സുരബായയിലെ ഒരു സന്ധ്യയില്‍…

സുരബായയിലെ ഒരു സന്ധ്യയില്‍…

പലപ്പോഴും മനുഷ്യന്റെ സങ്കല്പങ്ങള്‍ക്കുപോലും അപ്പുറത്താണ് ദൈവത്തിന്റെ ഇടപെടലുകള്‍. ഒരേ അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തികള്‍ പരസ്പരം കണ്ടുമുട്ടുന്നതിലുമുണ്ട് ഒരു ആകസ്മികത.

ലോക്‌സഭ സെക്രട്ടറിയേറ്റില്‍ ജോയിന്റ് സെക്രട്ടറി ആയി നവംബര്‍ മുപ്പതിന് വിരമിച്ചയാളാണ് സിറിള്‍ ജോണ്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ അധികമായി ഇന്ത്യയിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ട് അദ്ദേഹം. പത്തുവര്‍ഷത്തിലേറെയായി അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ (ICCRS) ഉപാധ്യക്ഷന്‍.

ദൈവത്തെ അറിഞ്ഞ ജീവിതം. ഡല്‍ഹിയില്‍ മെച്ചപ്പെട്ട ഉദ്യോഗം. വേദികളില്‍ നിന്ന് വേദികളിലേക്കും നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും ഓടിനടന്ന് ദൈവീകശുശ്രൂഷകള്‍, സംഘടനാപ്രവര്‍ത്തനങ്ങള്‍. ഇതിനിടെ വിവാഹം; മൂന്നു കുട്ടികള്‍. വീടിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ ഒരു പരാതിയുമില്ലാതെ നോക്കുന്ന ഭാര്യ, സോഫി. അനുകരണീയമായ ദാന്പത്യജീവിതം.

ദൈവാനുഗ്രഹത്തിന്റെ ഈ പച്ചപ്പിലൂടെ സഞ്ചരിക്കുന്‌പോഴാണ് കനത്ത ഒരാഘാതം; സോഫിക്ക് രോഗം. ആദ്യം കാലിലൊരു ചെറിയ വേദന. പിന്നെ വേദനയുടെ ചെറുപൂരങ്ങള്‍. ഡല്‍ഹിയിലെ പ്രശസ്തമായ ആശുപത്രിയിലെ ഡോക്ടര്‍ അദ്ദേഹത്തെ വിളിച്ചുമാറ്റിനിര്‍ത്തി കാര്യം പറഞ്ഞു: ‘ശ്വാസകോശത്തിനു ക്യാന്‍സര്‍. ഏറിയാല്‍ മൂന്നോ നാലോ മാസം കൂടി മാത്രം.’

ജീവനേക്കാള്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവള്‍. അടച്ചിട്ട മുറിയിലിരുന്ന് നെഞ്ചുലഞ്ഞു കരഞ്ഞു ആ ചെറുപ്പക്കാരന്‍. പറക്കമുറ്റാത്ത മക്കള്‍, വിശ്രമമില്ലാത്ത ജോലി, ഇതിനിടയില്‍ നാഷണല്‍ കരിസ്മാറ്റിക് ടീമിന്റെ ചുമതലയും. ഇനി ഈ ജീവിതം എങ്ങനെ മുന്നോട്ടുപോകും? സിറിള്‍ ജോണ്‍ ദൈവത്തിനുമുന്നില്‍ ജോബിനെപ്പോലെ വിതുന്പി.

ആശുപത്രിമുറിയില്‍ തിരികെ എത്തിയപ്പോള്‍ സോഫി ചോദിച്ചു: ‘എനിക്കെന്താണ് രോഗം? മുഖമെന്താണ് വല്ലാതെയിരിക്കുന്നത്?’
‘നിനക്ക് ചെറിയ ചില അസുഖങ്ങളേയുള്ളു. ഉടനെ പോകാം.’ ആദ്യമായി ഒരു നുണ ഭാര്യയോട് പറഞ്ഞതിന്റെ സങ്കടംകൂടി നെഞ്ചില്‍.

അത്ഭുതങ്ങള്‍ക്കായി പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. കണ്ണുനീരിന്റെ നിറവില്‍ ഒരു മെഴുതിരിപോലെ സിറിള്‍ ജോണ്‍ നിന്ന് കത്തിയെരിഞ്ഞു. ഒരുപാട് സഹോദരങ്ങള്‍ ലോകമെന്പാടും സോഫിയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. നിശാജാഗരണങ്ങളില്‍ ഇതൊരു നിരന്തര പ്രാര്‍ത്ഥനാവിഷയമായി. എന്നിട്ടും…

ഡോക്ടര്‍ വിധിയെഴുതിയതുപോലെ സോഫി കടന്നുപോയി. സിറിളും മൂന്നുമക്കളും തനിച്ചായി.
ചിലപ്പോള്‍ അങ്ങനെയാണ്. എന്റെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെപോകും ദൈവം. കാല്‍വരിയില്‍ സ്വന്തം പുത്രന്‍ നൊന്പരത്തോടെ ചോദിച്ചു: ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?’

മൗനമായിരുന്നു അപ്പന്റെ മറുപടി. മുന്‍പേ, പറഞ്ഞുവയ്ക്കപ്പെട്ട ചിലതുണ്ട്; നിയോഗങ്ങള്‍ അങ്ങനെതന്നെ നിറവേറണം. പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കപ്പെടണം!

ഡല്‍ഹിയിലെ വീട്ടില്‍ അപ്പനും മൂന്നുമക്കളും മൂകതയും മാത്രം ബാക്കിയായി. നാല്പത്തിയഞ്ചാം വയസ്സില്‍ സിറിള്‍ ജോണ്‍ എന്ന ദൈവഭയമുള്ള മനുഷ്യന്‍ തികച്ചും ഏകനായി!

ഇതിനിടയില്‍ സിറിളിന്റെ സഹോദരിയെത്തി; കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഒരുക്കണമല്ലോ. രണ്ടുവര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. ചിലരെല്ലാം ഉപദേശിച്ചുതുടങ്ങി: ‘ജീവിതത്തില്‍ ഒരു കൂട്ടുവേണം; കുഞ്ഞുങ്ങള്‍ക്ക് ഒരമ്മയും…’

നവീകരണരംഗത്തെ ചില സുകൃതസാന്നിധ്യങ്ങളാണ് ഉപദേശങ്ങളുടെ മുന്നില്‍ നിന്നത്.
പകരം ഒരാള്‍! ആര്‍ക്കും ആരുടേയും പകരക്കാരനോ പകരക്കാരിയോ ആകാനാവില്ല. അതാണ് സത്യം.

കുളത്തുവയല്‍ ധ്യാനകേന്ദ്രത്തിലെ സിസ്റ്റര്‍ എല്‍സിസ് ഒരു കൂട്ടുകാരിയുടെ കാര്യം പറഞ്ഞു; കാഞ്ഞങ്ങാടുകാരിയായ എല്‍സമ്മ. വിവാഹത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ഒരു പുലരിയില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടുപോയ ഒരുവള്‍. പിന്നീട് പന്ത്രണ്ടുവര്‍ഷം ഭര്‍ത്താവിന്റെ ഭവനത്തില്‍ ഏകമകനുമായി ജീവിതം തുടര്‍ന്നവള്‍. ഇനിയൊരു വിവാഹമേ വേണ്ടെന്നായിരുന്നു എത്സമ്മയുടെ തീരുമാനം.

സിസ്റ്റര്‍ എല്‍സിസിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ എല്‍സമ്മ സമ്മതിച്ചു; ‘ഒന്ന് കണ്ടോട്ടെ; പക്ഷേ, തീരുമാനം ഉണ്ടാവില്ല.’
മകന് പതിന്നാലു വയസ് പ്രായമുണ്ടായിരുന്നു അപ്പോള്‍. ജെറില്‍ എന്നാണ് അവന്റെ പേര്; അപ്പുവെന്ന് വിളിപ്പേര്.

അങ്ങനെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ സിറിളും ഇളയ രണ്ടുമക്കളും വണ്ടിയിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ ആരെയോ യാത്രയയക്കാനെന്ന മട്ടില്‍ എത്സമ്മയും. സിറിള്‍ എന്തൊക്കെയോ ചോദിച്ചു; മുറിഞ്ഞ വാക്കുകളില്‍ എത്സമ്മയുടെ മറുപടി. എല്‍സമ്മ സിറിളിനെ കണ്ടില്ല; പക്ഷെ, ആ കുഞ്ഞുങ്ങളെ കണ്ടു. അവരുടെ കണ്ണുകളിലെ നിഷ്‌കളങ്കമായ കൗതുകം കണ്ടു.
വിവാഹം പറ്റില്ല, വേണമെങ്കില്‍ ഈ കുഞ്ഞുങ്ങളെ നോക്കിവളര്‍ത്താം എന്നായി എല്‍സമ്മ.
ഒടുക്കം, സംഭവിക്കേണ്ടത് സംഭവിച്ചു. എല്‍സമ്മ സിറിളിന്റെ ജീവിതത്തിലെത്തി; അദ്ദേഹത്തിന്റെ മൂന്നുമക്കളുടെ അമ്മയായി.

പണ്ടേ ദൈവം പേരുവിളിച്ചതുപോലെ ജെറിള്‍, സിറിളിന്റെ മകനായി ഡല്‍ഹിയിലെത്തി. ആ വീട്ടില്‍ അങ്ങനെ, നാലുമക്കള്‍. ഒരു വ്യാഴവട്ടം പിന്നിടുന്‌പോള്‍ ഇവരെ കണ്ടുമുട്ടുന്ന ആര്‍ക്കുമറിയില്ല ദൈവം കൂട്ടിച്ചേര്‍ത്ത ഉടഞ്ഞ രണ്ടു പാത്രങ്ങളാണ് സിറിളും എത്സമ്മയുമെന്ന്! അത്രക്കുണ്ട് ഇവര്‍ തമ്മിലുള്ള പൊരുത്തം. ഇവരുടെ മക്കള്‍ക്കിടയിലെ സ്‌നേഹം. മൂത്ത മകന്റേയും മകളുടെയും വിവാഹം കഴിഞ്ഞു.

സിറിള്‍ ജോണിനും എത്സമ്മക്കും ഒപ്പം ഇന്തോനേഷ്യയിലെ സുരബായ പുല്‍മാന്‍ ഹോട്ടലിന്റെ ഇരുപത്തിരണ്ടാം നിലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ മുറിവുകള്‍ ഉണങ്ങിത്തുടങ്ങി. മഴപെയ്തുതീര്‍ന്ന ഒരു പുഴയില്‍ കുളിച്ചുകയറിയതു പോലെ ഒരനുഭവം. കാരണം, മിനിയുടെ ആകസ്മിക വിയോഗം കഴിഞ്ഞിട്ട് മൂന്നുവര്‍ഷം. ദൈവം എന്നോടെന്തിന് ഇങ്ങനെ ചെയ്തുവെന്ന് ചോദ്യമുന്നയിച്ച നാളുകള്‍.

ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായിരുന്നു സുരബായയിലെ ആ സന്ധ്യയില്‍ സിറിള്‍ ജോണിലൂടെ ദൈവം പറഞ്ഞുകൊണ്ടിരുന്നത്.

ശാന്തിമോന്‍ ജേക്കബ്

You must be logged in to post a comment Login