സീറോ മലബാര്‍ സിനഡ് ആരംഭിച്ചു

സീറോ മലബാര്‍ സിനഡ് ആരംഭിച്ചു

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരപത്തിനാലാമതു സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ അമ്പത് മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്.
മേജര്‍ ആര്‍ച്ചുബിഷപ്പ് ഉദ്ഘാടനം ചെയ്ത സിനഡില്‍ മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍ പ്രാരംഭധ്യാനം നയിച്ചു. നേതൃത്വശൈലികളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഭയിലെ മെത്രാന്മാരും വൈദികരും നേതൃത്വശുശ്രൂഷാരംഗങ്ങളിലുള്ളവരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ദിവംഗതനായ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിനെ സിനഡ് അനുസ്മരിച്ചു. ധന്യമായ ജിവിതം നയിച്ച സഭാനേതാവായിരുന്നു അദ്ദേഹമെന്നും സിനഡ് വിലയിരുത്തി.
സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്യും. 25 മുതല്‍ 28 വരെ കൊടകരയില്‍ നടക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സിനഡിലെ മെത്രാന്മാര്‍ സമ്മേളിക്കും. ദൈവജനത്തെ ശ്രവിക്കാനുള്ള നിര്‍ണായകമായ അവസരമാണ് അസംബ്ലിയെന്നും സിനഡ് നിരീക്ഷിച്ചു.

ആദ്യമായി സിനഡിലെത്തുന്ന പ്രിസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പക്കല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണഞ്ഞ് എന്നിവരെ സിനഡിലേക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സ്വാഗതം ചെയ്തു.

സിനഡ് സെപ്റ്റംബര്‍ രണ്ടിനു സമാപിക്കും.

You must be logged in to post a comment Login