സുലൈമാനെ മാരിയോ ജോസഫ് എന്ന കത്തോലിക്കനാക്കിയത് ഒരൊറ്റ ചോദ്യം

സുലൈമാനെ മാരിയോ ജോസഫ് എന്ന കത്തോലിക്കനാക്കിയത് ഒരൊറ്റ ചോദ്യം

‘ഒരൊറ്റ ചോദ്യം മതി ജീവിതം മാറാന്‍’ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയിലെ അവതാരകന്‍ പ്രേക്ഷകലക്ഷങ്ങളെ കൈയിലെടുത്ത വാചകം.

മുസ്ലീം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാനെ മാരിയോ ജോസഫ് എന്ന കത്തോലിക്കനാക്കിയതും ഒരൊറ്റ ചോദ്യം തന്നെ; യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ് എന്ന ചോദ്യം. ഈ ചോദ്യം മാറ്റിമറിച്ചത് മൗലവി സുലൈമാന്റെ ജീവിതത്തെ.

ജീവിതത്തിനു പുതിയ വഴിത്തിരിവുണ്ടാക്കിയത് മോസ്‌കില്‍വച്ച് നടന്ന ഒരു സംവാദം. പ്രസംഗകലയുടെ അമരക്കാരനായിരുന്ന സുലൈമാന്‍ യേശുക്രിസ്തു ദൈവമല്ലെന്ന് വാദിച്ചു. പള്ളിയില്‍ കൂടിയിരുന്നവര്‍ക്കു മുമ്പില്‍ യേശുക്രിസ്തു ദൈവമല്ല എന്ന് ആവര്‍ത്തിച്ച് സമര്‍ത്ഥിച്ചുകൊണ്ടിരുന്ന സുലൈമാനു നേരെ പെട്ടന്നൊരു ചോദ്യം. ‘യേശു ക്രിസ്തു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്?’ മോസ്‌കിലുണ്ടായിരുന്ന ഒരു സാധാരണക്കാരന്റേതായിരുന്നു ആ ചോദ്യം. ചോദ്യത്തിനു ഉത്തരം നല്കാനാവാതെ അവിടംവിട്ടിറങ്ങി അയാള്‍.

ധാരാളം മുസ്ലീമുകളും വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികളും വസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു സുലൈമാന്റേത്. കടുത്ത മുസ്ലീം വിശ്വാസികളായ കുടുംബം. മതാചാരങ്ങളില്‍ കാര്‍ക്കശ്ശ്യക്കാരനായ പിതാവ്. ഖുറാനിലും മുസ്ലീം വിശ്വാസസത്യങ്ങളിലും അഗാ ധപാണ്ഡിത്യം നേടിയ സുലൈമാന്‍ തന്റെ പതിനെട്ടാം വയസില്‍ നാട്ടിലെ പള്ളിയിലെ ഇമാമായി. ഒരു ഇമാമായ തന്റെ ജീവിതത്തിനേറ്റ ഏറ്റവും വലിയ ക്ഷതമായിട്ടായിരുന്നു മോസ്‌കില്‍വച്ച്തനിക്ക് നേരെ വന്ന ചോദ്യത്തെ കണ്ടത്.

ആ ചോദ്യം അയാളുടെ മനസില്‍ അലയടിച്ചുകൊണ്ടിരുന്നു; യേശുക്രിസ്തു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്.

ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഖുറാന്‍ പരതാന്‍ തുടങ്ങി സുലൈമാന്‍. കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും അയാളെ കുഴപ്പത്തിലാക്കി. മുഹമ്മദിനെപ്പറ്റി ഖുറാനില്‍ പറയുന്നത് നാലു തവണ, എന്നാല്‍ യേശുക്രിസ്തുവിനെപ്പറ്റി ഇരുപത്തിയഞ്ചുപ്രാവശ്യം പറയുന്നുണ്ട്. അതിനുമപ്പുറം ഖുറാനില്‍ പേരെടുത്തു പറയുന്ന ഏകസ്ത്രീ പരിശുദ്ധ കന്യകാമറിയവും. മുഹമ്മദിന്റെ മാതാവിനു പോലും ലഭിക്കാത്ത ഈ ബഹുമതിയും സുലൈമാനെ സംശയത്തിലാഴ്ത്തി.

യേശുവിനെക്കുറിച്ച് ഖുറാനില്‍ നിന്ന് അയാള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇനിയുമുണ്ട്. ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സംസാരിച്ച ഉണ്ണിയേശു, കുഴച്ച് മണ്ണുകൊണ്ട് ഒരു പക്ഷിയുടെ രൂപം മെനഞ്ഞെടുത്ത് അതില്‍ ഊതിയപ്പോള്‍ അതിനു ജീവന്‍വെച്ച സംഭവം ഇങ്ങനെ നീളുന്ന ബൈബിളിലില്ലാത്ത കഥകള്‍. ഖുറാനില്‍ വിവരിക്കുന്ന അന്ധരെയും കുഷ്ഠരോഗികളെയും സുഖപ്പെടുത്തുന്ന ബൈബിളിലുള്ള സംഭവങ്ങള്‍ വേറേയും. ഖുറാനില്‍ വിസ്തരിച്ചു പ്രസ്താവിക്കുന്ന മറ്റൊരു കാര്യവും സുലൈമാന്‍ കണ്ടെത്തി; യേശു ദൈവവചനവും രക്ഷകനും ആണെന്ന സത്യം. ഒരു ഇമാമായിരുന്ന അദ്ദേഹം ഖുറാനില്‍ യേശുവിന് മുഹമ്മദിനേക്കാള്‍ ഉന്നസ്ഥാനം ഉള്ളതായി മനസിലാക്കി.

മോസ്‌കില്‍ ക്രിസ്തുവാണ് മുഹമ്മദിനേക്കാള്‍ വലിയവന്‍ എന്നു വാദിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് മുതിര്‍ന്ന മൗലവിമാരില്‍നിന്നും വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. നിരാശനായ സുലൈമാന്‍ ഖുറാന്‍ തുറന്നു വായിച്ചു. അദ്ദേഹത്തിനു കിട്ടിയ സന്ദേശം ഇങ്ങനെയായിരുന്നു, ‘ അല്ലാഹുവിനെപ്പറ്റി അറിയാന്‍ സംശയമുള്ളവവര്‍ ബൈബിളിലേക്ക് തിരിയുക’

ഖുറാനില്‍ പറഞ്ഞതുപോലെ യേശു ദൈവത്തിന്റെ വചനമാണെന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ കണ്ടെത്തി അദ്ദേഹം. ബൈബിളിനെയും ഖുറാനെയും തുല്യമായി കണക്കാക്കിയ ജീവിതമായിരുന്നു പിന്നീട് സുലൈമാന്റേത്.

ഒരിക്കല്‍ വിശുദ്ധ യോഹന്നാന്റെ സുവിശേഷഭാഗം സുലൈമാന്റെ ശ്രദ്ധയില്‍പ്പെട്ടു. ഖുറാനില്‍ ഉള്ളതില്‍ നിന്നും തികച്ചും വിപരീതമായിരുന്നു അത്. ഒന്നാമധ്യായത്തിലെ പന്ത്രണ്ടാം തിരുവചനമായിരുന്നു ബൈബിളിലെ യേശുവും അല്ലാഹുവും തമ്മിലുള്ള ഒരു കാതലായ വ്യത്യാസം കണ്ടെത്താന്‍ സുലൈമാനെ സഹായിച്ചത്. ഖുറാനില്‍ അല്ലാഹു യജമാനനും മനുഷ്യന്‍ അടിമകളും. ബൈബിളില്‍ മനുഷ്യര്‍ ദൈവമക്കള്‍. തന്നെ സ്‌നേഹിക്കുന്ന സ്വര്‍ഗ്ഗീയ പിതാവിനെയാണ് താന്‍ മാതൃകയാക്കേണ്ടത് എന്ന് ഉറപ്പിച്ചു സുലൈമാന്‍. ഈ തീരുമാനത്തില്‍ മുസ്ലീം വിശ്വാസം വെടിഞ്ഞ് അയാള്‍ മാരിയോ ജോസഫ് എന്ന കത്തോലിക്കനായി.

സഹനങ്ങളുടെ നാളുകളായിരുന്നു പിന്നീട് മാരിയോ ജോസഫിന്റെ ജീവിതത്തില്‍. ചങ്ങലയ്ക്കിട്ട കുടുംബക്കാര്‍, കഠാരയുമായി വന്ന പിതാവ്. ഇസ്ലാം മതത്തിലേക്ക് തിരികെ വന്നില്ലെങ്കില്‍ കൊല്ലുമെന്നു പറഞ്ഞു കഠാരയുമായി മുന്നില്‍ നില്‍ക്കുന്ന പിതാവിനോട് മാരിയോ പറഞ്ഞു എന്റെ രക്ഷകന്‍ യേശുക്രിസ്തുവാണ്. പെട്ടെന്ന് പിതാവില്‍ നിന്നും ലഭിച്ച ശക്തമായ ഇടിയുടെ ആഘാതത്തില്‍ മാരിയോ വിളിച്ചു യേശുവേ…

തന്നെ ഇടിച്ചിട്ട പിതാവ് പിന്നിലോട്ട് മറിഞ്ഞ് കഠാര പിതാവിന്റെ തന്നെ നെഞ്ചില്‍ കയറിയ കാഴ്ചയായിരുന്നു മാരിയോ പിന്നെ കണ്ടത്. പിതാവുമായി വീട്ടുകാര്‍ പോയത് ആശുപത്രിയിലേക്ക് മാരിയോ ധ്യാനകേന്ദ്രത്തിലേക്കും.

ജീവിച്ചിരിക്കുന്ന മാരിയോയുടെ പേരില്‍ പിന്നീട് കുടുംബക്കാര്‍ ഒരു ശവക്കല്ലറ തന്നെ തീര്‍ത്തു. മാരിയോയുടെ പ്രതിമ കൊണ്ടു ഒരു സംസ്‌കാരചടങ്ങും. ഇപ്പോഴും തന്നോട് പിണങ്ങിക്കഴിയുന്ന കുടുംബത്തെക്കുറിച്ചോര്‍ത്ത് മാരിയോയ്ക്ക് ആവലാതിയില്ല. തന്നെ സൃഷ്ടിച്ച യേശുക്രിസ്തു തനിക്കൊപ്പമുണ്ടെന്നുള്ള വിശ്വാസമാണ് മാരിയോ ജോസഫിന്റെ ശക്തി. അനേകര്‍ക്കുമുമ്പില്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് മാരിയോ ഇന്നും ജീവിക്കുന്നു, യേശുവില്‍ സന്തോഷം കണ്ടെത്തിക്കൊണ്ട്…..

ലെമി തോമസ്‌

You must be logged in to post a comment Login