സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഇന്നു തുടക്കം; 21 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തി

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഇന്നു തുടക്കം; 21 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തി

കൊച്ചി: നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ ഇന്നു തുടക്കം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു ലോകമെമ്പാടുമുള്ള പ്രതിനിധികള്‍ എത്തിത്തുടങ്ങി.

വൈകുരേം അഞ്ചിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ അസംബ്ലി ആരംഭിക്കും. പ്രദക്ഷിണമായാണു മുഖ്യകാര്‍മികനും സഹകാര്‍മികരായ മെത്രാന്മാരും അള്‍ത്താരയിലേക്കെത്തുക. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും.

6.30ന് ഗായകസംഘം അസംബ്ലി തീം സോംഗ് ആലപിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലെത്തിയ സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററി.

ഇന്ത്യയിലെ അപ്പസ്‌തോലിക് നുഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം നിര്‍വഹിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം, ബിഷപ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്‌കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ, ഈ വിഷയങ്ങളില്‍ സഭയുടെ വിവിധ മേഖലകളില്‍ നിന്നു സമാഹരിച്ച നിര്‍ദേശങ്ങളുടെ അവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍ എന്നിവയുണ്ടാകും. റവ.ഡോ. ടോണി നീലങ്കാവില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവരാണു പ്രബന്ധാവതരണങ്ങള്‍ നടത്തുന്നത്.

28നു രാവിലെ സമാപന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. കൃതജ്ഞതാദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശം നല്‍കും.

ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എിവിടങ്ങളില്‍ നിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തിയിട്ടുണ്ട്.

You must be logged in to post a comment Login