സിസേറിയനിലൂടെ ആറു മക്കളെ സ്വന്തമാക്കിയ ഒരു അമ്മ ഡോക്ടറുടെ ജീവിതം

സിസേറിയനിലൂടെ ആറു മക്കളെ സ്വന്തമാക്കിയ ഒരു അമ്മ ഡോക്ടറുടെ ജീവിതം

sumaഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. സ്ഥലം കോട്ടയം മെഡിക്കല്‍ കോളജ്.

അവിടെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രയര്‍ഗ്രൂപ്പില്‍ വചന സന്ദേശം നല്കുകയാണ് ബാങ്കുദ്യോഗസ്ഥനും കരിസ്മാറ്റിക്കാരുനായ ജോര്‍ജ് ഗ്ലോറിയ.

വ്യക്തിപരമായി പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഇപ്പോള്‍ എനിക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. ചെറിയ കുട്ടിയെ കാണുമ്പോള്‍ മറ്റുള്ളവര്‍ ഇതല്ലേ വീട്ടിലെ ഇളയകുട്ടിയെന്ന് ചോദിക്കാറുണ്ട്. പക്ഷേ ഇതാണ് ഇപ്പോഴത്തെ ഇളയകുട്ടി. പ്രസവം നിര്‍ത്താത്തതുകൊണ്ടും ദൈവമനുഗ്രഹിച്ചാലും ഞങ്ങള്‍ക്ക് ഇനിയും കുഞ്ഞുങ്ങള്‍ ഉണ്ടാകും.

ആ സംസാരം കേട്ട് ചിരിച്ചവര്‍ക്കിടയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. സുമ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. കോട്ടയം എരുമേലി സ്വദേശിനി. നാം രണ്ട് നമുക്ക് രണ്ട് പോലെയുള്ള മുദ്രാവാക്യങ്ങളുടെ അലയൊലികള്‍ അന്നും കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല.. അപ്പോഴാണ് ഇദ്ദേഹം പറയുന്നത് നാലാമതു കുട്ടിയുണ്ടാകുമെന്ന്.. അതും മൂന്ന് പെണ്‍മക്കളുടെ പിതാവ്. ചിരി വരാതിരിക്കുന്നതെങ്ങനെ? അതായിരുന്നു സുമയുടെ ചിരിക്ക് പിന്നില്‍..

പക്ഷേ…

****

ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ക്ലാസ് കേട്ട് പുറത്തേയ്ക്ക് വന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരാള്‍ അവനായിരുന്നു.ജില്‍സണ്‍. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി. ജനപ്പെരുപ്പം വര്‍ദ്ധി്ക്കുന്നതുകൊണ്ട് സമൂഹത്തിലുണ്ടാകുന്ന ദുരന്തഫലങ്ങളെക്കുറിച്ച് അവന് ഇപ്പോഴാണ് കൂടുതല്‍ വ്യക്തത ലഭിച്ചത്. അതോടൊപ്പം കൂടുതല്‍ മക്കളുണ്ടായാല്‍ അവരാഗ്രഹിക്കുന്നത് പലതും കിട്ടുകയില്ല എന്ന ചില തിരിച്ചറിവുകള്‍ അനുഭവത്തിലൂടെ അവന്‍ സ്വ ായത്തമാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കാരണം പത്തു മക്കളുള്ള ഒരു കുടുംബത്തിലെ ഇളയവനായിരുന്നു ജില്‍സന്‍. മക്കളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ആഗ്രഹിക്കുന്ന പല സൗഭാഗ്യങ്ങളും ലഭിക്കാത്തതിന്റെ വേദന ഉണങ്ങാത്ത മുറിവായി അവന്‍ കൂടെ കൊണ്ടുനടക്കുകയും ചെയ്തിരുന്നു. അതിനെ പോഷിപ്പിക്കുന്ന വിധത്തിലായി ഈ ക്ലാസും. അതുകൊണ്ട് ഉറച്ച ഒരു തീരുമാനമെടുത്താണ് അവന്‍ പുറത്തേക്ക് വന്നത്. എനിക്ക് ഒരു കുഞ്ഞ് മാത്രം മതി. ഏറിയാല്‍ രണ്ട്.. അതിനപ്പുറം ഇല്ലേയില്ല..

പക്ഷേ…..

***

 

വര്‍ഷം കടന്നുപോയി. അന്നത്തെ പൊടിമീശക്കാരന്‍ വളര്‍ന്നുവലുതായി. അവന്‍ തൃശൂര്‍ എന്‍ജിനീയറിംങ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംങില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കി കോഴിക്കോട് റീജിയനല്‍ എന്‍ജിനീയറിംങ് കോളജില്‍ മുഴുവന്‍ സമയ പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. നിരവധി സ്വപ്‌നങ്ങളുടെ പൂത്താലമേന്തിയ ഗവേഷണകാലം. എന്നാല്‍ വിധി ജില്‍സന് അനുകൂലമായിരുന്നില്ല. ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിംങ് കോളജില്‍ ലക്ച്ചററായി ജോലി ചെയ്യാനായിരുന്നു അയാളുടെ നിയോഗം. അതും 5050 രൂപ ശമ്പളത്തില്‍. 1999 കാലഘട്ടമായിരുന്നു അത്. ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രണയസുരഭിലവുമായിരിക്കുന്ന ഈ അസുലഭമുഹൂര്‍ത്തത്തില്‍ വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍ ശക്തിപ്പെട്ടുതുടങ്ങുകയും ചെയ്തിരുന്നു ജില്‍സണില്‍.. എന്നാല്‍ അവിടെയും വിധി ജില്‍സന്റെ സ്വപ്‌നങ്ങളെ തകര്‍ത്തുകൊണ്ടാണ് മുന്നോട്ടുപോയത്. സുരക്ഷിതത്വമല്ലാത്ത ജോലി മുതല്‍ നിറത്തിന്റെയും പൊക്കത്തിന്റെയും പ്രായമേറിയ മാതാപിതാക്കളുടെയും പേരില്‍ വരെ ആലോചനകള്‍ ഒന്നൊന്നായി മുടങ്ങിപ്പൊയ്‌ക്കൊണ്ടിരുന്നു. ഏതു ദേവതയാണ് ജീവിതത്തിലേക്ക് കിളിവാതില്‍ തുറന്ന് അകത്ത് പ്രവേശിക്കുക എന്ന് അറിയാതെ ജില്‍സന്‍ കാത്തുകാത്തിരുന്നു..

**

നമ്മള്‍ ആദ്യം കണ്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തേക്ക് വന്നു.. പ്രണയാഭ്യര്‍തഥനകള്‍..വിവാഹാലോചനകള്‍.. എല്ലാം സ്വഭാവികമായും അവള്‍ക്ക് നേരെയും വന്നു.പക്ഷേ അവയെല്ലാം നിസ്സാരമായി തട്ടിക്കളയാന്‍ ആ പെണ്‍കുട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കാരണം വിവാഹം ചെയ്യാന്‍ പോകുന്ന ആളെക്കുറിച്ച് ഒരു പ്രാര്‍ത്ഥനയ്ക്കിടയില്‍ വ്യക്തമായ അടയാളങ്ങള്‍ ഒരു കൗണ്‍സിലറിലൂടെ ദൈവം അവള്‍ക്ക് നല്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് ദൈവം തനിക്കായി നിശ്ചയിച്ചിരിക്കുന്ന ആളെ മുന്നില്‍ കൊണ്ടുവന്നെത്തിക്കുന്നതിനായി പ്രാര്‍ത്ഥനകളോടെ അവളും കാത്തിരുന്നു…

***

കോട്ടയം നവജീവന്‍ പിയു തോമസ് ചേട്ടനാണ് ആ ആലോചന ജില്‍സന് വേണ്ടി കൊണ്ടുവന്നത്. എംബിബിഎസ് എംഡിയുള്ള സുന്ദരിയായ ഒരു യുവതി. കേട്ടമാത്രയില്‍ ചിരിച്ചു തള്ളിക്കളയാനാണ് ജില്‍സന് തോന്നിയത്. കാരണം തന്റെ പരിമിതികളെക്കുറിച്ച് അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ ദൈവത്തിന്റെ സ്വരം വ്യക്തമായി കേട്ടപ്പോള്‍ പിന്നെ അയാള്‍ക്ക് അതില്‍ നിന്ന് കുതറിയോടാന്‍ കഴിഞ്ഞില്ല.. ദൈവം അതുപോലെ സുമയോടും സംസാരിക്കുന്നുണ്ടായിരുന്നു.. ദൈവം പറഞ്ഞ അടയാളങ്ങള്‍ ജില്‍സനില്‍ കണ്ടപ്പോള്‍ സുമയും ദൈവം സംസാരിച്ചവ സുമയില്‍ കണ്ടുമുട്ടിയപ്പോള്‍ ജില്‍സനും നോ പറയാന്‍ കഴിയാതെ പോയത് അങ്ങനെയായിരുന്നു.. പുതിയകുടുംബത്തിന്റെ കതിരൊളികള്‍ വീശിക്കൊണ്ട് അള്‍ത്താരയ്ക്ക് മുമ്പില്‍ നിന്ന് അവര്‍ ദൈവത്തോട് 2000 ജനുവരി 17 ന് ആമ്മേന്‍ പറഞ്ഞു. അവിടെ പുതിയൊരു ജീവന്റെ ചരിത്രം കുറിക്കപ്പെടുകയായിരുന്നു…സ്വര്‍ഗ്ഗത്തില്‍ നി്ന്ന് െൈദവം അയ്ക്കുന്ന മാലാഖമാരെ സ്വീകരിക്കാന്‍ ഭൂമിയിലെ ഗര്‍ഭഗൃഹങ്ങള്‍ അണിഞ്ഞൊരുങ്ങുകയായിരുന്നു.

***

ജോര്‍ജ് ഗ്ലോറിയയുടെ പ്രസംഗം കേട്ട് അമര്‍ത്തിച്ചിരിച്ച സുമയ്ക്കും ജനസംഖ്യാവിസ്‌ഫോടനത്തിന്റെ അനന്തരഫലങ്ങളോര്‍ത്ത് കുട്ടികള്‍ ഒന്നോ രണ്ടോ മതിയെന്ന് തീരുമാനമെടുത്ത ജില്‍സനും ഇന്ന് മക്കള്‍ ആറുപേരാണ്. 14 വയസുമുതല്‍ രണ്ടര വയസുവരെയുള്ള ആറു മക്കള്‍.. പന്ത്രണ്ട് , പത്ത്, എട്ട്, ആറ് എന്നിങ്ങനെയാണ് യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെയുള്ള കുഞ്ഞുങ്ങളുടെ പ്രായം. 1990 ല്‍ നവീകരണരംഗത്തേക്ക് വന്നതാണെങ്കിലും ജില്‍സന് കൂടുതല്‍ മക്കളുണ്ടാകുന്നതിനോട് വിയോജിപ്പായിരുന്നു മക്കളെ ദൈവം നല്കുന്നതാണ് എന്നറിയാമായിരുന്നിട്ടും ഉത്തരവാദിത്വപൂര്‍ണ്ണമായ പിതൃത്വം എന്ന സങ്കല്പം രൂഢമൂലമായിരുന്നതുകൊണ്ട് മക്കളുടെ എണ്ണം രണ്ടില്‍ ഒതുക്കിനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ദൈവത്തിന് അങ്ങനെ പലതും പറയാം..മനുഷ്യന് വിവേകവും ബുദ്ധിയും ഉണ്ടല്ലോ അതനുസരിച്ച് കാര്യങ്ങള്‍ നീക്കണമെന്നായിരുന്നു ജില്‍സന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ഭാര്യയുടെ ആദ്യ പ്രസവത്തിന് ശേഷം ട്യൂബില്‍ ഗര്‍ഭധാരണം സംഭവിച്ചപ്പോള്‍ ഓപ്പറേഷനിലൂടെ ട്യൂബ് നീക്കം ചെയ്യുകയുംതന്മൂലം കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള സാധ്യത കുറവാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷിക്കുകയും ചെയ്തത്.

പക്ഷേ ദൈവത്തിന്റെ കണക്കുകള്‍ കൃത്യമായിരുന്നു. വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് സുമ രണ്ടാമതും മൂന്നാമതും നാലാമതും അഞ്ചാമതും ഗര്‍ഭിണിയായി. കാറ്റിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതുപോലെ എന്തുചെയ്യണമെന്നറിയാതെ ജില്‍സന്‍ അന്ധാളിച്ചു നിന്നു. പ്രസവം നിര്‍ത്താന്‍ സുമ ഒരുക്കമായിരുന്നില്ല. സമ്മതം കൂടാതെ അത് ചെയ്യാനും സാധി്ക്കുമായിരുന്നില്ല. ഈ കുഞ്ഞുങ്ങളെല്ലാം സിസേറിയനിലൂടെയാണ് പുറത്തുവന്നതെന്നതും അറിയണം.. ഭാര്യയുടെ ആരോഗ്യം..സാമ്പത്തികസ്ഥിതി.. കടം.. ജില്‍സന് തല പുകയ്ക്കാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. പക്ഷേ കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്നത് സുമയുടെ തീരുമാനമായിരുന്നു. ജീവിതത്തിന്റെ ചില ഇരുണ്ട രാത്രികളിലൂടെ കടന്നുപോയപ്പോള്‍ ജില്‍സന്‍ അബോര്‍ഷനെക്കുറിച്ചുപോലും ചിന്തിച്ചുപോയിട്ടുണ്ട്.. കൂടുതല്‍ കുട്ടികളുണ്ടായാല്‍ സാമ്പത്തികബാധ്യത വര്‍ദ്ധിക്കില്ലേ എന്ന് ആകുലപ്പെട്ട ജില്‍സന് പതുക്കെയാണ് വെളിവിന്റെ വെളിച്ചമുണ്ടായത്. ഓരോ കുഞ്ഞും ജനിക്കും തോറും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. മുടങ്ങിപ്പോയ ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നു. കുടുംബത്തില്‍ .സന്തോഷം നിറയുന്നു. നന്മയല്ലാതൊന്നും സംഭവിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജീവന് വേണ്ടി സാക്ഷ്യം നില്ക്കുന്നതിനായി അതുവരെ കരുതിവച്ചിരുന്ന എല്ലാ പ്രതിരോധങ്ങളെയും ഇറക്കിവച്ച് ജില്‍സന്‍ ശാന്തനായി.. ദൈവമേ ഇതാ ഞാന്‍, ഇനി എനിക്ക് പദ്ധതികളില്ല.. നിന്റെ പദ്ധതികള്‍ മാത്രം നടക്കട്ടെ.. അഞ്ചാമത്തെ കുഞ്ഞിന്റെ ജനനത്തോടെ തികഞ്ഞ പ്രോലൈഫ് ചിന്തയുടെ സമ്പൂര്‍ണ്ണ പ്രചാരകനായി ഡോ. ജില്‍സന്‍ മാറുകയായിരുന്നു. ഓരോ കുഞ്ഞും ഓരോ അനുഗ്രഹമാണ് എന്നതിന് ഉദാഹരണമായി ജില്‍സന്‍ പറയുന്നത് തന്റെ തന്നെ ജീവിതമാണ്. നാല്പത്തിയഞ്ച് വയസ് കഴിഞ്ഞ ഒരമ്മയുടെ പത്താമത്തെ മകനായി ജനിക്കുമ്പോള്‍ കൈവെള്ളയില്‍ ഒതുങ്ങാന്‍ പാകത്തില്‍ ജീവിക്കുമോ മരിക്കുമോ എന്ന് കൃത്യതയില്ലാത്ത വിധത്തിലായിരുന്നു ജില്‍സന്‍ ജനിച്ചുവീണതുതന്നെ.. അവിടെ നിന്ന് ദൈവം ഇത്രത്തോളം ഉയര്‍ത്തി, വളര്‍ത്തി.. ദൈവത്തിന്റെ പദ്ധതികള്‍ക്ക് നമ്മള്‍ തടസ്സമായി നില്ക്കരുത്..അതാണ് ജില്‍സന്‍ പറയുന്നത്.

രണ്ടില്‍ കൂടുതല്‍ സിസേറിയന്‍ പാടില്ല, മുപ്പത്തിയഞ്ച് വയസിന് ശേഷം ഗര്‍ഭിണിയായാല്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടി ജനിക്കും, മക്കള്‍ വലുതായതിന് ശേഷം അമ്മ ഗര്‍ഭിണിയാകുന്നത് നാണക്കേട്.. സാത്താന്‍ കൊണ്ടുവരുന്ന ചിന്തകളാണ് ഇതെല്ലാം എന്നാണ് ഡോ. സുമ പറയുന്നത്. പലരും ഈ ചിന്തകളില്‍ കാല്‍തട്ടി വീഴുന്നു. ഫലമോ ജീവന്‍ എതിര്‍ സാക്ഷ്യമായി അവര്‍ നിലകൊളളുന്നു. മക്കളുടെ എണ്ണം ഒന്നിലും രണ്ടിലും ഒതുക്കിയത് വഴി ദൈവത്തില്‍ നിന്ന് സമൂഹത്തിന് ലഭിക്കുമായിരുന്ന പല അനുഗ്രഹങ്ങളും നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്താലും അന്തിമതീരുമാനം കര്‍ത്താവിന്റേതെന്ന് ഇവര്‍ വിശ്വസിക്കുന്നു. സ്വന്തം സുഖത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടി മക്കളെ വേണ്ടെന്ന് വയ്ക്കുന്നവര്‍ അറിയണം, മക്കളുണ്ടാകാന്‍ ആറ്റുനോറ്റിരിക്കുന്ന അനേകം ദമ്പതിമാര്‍ ഇവിടെയുണ്ടെന്ന്. ജീവനു വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന കുടുംബമാണ് ഡോ. ജില്‍സന്‍- ഡോ. സുമ ദമ്പതികളുടേത്.. ദൈവത്തോട് ചേര്‍ന്നുനിന്ന് സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകുന്നവര്‍.. ഇവര്‍ക്ക് മക്കള്‍ ഒരിക്കലും ഒരു ഭാരമല്ല. ദൈവത്തിന്റെ സമ്മാനങ്ങളാണ്. ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കുന്ന ഗര്‍ഭാരിഷ്ടതകള്‍ അനുഭവിച്ചവര്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ളവര്‍ക്കും അറിവുള്ളതാണ്.. ആ കുഞ്ഞിന് വേണ്ടി എത്ര രാപ്പകലുകള്‍ ഉറക്കമൊഴി്ക്കുന്നുവെന്ന്.. പനിക്കിടയ്ക്കയില്‍ കാവലിരിക്കുന്നു വെന്ന്.. അങ്ങനെയെങ്കില്‍ സുമ എന്ന അമ്മ തന്റെ ആറുമക്കള്‍ക്കുവേണ്ടി എത്രയോ ഉറക്കമിളച്ചിട്ടുണ്ടാവണം.. എത്രയേറെ വേദനകളിലൂടെയും നൊമ്പരങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടാവണം. അവിടെയാണ് സുമയുടെ മാതൃത്വത്തിന് മുമ്പില്‍ നാം കൈകൂപ്പി പോകുന്നത്..

അമ്മേ നിനക്ക് വന്ദനം എന്ന് പറയാന്‍ തോന്നുന്നത്..

***

അന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോര്‍ജ് ഗ്ലോറിയ പറഞ്ഞത് ഡോ. സുമ ആവര്‍ത്തിക്കുന്നു.. ഞങ്ങള്‍ക്കിപ്പോള്‍ ആറാണ് മക്കള്‍. രണ്ടരവയസുള്ള കുഞ്ഞിനെ കാണുമ്പോള്‍ ഇതല്ലേ വീട്ടിലെ ഇളയ കുട്ടിയെന്ന് ചോദിക്കുന്നവരുണ്ട്. അവരോട് പറയാന്‍ ഒന്നേയുള്ള മറുപടി. പ്രസവം നിര്‍ത്താത്തതുകൊണ്ടും ദൈവം അനുഗ്രഹിച്ചാലും ഞങ്ങള്‍ക്കിനിയും കുഞ്ഞുങ്ങളുണ്ടാകും..

ജീവന്റെ സപ്തസ്വരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്ന ഈ കുടുംബത്തിന് ഹൃദയവയലിന്റെ എല്ലാ പ്രാര്‍ത്ഥനകളും ആശംസകളും…

You must be logged in to post a comment Login