സുരാജ് ഇന്നു മുതല്‍ ജീവിക്കും. മെത്രാന്റെ വൃക്കയുമായി

സുരാജ് ഇന്നു മുതല്‍ ജീവിക്കും. മെത്രാന്റെ വൃക്കയുമായി

കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രി… ചുറ്റും പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍… പ്രാര്‍ത്ഥനകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകായിരങ്ങള്‍…ഓപ്പറേഷന്‍ തീയ്യറ്ററില്‍  കാരുണ്യത്തിന്റെ പ്രതീകമായി മാര്‍ ജേക്കബ് മുരിക്കന്‍… ലോകത്താദ്യമായി ഒരു ബിഷപ്പ് തന്റെ വൃക്ക ദാനം ചെയ്യുന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു അത്. ഒപ്പം മതസൗഹാര്‍ദത്തിന്റെ അനുഗ്രഹീത നിമിഷവും. വിജയകരമായിരുന്നു ഓപ്പറേഷന്‍.

ലേക് ഷോര്‍ ആശുപത്രിയിലെ ചീഫ് നെഫ്രോളജിസ്റ്റ് ഡോ എബി അബ്രഹാം, ഡോ. ജോര്‍ജ് പി എബ്രഹാം, ഡോ.മോഹന്‍, എന്നിവരടങ്ങിയ ടീമാണ് ശാസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയത്. ഫാദര്‍ ഡേവിസ് ചിറമ്മേലിന്റേതാടക്കം രണ്ടായിരത്തോളം പേരുടെ ശാസ്ത്രക്രീയക്ക് ഡോ.എബി അബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ അനേകവര്‍ഷം സേവനമനുഷ്ഠിച്ച ഡോക്ടറാണ് ഇദ്ദേഹം. കേരളത്തിലെ മികച്ച യൂറോളജി സര്‍ജനാണ് ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ് പി എബ്രഹാം. അനസ്‌ത്യേഷ്യ വിഭാഗം തലവനാണ് ഡോ. മോഹന്‍.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജിവനക്കാരനായ ഇ സൂരജിനാണ് പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തന്റെ വൃക്ക ദാനം ചെയ്തത്. അഞ്ചരമണിക്കൂര്‍ നീണ്ടു നിന്നിരുന്നു ശാസ്ത്രക്രീയ.വൃക്ക ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു.

കരുണയുടെ വര്‍ഷത്തില്‍ കാരുണ്യത്തിന്റെ യഥാര്‍ത്ഥ മുഖമാണ് വൃക്കദാനത്തിലൂടെ മാര്‍ ജേക്കബ് മുരിക്കന്‍ കാട്ടികൊടുത്തത്. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ മനസുകാട്ടിയ ബിഷപ്പ് ഉദാത്തമായ ക്രിസ്തീയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്.

ദരിദ്രകുടുംബത്തിലെ അംഗമായ ഇ സൂരജിന്റെ ചികിത്സാ ചെലവുകള്‍ക്കായി പണം നല്‍കാന്‍ നിരവധി സുമനസ്സുകളും മനസ്സുകാട്ടി.

You must be logged in to post a comment Login