സുനാമിത്തിരകളെ തടഞ്ഞുനിര്‍ത്തിയ ദിവ്യകാരുണ്യം

സുനാമിത്തിരകളെ തടഞ്ഞുനിര്‍ത്തിയ ദിവ്യകാരുണ്യം

അലറിക്കുതിച്ചെത്തുന്ന സുനാമിത്തിരകളെ ദിവ്യകാരുണ്യത്തിന്റെ ശക്തികൊണ്ട് തടഞ്ഞുനിര്‍ത്തിയ ഒരിടയനും അദ്ദേഹത്തിന്റെ ഇടവകജനവും.

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ഇക്വഡോറിനടുത്തുളള ഒരു ദ്വീപാണ് ടുമാകോ. നിരവധി പ്രശസ്ത ഫുഡ്‌ബോള്‍ താരങ്ങളുടെ ജന്മനാട്. ചുറ്റും പസഫിക് സമുദ്രത്തിന്റെ ഇരമ്പല്‍. കടലിന്റെ കനിവു കാത്തു കഴിയുന്ന ഒരു ജനത.

1906 ജനുവരി 13 ശനിയാഴ്ച. രാവിലെ 10 മണി സമയം. പെട്ടെന്നാണ് വലിയൊരു ശബ്ദത്തോടെ ഭൂമി കുലുങ്ങിയത്. ശാന്തസമുദ്രത്തില്‍ ഏറെ ദൂരെയല്ലാതെവിടയോ ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം. പത്തു മിനിറ്റോളം നീണ്ടു നിന്നു ഭൂമിയുടെ കമ്പനം.

ഇനി എന്തു സംഭവിക്കുമെന്നു നാട്ടുകാര്‍ക്ക് നന്നായി അറിയാം. ആകശത്തോളം മുട്ടെ ഇരമ്പിയാര്‍ക്കും സമുദ്രജലം. അതൊരുപക്ഷേ ഈ കൊച്ചു ദ്വീപിനെ നക്കിത്തുടക്കാനും സാധ്യതയുണ്ട്.

ജനങ്ങള്‍ ഒന്നായി തങ്ങളുടെ ഇടവകദേവാലയത്തിലേക്കു പാഞ്ഞു. ഫാദര്‍ ജെറാര്‍ഡോ ലറോന്‍ഡോയാണു വികാരി. ഫാദര്‍ ജൂലിയന്‍ അദ്ദേഹത്തിന്റെ സഹായിയും.
ഉടനടി ഒരു ദിവ്യകാരുണ്യപ്രദിക്ഷണം നടത്തണമെന്നതായിരുന്നു നാട്ടുകാരുടെ അഭ്യര്‍ത്ഥന.
ഫാദര്‍ ജറാര്‍ഡോയും ഫാദര്‍ ജൂലിയാനും ദൈവാലയത്തിനുള്ളിലേക്ക് കടന്നു. സക്രാരിയില്‍ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം അവര്‍ ഭക്ഷിച്ചു. കടല്‍വെള്ളം ഇരമ്പിയെത്തി പള്ളി തകര്‍ന്നുപോയാലും കൂദാശ ചെയ്ത തിരുവോസ്തികള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രേഷ്ഠമായൊരു മുന്‍കരുതല്‍. ഇനിയുള്ളത് അരുളിക്കയില്‍ വെക്കാനുള്ള തിരുവോസ്തി മാത്രം.

ദിവ്യകാരുണ്യം അരുളിക്കയില്‍ സ്ഥാപിച്ച് പള്ളിയുടെ പുറത്തേക്കിറങ്ങി ഫാദര്‍ ജെറാര്‍ഡോ, കൂട്ടായി ഫാദര്‍ ജൂലിയാനും ഇടവകജനം മുഴുവനും. ദ്വീപിന്റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിലെത്തിത്തുടങ്ങി. വൈദികരും ജനവും കടല്‍ത്തീരത്തേക്കു നീങ്ങി.
തീരത്തെ കാര്‍ന്നുതിന്നാനാവും വിധം കൂറ്റന്‍തിര ദൂരെ നിന്നും കുതിച്ചെത്തുന്നതു കാണാം. ടുമാകോയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തേക്കാള്‍ ഉയരമുണ്ടതിന്.

ജനം നിലവിളിച്ചു കരഞ്ഞു; ചിലര്‍ ദൈവത്തെവിളിച്ച് അലറിക്കരഞ്ഞു. ഇടത്തുകൈയില്‍ അരുളിക്ക ഉയര്‍ത്തിപ്പിടിച്ച് വലത്തുകൈകൊണ്ട് കടല്‍ത്തിരകളുടെമേല്‍ ആകാശത്തു കുരിശടയാളം വരച്ചു ഫാദര്‍ ജെറാര്‍ഡോ.

‘കര്‍ത്താവേ കരുണയുണ്ടാകേണമേ. പാപികളായ ഈ മക്കളുടെ മേല്‍ അലിവു തോന്നേണമേ.’ നനെഞ്ചുരുകി പ്രാര്‍ത്ഥിച്ചു ആ നന്മയുള്ള വൈദികന്‍.

പെട്ടെന്ന് ജനത്തിന്റെ നിലവിളി നിലച്ചു. ‘അത്ഭുതം അത്ഭുതം’ അവര്‍ വിളിച്ചു കൂവി.
അതെ, അതൊരു മഹാത്ഭുതം തന്നെയായിരുന്നു. മരങ്ങള്‍ക്കുമേലേ, ആകാശത്തോളമുയര്‍ന്ന സുനാമിത്തിരകള്‍ മുന്നോട്ട് കുതിക്കാതെ പിന്നോട്ട് വലിയുന്നതിനെ അത്ഭുതമെന്നല്ലാതെ എന്ത് പേരാണ് വിളിക്കുക?

ടുമോകോയിലെ ദിവ്യകാരുണ്യനാഥന്‍ അവരെ രക്ഷിച്ചിരിക്കുന്നു. വാര്‍ത്ത മറ്റൊരു സുനാമി പോലെ ലോകമെങ്ങും പരന്നു. യൂറോപ്പില്‍ നിന്നുപോലും ഫാദര്‍ ജെറാര്‍ഡോയ്ക്കു കത്തുകള്‍ ലഭിച്ചു, തങ്ങള്‍ക്കുവേണ്ടിക്കൂടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനകളുമായി…

 

ലെമി തോമസ്

You must be logged in to post a comment Login