സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍  അസംബ്ലിയ്ക്ക് 21 രാജ്യങ്ങളില്‍ നിന്ന് 515 പ്രതിനിധികള്‍  

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍  അസംബ്ലിയ്ക്ക് 21 രാജ്യങ്ങളില്‍ നിന്ന് 515 പ്രതിനിധികള്‍  
കൊടകര : ഓഗസ്റ്റ് 25 മുതല്‍ 28 വരെ ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയുള്‍പ്പടെ 21 രാജ്യങ്ങളില്‍ നിന്നുള്ള 515 പ്രതിനിധികളെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാകുന്നത്.
25ന് വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെഅസംബ്ലിയ്ക്കു തുടക്കമാകും. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും.
 ഉദ്ഘാടന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മദ്രാസ് മെത്രാപ്പാലീത്ത ഡോ. യൂഹാനോന്‍ മാര്‍ ഡയസ്‌കോറോസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പങ്കെടുക്കും. സീറോ മലബാര്‍ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ രൂപത മെത്രാനുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസംബ്ലി സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിക്കും.
സഭയിലെ നാലാമത്തെ അസംബ്ലിയാണ് ഇക്കുറി നടക്കുന്നത്. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
ചര്‍ച്ചകള്‍, ഓപ്പണ്‍ഫോറം, പ്രാര്‍ഥനാശുശ്രൂഷകള്‍ എന്നിവയും മൂന്നു ദിവസങ്ങളിലായി നടക്കും. മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സെഷനുകളുണ്ടാകും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, സേവേറിയോസ് മാര്‍ കുര്യാക്കോസ് വലിയ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ് മാര്‍ അപ്രേം, ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ അപ്രേം തുടങ്ങി വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരും വിവിധ ദിവസങ്ങളില്‍ അസംബ്ലിയില്‍ സന്ദര്‍ശനം നടത്തും.
സീറോ മലബാര്‍ സഭയിലെ 50 മെത്രാന്മാര്‍ അസംബ്ലിയില്‍ ഉണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സീറോ മലബാര്‍ രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനികളും 220 അല്മായരും ഉള്‍പ്പടെ 515 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സീറോ മലബാര്‍ അസംബ്ലിയിലൂടെ, സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ അജപാലനശൈലികള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യം. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലവിലിരുന്ന ‘യോഗം’ എന്നു വിളിക്കപ്പെടുന്ന പുരാതന സഭാസംവിധാനത്തിന്റെ നവീകൃത രൂപമാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. സഭയുടെ ആത്മവിചിന്തനത്തിനും, വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സമൂഹങ്ങള്‍ എന്നീ തലങ്ങളിലെ നവീകരണത്തിനുമായി നടക്കുന്ന അസംബ്ലി, ദൈവജനത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സഭയുടെ ആഗ്രഹം വെളിപ്പെടുത്തുന്നതാണ്.
സീറോ മലബാര്‍ സിനഡിന്റെ തീരുമാനപ്രകാരം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് അംസംബ്ലി ആരംഭിക്കുന്നത്. അസംബ്ലിയിലെ ചര്‍ച്ചാവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മാര്‍ഗരേഖ വിവിധ ഭാഷകളില്‍ തയാറാക്കിയിരുന്നു. ഇതിനെ ആധാരമാക്കി രൂപതകളിലും സന്യാസസമൂഹങ്ങളിലും സഭയുടെ വിവിധ തലങ്ങളിലും പഠനങ്ങളും ചര്‍ച്ചകളും നടന്നു. അസംബ്ലിയ്ക്കായി പ്രത്യേക ഗാനവും പ്രാര്‍ഥനയും തയാറാക്കി.
ഇതാദ്യമായാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു, സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊരുങ്ങുന്നത്. കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയമാണ് അസംബ്ലിയുടെ പ്രധാന വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരെയും വൈദികരെയും സമര്‍പ്പിതരെയും അല്മായ പ്രതിനിധികളെയും വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഇരിങ്ങാലക്കുട രൂപതയിലും കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജിലും പൂര്‍ത്തിയാവുന്നത്. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്‍വീനറും റവ.ഡോ. ഷാജി കൊച്ചുപുരയില്‍ സെക്രട്ടറിയുമായി 75 അംഗ കമ്മിറ്റി അസംബ്ലിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തും.

You must be logged in to post a comment Login