സുക്കോളച്ചന്‍ ; അത്ഭുതങ്ങള്‍ ചെയ്യാത്ത അത്ഭുതജീവിതം

സുക്കോളച്ചന്‍ ; അത്ഭുതങ്ങള്‍ ചെയ്യാത്ത അത്ഭുതജീവിതം

ക്രിസ്തുവിന് വേണ്ടി രക്തം ചിന്തിയില്ല..ശരീരത്തില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയില്ല. സാധാരണരീതിയില്‍ നാം കരുതുന്നതുപോലെ അനേകായിരങ്ങളോട് വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിച്ചുകൊണ്ട് ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിച്ചതുമില്ല. എന്നിട്ടും എങ്ങനെയാണ് ഇറ്റാലിയന്‍ മിഷനറി ഫാ.ലിനോസ് മരിയ സുക്കോള്‍ എന്ന തൊണ്ണൂറ്റെട്ടുകാരന്‍ ക്രൈസ്തവവിശ്വാസത്തിന്റെ മറ്റൊരു ദീപ്ത മുഖമായി മാറുന്നത്?

2014 ജനുവരി ഏഴിന് അന്തരിച്ച സുക്കോളച്ചന്റെ ജീവിതവഴികളെ അടുത്തറിയുമ്പോള്‍ അക്കാര്യം മനസ്സിലാവും.

1916 ഫെബ്രുവരി 8 ന് ഇറ്റലിയിലെ സര്‍നോനിക്കോ ഗ്രാമത്തില്‍ കര്‍ഷകദമ്പതികളായ ജുസൈപ്പയുടെയും ബാര്‍ബരയുടെയും മൂന്നാമത്തെ മകനായിട്ടായിരുന്നു സുക്കോളിന്റെ ജനനം. മകന് വേണ്ടി മാതാപിതാക്കള്‍ നേരത്തെ തന്നെ ദൈവവുമായി ഒരു ഉടമ്പടി നേര്‍ന്നിരുന്നു. മകനെ ദൈവവേലയ്ക്കായി സമ്മാനിച്ചുകൊള്ളാമെന്ന്. മാതാപിതാക്കളുടെ ആ ഉടമ്പടി മകന്‍ വെറുതെയാക്കിയില്ല. പന്ത്രണ്ടാം വയസില്‍ സെമിനാരി പഠനത്തിനായി അവന്‍ യാത്രയായി.
എന്നാല്‍ അക്കാലത്തെ ഭൗതികചുറ്റുപാടുകള്‍ സുക്കോളിന്റെ മനസ്സിനെയും ഉത്തമലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുവാന്‍ നിമിത്തമായി. മുസ്സോളിനിയുടെ സാമ്രാജ്യത്വരൂപീകരണത്തില്‍ ആകൃഷ്ടനായതായിരുന്നു ആ വ്യതിചലനത്തിന് കാരണമായത്. അങ്ങനെ സാമ്രാജ്യത്വമോഹവുമായി 1936 ല്‍ സെമിനാരിയില്‍ നിന്ന് ഒളിച്ചോടി സുക്കോള്‍ സൈന്യത്തില്‍ അംഗമായി.

പക്ഷേ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്ന സുക്കോളിനെ ഭൗതികതയ്ക്ക് വിട്ടുകൊടുക്കാന്‍ ദൈവം ഒരുക്കമായിരുന്നില്ല. ദൈവം അദ്ദേഹത്തെ തിരിച്ചുപിടിക്കുക തന്നെ ചെയ്തു. ലോകരാജ്യങ്ങളല്ല ദൈവരാജ്യമാണ് സ്വന്തമാക്കേണ്ടതെന്നും ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ലെന്നുമുള്ള തിരിച്ചറിവ് അതോടെ ആ മനസ്സില്‍ നിറഞ്ഞു. തല്‍ഫലമായി സെമിനാരിയിലേക്ക് തന്നെ അദ്ദേഹം മടങ്ങി.

സ്ഥിരതയുള്ള തീരുമാനമായിരുന്നു അത്. ഒരു കാറ്റിനും അപഹരിക്കാനാവാത്ത വിശ്വാസത്തിന്റെ കെടാത്ത ജ്വാല കൊളുത്തുവാനുള്ള പ്രഖ്യാപനമായിരുന്നു അത്. അങ്ങനെ 1940 മാര്‍ച്ച് 9 ന് സുക്കോള്‍ അഭിഷിക്തനായി.

മിഷന്‍ ചൈതന്യം സുക്കോളച്ചന്റ ആത്മാവിന്റെ ചൈതന്യമായിരുന്നു. ദരിദ്രരോടുള്ള സ്‌നേഹവും അവരെ സ്‌നേഹിക്കാനുള്ള സന്നദ്ധതയും ജീവിതത്തിന്റെ ലക്ഷ്യവുമായിരുന്നു. ദരിദ്രസേവനം ദൈവസേവനമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ദരിദ്രരെ സ്‌നേഹിക്കാനും സഹായിക്കാനുമായി ദരിദ്രരാഷ്ട്രമായ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ 1948 ല്‍ ഇറ്റലിയില്‍ നിന്ന് ഇവിടേയ്ക്ക് കപ്പല്‍ കയറാന്‍ അദ്ദേഹം സന്നദ്ധനായത്.

മുംബൈയില്‍ നിന്ന് കോഴിക്കോടെത്തിയ സുക്കോളച്ചന്റെ ആദ്യപ്രേഷിതമേഖല വയനാട്ടിലെ ചുണ്ടേല്‍ ആയിരുന്നു. വയനാടിന്റെ സൗന്ദര്യം അച്ചനെ ആകര്‍ഷിച്ചു. അതോടൊപ്പം വയനാടന്‍ ജനതയുടെ ദാരിദ്രാവസ്ഥയും ജീവിതനിലവാരവും ഹൃദയത്തിന് വേദനയുമായി. ഭൂരഹിതര്‍ക്ക് ഭൂമി നല്കി അവരെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമത്തില്‍ സുക്കോളച്ചന്‍ പൂര്‍ണ്ണമനസ്സോടെ മുഴുകി.

ചുണ്ടേല്‍ പള്ളിയില്‍ വികാരിയായ അദ്ദേഹം തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിച്ചു.തോട്ടം മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്കി. കാല്‍നടയായും സൈക്കിളിലും സഞ്ചരിച്ച് വയനാടന്‍ ജനതയുടെ സുഖദു:ഖങ്ങളില്‍ നേരിട്ട് പങ്കാളിയായി.

1954 ല്‍ ചിറയ്ക്കല്‍മിഷന്റെ രൂപീകരണത്തോടെയാണ് അച്ചന്‍ കണ്ണൂരിലെത്തിയത് പിന്നീട് ഇതുവരെയുള്ള ജീവിതം മുഴുവന്‍ കണ്ണൂരിന് വേണ്ടിയായിരുന്നു. കണ്ണൂരിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു.ജാതിയോ മതമോ രാഷ്ട്രീയമോ വര്‍ഗ്ഗമോ വര്‍ണ്ണമോ ലിംഗമോ നോക്കാതെ സഹായം തേടിവന്നവരെയെല്ലാം അച്ചന്‍ സഹായിച്ചു.

സുവിശേഷപ്രവര്‍ത്തനത്തെ സാമൂഹികസേവനവുമായി കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനശൈലിയായിരുന്നു അച്ചന്റേത്. തരിശുഭൂമികള്‍ കൃഷിഭൂമിയാക്കി മാറ്റാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും അദ്ദേഹത്തിന് സാധിച്ചു. ദേവാലയങ്ങള്‍ പണിതപ്പോള്‍ ഭവനരഹിതര്‍ക്ക് വീടുനിര്‍മ്മിച്ചുനല്കാനും അച്ചന്‍ മറന്നില്ല.
ഇക്കാലയളവ് കൊണ്ട് 7007 വീടുകള്‍ പണിതു കൊടുത്ത സുക്കോളച്ചന് അന്തിയുറങ്ങാന്‍ വെയിലും മഴയും കടക്കാത്ത നല്ലൊരു വീടുപോലും ഉണ്ടായിരുന്നില്ല എന്നതാണ്‌സത്യം.

മരിയപുരത്ത് ആദ്യമായി നിര്‍മ്മിച്ച പള്ളിയുടെ ചായ്പിലായിരുന്നു ജീവിതാന്ത്യംവരെ താമസിച്ചിരുന്നത്. അന്തിയുറങ്ങിയിരുന്ന ഓടുമേഞ്ഞ കെട്ടിടത്തിന്റെ ചോര്‍ച്ച തടഞ്ഞത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചായിരുന്നു. ടോയ്‌ലറ്റ് സൗകര്യം പോലും മുറിയില്‍ ഉണ്ടായിരുന്നില്ല. മുറിയില്‍ ഫാനോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പതിനായിരത്തോളം വരുന്ന പുസ്തകശേഖരം മാത്രമായിരുന്നു അച്ചന്റെ ഏകസമ്പാദ്യം. യേശുവിന്റെയും പരിശുദ്ധ മറിയത്തിന്റെയും തന്റെ മാതാപിതാക്കളുടെയും ഫോട്ടോയായിരുന്നു മുറിയിലെ മറ്റൊരു സമ്പാദ്യം.

മത്സ്യമാംസാദികള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണരീതിയായിരുന്നു അദ്ദേഹത്തിന്റേത്.
ഇരുപതിനായിരം കിണറുകളും 15000 തൊഴില്‍പരിശീലന കേന്ദ്രങ്ങളും ലക്ഷക്കണക്കിന് രോഗികള്‍ക്ക് ചികിത്സാസഹായവും അച്ചന്‍ നല്കിയതായാണ് ഏകദേശകണക്ക്.

ദൈവദാസിമാരായ മദര്‍ പേത്രയുടെയും സെലിന്‍ കണ്ണനായ്ക്കലിന്റെയും ആത്മീയപിതാവ് കൂടിയായിരുന്നു ഫാ. സുക്കോള്‍. ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ദീനസേവനസഭയുടെ വളര്‍ച്ചയിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.ഒരുസ്‌കൂള്‍ തുടങ്ങാനായി അച്ചന്‍ പട്ടുവത്ത് വാങ്ങിയ സ്ഥലമാണ് അനുമതി ലഭിക്കാത്തതുമൂലം ദീനസേവനസഭയ്ക്ക് നല്കിയത്.
ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തിയുണ്ടായിരുന്ന സുക്കോളച്ചന്‍ ഏത് ക്ഷീണാവസ്ഥയിലും വിശുദ്ധ ബലിയര്‍പ്പണം മുടക്കിയിരുന്നില്ല.രോഗാവസ്ഥയില്‍ കഴിയുമ്പോഴും തന്നെ കാണാനെത്തിയ വൈദികര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. രോഗീലേപനവും സ്വീകരിച്ച് സമാധാനത്തോടെയുള്ള അന്ത്യമായിരുന്നു അദ്ദേഹത്തിന്റേത്.

പരിയാരം മരിയപുരം നിത്യസഹായമാതാ ദേവാലയത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്.
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും അര്‍ണോസ് പാതിരിയും മദര്‍ പേത്രയും പോലെ നിരവധിയായ വിദേശമിഷനിമാരെപ്പോലെ കടല്‍കടന്ന് മലയാളമണ്ണിലെത്തുകയും മലയാളത്തെയും മലയാളികളെയും സ്‌നേഹിക്കുകയും ചെയ്ത് മലയാളമണ്ണിന് മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്കി കടന്നുപോയ മിഷനറിജീവിതങ്ങളുടെ പട്ടികയിലെ മറ്റൊരു പേരാണ് ഫാ. സുക്കോള്‍.

ജീവിച്ചിരുന്ന അദ്ദേഹത്തെ എല്ലാവരും വിശുദ്ധനായി തന്നെയാണ് പരിഗണിച്ചിരുന്നത്. ജീവിതം കൊണ്ട് അദ്ദേഹം അങ്ങനെ തന്നെയായിരുന്നുവെന്നാണ് അടുത്തിടപ്പെട്ടിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നതും. വരും ഭാവിയില്‍ അദ്ദേഹത്തെ കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന്തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം..

You must be logged in to post a comment Login