, ഭക്ഷണം, യാത്ര, ജീവിതോപകരണങ്ങള്‍, എന്നിവയില്‍ ആഡംബരം വെടിഞ്ഞ് ലാളിത്യം സ്വീകരിക്കണം. അജപാലനനേതൃത്വത്തിലുള്ളവര്‍ ഒരുമിച്ചു കൂടുന്നയിടങ്ങളിലെ വാഹനങ്ങളും ഊട്ടുമുറികളും നിരീക്ഷിച്ചാല്‍ സുവിശേഷലാളിത്യത്തില്‍ നിന്നുള്ള നമ്മുടെ അകലം വ്യക്തമാവുകയില്ലേ. ഇടക്കെങ്കിലും പൊതുയാത്രാസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് മാതൃകാപരമായിരിക്കും. സാധാരണക്കാരൊടൊപ്പമായിരിക്കുകയും അവരുടെ ഹൃദയവികാരങ്ങളറിഞ്ഞ് അജപാലനശുശ്രൂഷയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെപ്പോലെ, സാധാരണ ജനങ്ങളോടൊപ്പമായിരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാകണം സഭാശുശ്രൂഷകര്‍.

അജപാലനസമീപനങ്ങള്‍: അജഗണങ്ങളോടുള്ള ഇടപെടല്‍ ധാര്‍ഷ്ട്യത്തോടെയാകരുത്., കാരുണ്യത്തോടെയായിരിക്കണം. സാമൂഹ്യശ്രേണിയില്‍ ആരുമായാണ് നാം താദാത്മ്യം പ്രാപിക്കുന്നത് എന്ന് വിലയിരുത്തണം. സഭ പാവപ്പെട്ടവളാണ്, പാവപ്പെട്ടവരുടേതാണ് എന്ന സഭാദര്‍ശനം ജീവിക്കുന്നവരാകുന്നതിലൂടെയാണ് നാം ക്രിസ്തുവിന്റെ ലാളിത്യത്തിന് സാക്ഷ്യം വഹിക്കുന്നത്.

പങ്കുവയ്ക്കല്‍: പാവപ്പെട്ടവരുമായി സമ്പത്ത് പങ്കുവയ്ക്കുന്നതിനുള്ള അവസരങ്ങള്‍ നഷ്യപ്പെടുത്താതിരിക്കുക. ദൈവജനത്തെ ഇത്തരത്തില്‍ അവബോധമുള്ളവരാക്കുകയും ദേവാലയനിര്‍മാണം, തിരുന്നാള്‍ തുടങ്ങിയ അവസരങ്ങളില്‍ പാവപ്പെട്ടവന്റെ നെടുവീര്‍പ്പുകള്‍ക്ക് കാതോര്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.

നീതിയുടെ പക്ഷം ചേരുക: നീതിക്കുവേണ്ടിയുള്ള സമരങ്ങളില്‍ സജീവമായി പങ്കുകൊള്ളുന്നവരാകണം സഭാശുശ്രൂഷയ്ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ടവര്‍. നമ്മുടെ സമുദായത്തിന് നീതി നിഷേധിക്കുമ്പോള്‍ മാത്രമാകാതെ, എവിടെയൊക്കെ നീതി നിഷേധിക്കപ്പെടുന്നുവോ, അവിടെയൊക്കെ സഭയുടെ പ്രതിനിധികളായി ക്രൈസ്തവ മൂല്യങ്ങല്‍ ഉയര്‍ത്തിപ്പിടിച്ച് ഇടപെടുവാന്‍ സഭാശുശ്രൂഷകര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

സഭയിലെ സന്യസ്തര്‍: ക്രിസ്തുവിന്റെ ദാരിദ്ര്യപ്രേമത്തെ മൗലികമായി ജീവിക്കുവാനാണ് ഓരോ സന്യാസസമൂഹവും വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം ഓഹരിയായുണ്ടെങ്കില്‍ ഒന്നിന്റെയും കുറവില്ലെന്ന് ഹൃദയത്തില്‍ ബോധ്യമുള്ളവരും ജീവിതം കൊണ്ട് സാക്ഷ്യം നല്‍കുന്നവരുമാകണം സന്യസ്തര്‍. ഇതിന് ചില പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ലളിതജീവിതശൈലിയിലേക്കുള്ള തിരിച്ചുപോക്ക്: സന്യാസശ്രേഷ്ഠരും സന്യസ്തരെല്ലാവരും ക്രിസ്തുവിന്റെ ലളിതജീവിതശൈലി സ്വാംശീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസവും ദാരിദ്രവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സമര്‍പ്പിത പ്രേഷിതത്വം സ്വീകരിച്ചവര്‍ക്ക് ഇത് സര്‍വോപരി വ്യക്തമായിരിക്കണമെന്ന് മാര്‍പാപ്പാ ആവശ്യപ്പെടുന്നു.

ദരിദ്രരോടു താദാത്മ്യപ്പെട്ടുള്ള സുവിശേഷവല്‍കരണ ദൗത്യം: ഈശോയെപ്പോലെ, സമൂഹത്തിലെ ഏറ്റവും ദരിദ്രരോടും എളിയവരോടും രോഗികളോടും അവഗണിക്കപ്പെട്ടവരോടും വിസ്മിക്കപ്പെട്ടവരോടും പ്രതിഫലം നല്‍കാന്‍ കഴിവില്ലാത്തവരോടും (ലൂക്കാ 4,13-14) പ്രത്യേക പരിഗണന കാണിച്ചുകൊണ്ടുള്ള സുവിശേഷവല്‍കരണത്തിനാണ് സന്യസ്ത- സമര്‍പ്പിതര്‍ പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുന്നത്. അധികാരത്തിനുള്ള എല്ലാ അവകാശങ്ങളും ഉപേക്ഷിച്ചുകൊണ്ടും ദരിദ്രരോടൊപ്പം അനുദിനജീവിതത്തിന്റെ അനിശ്ചിതത്വങ്ങളില്‍ ജീവിച്ചുകൊണ്ടും ദൈവസ്‌നേഹത്തിന്റെ സജീവമായ അടയാളങ്ങലായി മാറണം സന്യസ്തര്‍. അങ്ങനെ ദരിദ്രരുടെ സഹോദരീസഹോദരന്മാരായി തീരുന്നതുവഴി സുവിശേഷസന്തോഷത്തിന്റെ സാക്ഷികളാകുവാന്‍ അവര്‍ക്ക് സാധിക്കും.

സ്ഥാപനബദ്ധരാകാതിരിക്കുക: സ്ഥാപനങ്ങളുടെ സുരക്ഷിതതാവളങ്ങളില്‍ ഒതുങ്ങിക്കൂടാതിരിക്കുക. നമ്മുടെ പരമ്പരാഗത അജപാലന ശുശ്രൂഷകളായ വിദ്യാഭ്യാസ പ്രേഷിതത്വവും ആതുരസേവനപ്രവര്‍ത്തനങ്ങളും കാലഘട്ടത്തിന്റെ പ്രലോഭനങ്ങളായ ലൗകായികത്വവും മാത്സര്യവും ആര്‍ഭാടവും എങ്ങനെ അതിജീവിക്കണം എന്ന് നമ്മള്‍ വിശകലനം ചെയ്യണം. നിസ്സഹായരുടെ വ്യഗ്രതകളെയും രോഗികളുടെ അടിയന്തിരാവശ്യങ്ങളെയും ചൂഷ്ണം ചെയ്യരുത്.

സന്യാസസഭകളുടെ സമ്പത്ത് പൊതുനന്മയ്ക്കുള്ളതാണ് എന്ന അവബോധം വളര്‍ത്തിയെടുക്കുക. പ്രവാചകമനസ്സോടെ അശരണര്‍ക്ക് അത്താണികളാകുന്നതില്‍ ജീവിതസാഫല്യം അനുഭവിക്കുന്നവരാകുക. ജീവിതത്തിന്റെ ഇടനാഴികളില്‍ ഇടറിവീഴുന്നവരെ താങ്ങിയെടുത്ത് പുതിയ ഇടങ്ങള്‍ തരപ്പെടുത്തിക്കൊടുക്കുന്ന സന്യസ്തര്‍ ക്രിസ്തുവിന്റെ ദൈവരാജ്യം വിസ്തൃതമാക്കുകയാണ്.

ഇടവകയും അജപാലനശൈലികളും

ഇടവകയെന്നത് ഒരു പ്രദേശത്തുള്ള സഭയുടെ സാന്നിദ്ധ്യമാണ്. സഭാഗാത്രത്തിലുള്ളവരുടെയും ആ പ്രദേശത്തുള്ള ഇതരമതസ്ഥരുടെയും ജീവിതങ്ങളില്‍ ദൈവത്തിന്റെ പരിപാലനയും ക്രിസ്തുവിന്റെ കരുണാര്‍ദ്രസ്‌നേഹവും ചൊരിയപ്പെടേണ്ടത് ഇടവകകൂട്ടായ്മയിലൂടെയാണ്. അതിനുതകുന്ന ശൈലീമാറ്റം ഇടവകകളെ കൂടുതല്‍ അര്‍ത്ഥവത്താക്കും.
ഇടവകയുടെ അജപാലനപ്രവര്‍ത്തനങ്ങളെ മുന്‍ഗണനാക്രമത്തില്‍ വിലയിരുത്തണം.

ലാളിത്യവും ആത്മീയോത്ക്കര്‍ഷവും പ്രധാനലക്ഷ്യങ്ങലായി മാറണം. അവ പാവപ്പെട്ടവരോടുള്ള കാരുണ്യപ്രവൃത്തികളായി ബഹിര്‍സ്ഫിരിക്കണം. അങ്ങനെ ഇടവക സകലര്‍ക്കും സ്വാകതമോതുന്ന തുറന്ന കവാടമായി പ്രദേശവാസികള്‍ക്ക് അനുഭവപ്പെടണം.
അതിരുകടന്ന ആഘോഷങ്ങള്‍ക്കും അനാവശ്യമയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും വ്യര്‍ത്ഥമായ പല ആചാരങ്ങല്‍ക്കും ചിലവഴിക്കുന്ന സമയവും ഊര്‍ജവും കുറച്ച് ഇടവകയുടെ അജപാലനശുശ്രൂഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക. പ്രവര്‍ത്തനങ്ങളുടെ ആധിക്യത്താല്‍ ഇടവകയിലുള്ള കുടുംബബന്ധങ്ങളുടെ നിജസ്ഥിതി അറിയാന്‍ പോലും അജപാലകന് കഴിയാതെ വരുന്ന സാഹചര്യങ്ങള്‍ തിരുത്തപ്പെടണം. ഒരു പ്രദേശത്തെ ദൈവജനത്തിന്റെ നെടുവാര്‍പ്പുകള്‍ക്കും പരിദേവനങ്ങള്‍ക്കും കര്‍ത്താവു കൊടുക്കുന്ന ഉത്തരങ്ങലായി നമ്മുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ മാറണം.

ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ടിന് കൊടുക്കുന്ന പ്രാധാന്യം പുന:പരിശോധിക്കുവാന്‍ അനേകം തവണ സഭാനേതൃത്വം തന്നെ ആഹ്വാനം ചെയ്തിട്ടുള്ളതാണ്. ദേവാലയത്തിന്റെ പരിശുദ്ധി, ദേവാലയപരിസരങ്ങളില്‍ ഉണ്ടായിരിക്കേണ്ട നിശബ്ദത എന്നിവ വെടിക്കെട്ടിനേക്കാള്‍ പ്രാധാന്യമുള്ളവയാണെന്ന് നാം തിരിച്ചറിയണം. സബ്ദമലിനീകരണം, അ്തരീക്ഷമലിനീകരണം, ധനദുര്‍വിനിയോഗം തുടങ്ങിയവ സാമൂഹിക തിന്മകളാണ്. ജീവനും ആരോഗ്യത്തിനും വലിയ നഷ്ടങ്ങള്‍ വരുത്തുന്നു.

ആദിമസഭാസമൂഹത്തെപ്പോലെ പ്രാര്‍ത്ഥന, അപ്പംമുറിക്കല്‍ കൂട്ടായ്മ എന്നിവയില്‍ വാര്‍ത്തെടെക്കപ്പെട്ട ജീവത്തായ ക്രൈസ്തവസമൂഹങ്ങളായി ഇടവകകള്‍ മാറണം. കൂടുതല്‍ സമ്പത്തുള്ള പള്ളികള്‍ അത് പൊതുനന്മയ്ക്കായി ഉപയോഗിക്കണം. ആഘേഷങ്ങള്‍ക്കായി സ്വരുക്കൂട്ടുന്ന പണത്തിന്റെ നല്ല ഒരു ശതമാനം പാവപ്പെട്ടവരെ സഹായിക്കുന്ന കാരുണ്യനിധിയായി മാറ്റിവയ്ക്കുകയും അര്‍ഹിക്കുന്നവരെ സഹായിക്കുവാനായി അത് ഉപയോഗിക്കുകയും വേണം.

അജപാലനമേഖലയിലെ ആധുനിക വെല്ലുവിളികള്‍

നല്ല സമരിയാക്കാരന്റെ ഉപമ ഇന്നത്തെ അജപാലനശുശ്രൂഷയ്ക്ക് വെല്ലുവിളിയാണ്. ഉപമയിലെ പുരോഹിതനെയും ലേവായനെയും പോലെ സ്ഥാപനങ്ങളുടെയും പരമ്പരാഗത പ്രസ്ഥാനങ്ങലുടെയും കാവല്‍ക്കാരാകുന്നതില്‍ നമ്മുടെ അജപാലനശുശ്രൂഷ അവസാനിക്കുന്നുണ്ടോ? ബലിയര്‍പ്പിക്കാനുള്ള തത്രപ്പാടില്‍ ദേവാലയത്തിലേക്കു നീങ്ങുന്ന പുരോഹിതന്‍; കൂടെയായിരിക്കേണ്ട ലേവായന്‍; വഴിയില്‍ മുറിവേറ്റ് കേഴുന്നവന്‍ അവരുടെ കര്‍മ്മങ്ങല്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവനാണ്. എന്നാല്‍, സമരിയാക്കാരന്‍ ചിന്തിക്കുന്നത്, മുറിവേറ്റവന് എന്ത് സംഭവിക്കും എന്നാണ്. അവന്‍ തന്റെ കഴുതപ്പുറത്തുനിന്ന് താഴെയിറങ്ങി; മുറിവുകള്‍ വച്ചുകെട്ടി എണ്ണ പകര്‍ന്നു. സത്രത്തിലെത്തിച്ചു. അവിടെ ബലി നടന്നത് തെരുവിലാണ്. സംവിധാനങ്ങലുടെയും കെട്ടുപാടുകളുെയും അപ്പുറത്ത് ഈശോയുടെ മനോഭാവം സ്വന്തമാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ നമ്മെ ആഹ്വാനം ചെയ്യുന്നു.

നമ്മുടെ സഭയില്‍ ഇത്തരത്തിലുള്ള ധാരാളം അജപാലനമുന്നേറ്റങ്ങള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. തടവറപ്രേഷിതത്വം, ആകാശപ്പറവകളുടെ കൂട്ടുകാര്‍, മാര്‍ക്കറ്റ് പ്രേഷിതത്വം, അവയവദാന മുന്നേറ്റങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലെ ശുശ്രൂഷകള്‍, മാനസികരോഗികളുടെയും ലഹരിക്കടിമപ്പെട്ടവരുടെയും വേശ്യാവൃത്തിയിലേര്‍പ്പെട്ടവരുടെയും ഇടയിലെ പ്രേഷിതപ്രവര്‍ത്തനം തുടങ്ങി നിരവധിയായ പുതിയ പ്രേഷിതമേഖലകള്‍ ഇന്നു നിലവിലുണ്ട്. മുറിവേല്‍പിച്ച കൊള്ളക്കാരന്റെ മാനസാന്തരം അജപാലനശുശ്രൂഷയുടെ ഭാഗമായിട്ടുണ്ട് ഇന്ന്. വഴിമാറിപ്പോയ പുരോഹിതനും ലേവായനും, മുറിവുവെച്ച് കെട്ടി സത്രത്തിലെത്തിച്ച സമരിയാക്കാരനും സഭാശുശ്രൂഷയില്‍ ഒരേ ക്രിസ്തുമനസ്സോടെ പങ്കാളിയാകുന്നതായി കാണാം. ഇവിടെ ബലിയും ബലിപീഠവും ബലിവസ്തുവും തമ്മിലൊരു ലയമുണ്ട്. അവ നമ്മുടെ സഭ ലോകത്തിനുമുമ്പില്‍ നല്‍കുന്ന നൂതനസാക്ഷ്യങ്ങളാണ് എന്ന് സന്തോഷത്തോടെ പറയട്ടെ. എന്നാല്‍, ഈ മനോഭാവം സഭയുടെ എല്ലാ മേഖലകളിലേക്കും വ്യാപിക്കണമെങ്കില്‍ സഭ ലാളിത്യത്തിന്റെ ലഘുത്വത്തിലേക്ക് കൂടുതലായി കടന്നുവരേണ്ടിയിരിക്കുന്നു.

ഇത്രയും പറഞ്ഞതുകൊണ്ട് സ്ഥാപനങ്ങളെ സഭ പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നര്‍ത്ഥമില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഭാസ്ഥാപനങ്ങള്‍ക്ക് ശൈലീമാറ്റം അനിവാര്യമാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും പ്രാപ്യമായ ഉന്നതവിദ്യാഭ്യാസത്തിന്റെ വക്താക്കളാകണം നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ദാരിദ്ര്യത്തിന്റെ നിസ്സഹായത അനുഭവിക്കുന്ന പാവം രോഗിയായിരിക്കണം സഭയുടെ ആശുപത്രിയിലെ ഏറ്റവും വലിയ വിഐപി. അങ്ങനെയുള്ളവരെ സഹായിക്കുന്നത് നഷ്ടത്തിന്‍രെ പട്ടികയിലല്ല ഉള്‍പ്പെടുത്തേണ്ടത്. ഉയര്‍ന്ന നിലവാരമുള്ള അംഗീകൃത സ്ഥാപനങ്ങലില്‍ പത്ത് ശതമാനം സീറ്റ് പാവപ്പെട്ടവര്‍ക്ക് നീക്കിവയ്ക്കുക. കെട്ടിടനിര്‍മ്മാണത്തില്‍ ആര്‍ഭാടത്തേക്കാള്‍ സൗകര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിന് ബോധവല്‍ക്കരണം നല്‍കുക. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ രൂപതകളും സന്യാസസഭകളും സുതാര്യത ഉറപ്പുവരുത്തണം. ഇവയുടെ ഭരണസമിതികളില്‍ ക്രിസ്തീയബോധ്യങ്ങളുള്ള അത്മായരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുവാന്‍ നാം പരിശ്രമിക്കണം.

ക്രിസ്തീയ കുടുംബത്തിലെ ലാളിത്യ വെല്ലുവിളികള്‍

ക്രിസ്തീയ കുടുംബം ഗാര്‍ഹികസഭയാണ് എന്ന സഭാപ്രബോധനം സഭയും കുടുംബവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തെ പ്രകടമാക്കുന്നു. കുടുംബം കേവലം ഒരു സാമൂഹിക സ്ഥാപനമല്ല. മറിച്ച് ക്രിസ്തുവില്‍ ആരംഭിച്ച ദൈവരാജ്യത്തിന്റെ വാതായനമാണ്. അവരുടെ അനുദിനജീവിതം സഭയുടെ യഥാര്‍ത്ഥ ആവിഷ്‌ക്കരണമാണ്.

ക്രിസ്തീയ കുടുംബങ്ങള്‍ ദൈവികജീവിതക്രമം അഭ്യസിക്കുന്ന കളരികളായി മാറണം. സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുക, മക്കളോടൊപ്പം പ്രാര്‍ത്ഥിക്കുക, ഒരുമിച്ചിരുന്ന് ദൈവവചവനം വായിക്കുക, പഠിക്കുക, വിശുദ്ധ കുര്‍ബാനയിലും മറ്റ് കൂദാശകളിലും പങ്കെടുക്കുക തുടങ്ങിയവയിലൂടെ തങ്ങളുടെ മക്കളുടെ ഭാവി കേവലം ഭൗതികമായ സുരക്ഷിതത്വം ഉറപ്പുവരുതത്തുന്നതിലല്ല, ദൈവിക പദ്ധതി തിരിച്ചറിഞ്ഞ് ജീവിക്കുന്നതിലാണ് എന്ന് മാതാപിതാക്കള്‍ മക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം.
ആഘോഷങ്ങളും തിരുന്നാളുകളും ആര്‍ഭാടത്തിനുള്ള അവസരങ്ങളായിക്കാണാതെ, വിശ്വാസജീവിതത്തിന്റെ ബഹിര്‍സ്ഫുരണമായിത്തീരുവാന്‍ വേണ്ട സമീപങ്ങള്‍ ഈ അസംബ്ലിയില്‍ ഉരിത്തിരിയണം.

ഈശോയുടെ കാരുണ്യകരങ്ങളായി മക്കളെ രൂപപ്പെടുത്തണം. തങ്ങളുടെ മക്കള്‍ അവരുടെ ജീവിതത്തിലൂടെ അനേകം മക്കള്‍ക്ക് താങ്ങും തണലുമായി, അധരങ്ങളില്‍ സുവിശേഷവും കരങ്ങളില്‍ പരസ്‌നേഹപ്രവൃത്തിയും ഹൃദയത്തില്‍ ദൈവസ്‌നേഹവും ജീവിക്കുന്നത് കാണുവാന്‍ എത്ര മാതാപിതാക്കള്‍ കൊതിക്കുന്നു.

സമ്പത്തിനോടും വിഭവങ്ങളോടുമുള്ള നീതിപൂര്‍വകമായ ക്രൈസ്തവസമീപനം മാതാപിതാക്കള്‍ പുലര്‍ത്തിയാല്‍ മാത്രമേ മക്കള്‍ മൂല്യാധിഷ്ഠിതജിവിതം നയിക്കുന്നവരാകൂ. ജോലി ചെയ്യുന്നിടത്ത് കൈക്കൂലി വാങ്ങി അമിതമായി സ്വത്ത് സമ്പാദിക്കുകയും സ്വന്തം മക്കള്‍ക്ക് ആര്‍ഭാടമായി ജീവിക്കാന്‍ പണം കരുതുകയും ചെയ്തിട്ട് മക്കളാല്‍ തിസ്‌കരിക്കപ്പെട്ട് ദുരിതമനുഭവിക്കുന്ന മാതാപിതാക്കളെ നമുക്ക് കാണാനാകും. ഏത് കള്ളത്തരത്തിലൂടെയും സ്വരുക്കൂട്ടിയ പണത്തിന്റെ ഒരു നിശ്ചിതതുക സഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്താല്‍ സര്‍വ്വപാപവും തീരുമെന്നുള്ള തെറ്റായ ചിന്ത അറിഞ്ഞോ അറിയാതയോ നമ്മുടെ അജപാലനസമീപനങ്ങളിലൂടെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടരുത്.

നമ്മുടെ കുടുംബങ്ങലിലെ ആഘോഷങ്ങളില്‍ പാവങ്ങളോടുള്ള കരുതലും പങ്കുവയ്ക്കുന്നതിലെ ആനന്ദവും അവിഭാജ്യഘടകങ്ങളാക്കി മാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചെറുപ്പം മുതല്‍ കുട്ടികളെ അതില്‍ പരിശീലിപ്പിക്കുകയും വേണം.
വിവാഹാഘോഷങ്ങളിലെ ആര്‍ഭാടവും ധൂര്‍ത്തും നിയന്ത്രിക്കുന്നതിന് എന്ത് പ്രായോഗിക നടപടികള്‍ സ്വീകരിക്കാനാകും എന്ന് പരിചിന്തനം ചെയ്യേണ്ടതാണ്.

ലളിതജീവിതം നയിക്കുകവഴി സഭയ്ക്കും സമൂഹത്തിനും ആവശ്യത്തില്‍ ഞെരുങ്ങുന്നവര്‍ക്കും വേണ്ടി സമയം മാറ്റിവയ്ക്കുവാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. ബൗദ്ധികവും സാങ്കേതികവും തൊഴില്‍പരവുമായ തങ്ങളുടെ പാടവങ്ങളെ സഭാകൂട്ടായ്മയ്ക്കും പൊതുസമൂഹത്തിനും ഉപകാരപ്പെടുത്തണം. പ്രത്യേകിച്ച്, ഉദ്യോഗങ്ങളില്‍ നിന്ന് വിരമിച്ചവരുടെ കഴിവുകള്‍ ഉപകാരപ്പെടുത്തണം.

( തുടരും)

You must be logged in to post a comment Login