സീറോ മലബാര്‍ സഭാ സിനഡ് സമാപിച്ചു

കൊച്ചി: ആറ്‌ദിവസമായി കൊച്ചിയില്‍ നടന്നു വന്നിരുന്ന സീറോ മലബാര്‍ സഭാ സിനഡ് സമാപിച്ചു. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിലാണ് സിനഡംഗങ്ങള്‍ യോഗം ചേര്‍ന്നത്. 57 മെത്രാന്‍മാര്‍ സിഡഡില്‍ പങ്കെടുത്തു. സഭയെയും സമൂഹത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ സിനഡ്  ചര്‍ച്ച ചെയ്തു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികള്‍, അദ്ധ്യാപക പാക്കേജ് തുടങ്ങിയ വിഷയങ്ങളില്‍ സിനഡംഗങ്ങള്‍ വ്യക്തമായ അഭിപ്രായമറിയിച്ചു. സര്‍ക്കാരിന്റെ മദ്യ നയത്തില്‍ സഭ സംതൃപ്തയാണെങ്കിലും കാര്‍ഷിക വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ ഇപ്പോഴും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് സിനഡംഗങ്ങള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതേയുള്ളൂ, പാലിക്കുന്നില്ല. സര്‍ക്കാരിന്റെ ഇത്തരം നടപടികളില്‍ സഭക്ക് അതൃപ്തിയുണ്ടെങ്കിലും തിരഞ്ഞെടുപ്പു സംബന്ധിച്ച് ഒരു രാഷ്ട്രീയ നിലപാടും സഭ എടുക്കില്ലെന്നും സിനഡംഗങ്ങള്‍ പറഞ്ഞു.

You must be logged in to post a comment Login