സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിക്ക് തുടക്കമായി

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിക്ക് തുടക്കമായി

കൊടകര: നാലാമതു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ ഇന്നലെ ആരംഭിച്ചു. വൈകുന്നേരം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹബലിയോടെയാണ് അസംബ്ലി ആരംഭിച്ചത്.

ആഴത്തിലുള്ള വിശ്വാസം സംരക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സഭയ്ക്കു പുതിയ വെളിച്ചവും മാര്‍ഗദര്‍ശനവും നല്കുമെന്ന് ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വിശുദ്ധ പദവിയിലേക്കെത്തിയ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ തുടങ്ങിയ വിശുദ്ധരുടെ ഈ നാട്ടില്‍നിന്ന് ഇനിയും വിശുദ്ധരുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

അസംബ്ലിക്കു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുന്നതായി പറഞ്ഞ അദ്ദേഹം, അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ വളരെ കാലികപ്രാധാന്യമുള്ളതാണെന്നു ചൂണ്ടിക്കാട്ടി.

അസംബ്ലിയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ പ്രതിനിധികള്‍ക്കും ആതിഥേയരായ ഇരിങ്ങാലക്കുട രൂപത ഹൃദ്യമായ വരവേല്പ് നല്‍കി.

ഉദ്ഘാടനസമ്മേളനത്തിനു മുമ്പു നടന്ന സമൂഹബലിക്കു മുഖ്യകാര്‍മികനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രീനസ് എന്നിവരും സഹകാര്‍മികരായ മെത്രാന്മാരും മുതിര്‍ന്ന വൈദികരും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായാണു അള്‍ത്താരയിലേക്കെത്തിയത്. സമൂഹബലിയില്‍ ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവരുള്‍പ്പെടെ എല്ലാ മെത്രാന്മാരും സഹകാര്‍മികരായി.

ദിവ്യബലിക്കുശേഷം തൊട്ടടുത്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ വേദിയിലായിരുന്നു അസംബ്ലിയുടെ ഉദ്ഘാടനസമ്മേളനം. മുംബൈയില്‍നിന്നുള്ള ഗായകസംഘം ആലപിച്ച അസംബ്ലി തീം ഗാനത്തിനുശേഷം അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം, മദ്രാസ് രൂപത മെത്രാപ്പോലീത്ത ഡോ. യുഹാനോന്‍ മാര്‍ ഡയസ്‌കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സിനഡ് സെക്രട്ടറി മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസംബ്ലി സെക്രട്ടറി ഫാ. ഷാജി ഏബ്രഹാം കൊച്ചുപുരയില്‍ അസംബ്ലിയെക്കുറിച്ചു വിശദീകരിച്ചു. സഹൃദയ എന്‍ജിനിയറിംഗ് കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റു ആലപ്പാടന്‍ നന്ദി പറഞ്ഞു. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, വിവിധ സന്യാസ സഭാ മേധാവികള്‍, സംഘാടക സമിതി ഭാരവാഹികള്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

ഇന്ത്യയിലെ സേവനം പൂര്‍ത്തിയാക്കി പോളണ്ടിലേക്കു സ്ഥലംമാറിപ്പോകുന്ന അപ്പസ്‌തോലിക് നുണ്‍ഷ്യോയ്ക്കു സീറോ മലബാര്‍ സഭയുടെ ഉപഹാരം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മാനിച്ചു. അല്‍ഫോന്‍സാമ്മ, ചാവറയച്ചന്‍, എവുപ്രാസ്യമ്മ എന്നിവരടക്കമുള്ള വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അടങ്ങിയ ഫലകമാണ് സമ്മാനിച്ചത്. സമ്മേളനത്തിനുശേഷം രാത്രി ഇരിങ്ങാലക്കുട രൂപതയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

You must be logged in to post a comment Login