സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി സാക്ഷ്യജീവിതത്തിന് പ്രചോദനം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി സാക്ഷ്യജീവിതത്തിന് പ്രചോദനം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊടകര: ദൈവമഹത്വത്തിനും സഭാമക്കളുടെ സാക്ഷ്യജീവിതത്തിനും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി പ്രചോദനമാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭ മുഴുവന്റെയും കൂട്ടായ്മ വിളിച്ചുപറയുന്ന അസംബ്ലി സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നിര്‍ണായക മൂഹൂര്‍ത്തമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്കു തുടക്കംകുറിച്ചു നടന്ന സമൂഹബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ സഭയുടെ എല്ലാ തലങ്ങളെയും പ്രതിനിധീകരിച്ചു മെത്രാന്മാരും വൈദികരും സന്യസ്തരും അസംബ്ലിയിലുണ്ട്. ലാളിത്യത്തിന്റെ ചൈതന്യത്തില്‍ ഇതിന്റെ സംഘാടനത്തിനായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടനൊപ്പം ചേര്‍ന്ന് അധ്വാനിച്ചവരെ നിറഞ്ഞ നന്ദിയോടെ ഓര്‍ക്കുന്നു. ദിവംഗതനായ മാര്‍ ജെയിംസ് പഴയാറ്റിലിനെ പ്രത്യേകം സ്മരിക്കുന്നു. സഹൃദയ കോളജ് ഹൃദയങ്ങളെ സമന്വയിപ്പിക്കുന്ന ഇടമാണ്. സഭാമക്കളുടെ കൂട്ടായ്മയുടെ വേദിയായി അസംബ്ലി മാറണം.

സഭ ഇന്നു വലിയ സഹനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ലോകമെമ്പാടും പ്രേഷിതശുശ്രൂഷകളിലുള്ള വൈദികരും സന്യസ്തരും പീഡനങ്ങളേല്‍ക്കുന്ന സ്ഥിതിയുണ്ട്. പ്രേഷിതപ്രവര്‍ത്തകനായ ഫാ. ടോം ഉഴുന്നാലിലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ടു മാസങ്ങളായിട്ടും വിവരങ്ങള്‍ ലഭിക്കുന്നില്ല. വിശ്വാസത്തിനുവേണ്ടി പീഡനങ്ങളേല്‍ക്കുന്നവര്‍ ഇനിയുമുണ്ട്. അവര്‍ക്കെല്ലാംവേണ്ടി പ്രാര്‍ഥിക്കാന്‍ നമുക്കു കടമയുണ്ട്. സിസ്റ്റര്‍ റാണി മരിയയെപ്പോലെ വിശ്വാസത്തിനായി രക്തസാക്ഷികളായവരെ നാം അനുസ്മരിക്കണം.

കുടുംബങ്ങളുടെ കുടുംബമായ സഭയില്‍ വിശ്വാസിസമൂഹം മുഴുവനും കുടുംബസമാനമായ ബന്ധം എപ്പോഴും പുലര്‍ത്തേണ്ടതുണ്ട്; കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ട്. ദൈവരാജ്യത്തെ കാലഘട്ടത്തിനു മുമ്പില്‍ പ്രകാശിപ്പിക്കാനുള്ള ദൗത്യം സഭാമക്കള്‍ ഏറ്റെടുക്കേണ്ടതുണെ്ടന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

You must be logged in to post a comment Login