സുവിശേഷം വേറെ തേങ്ങ വെറെ

സുവിശേഷം വേറെ തേങ്ങ വെറെ

downloadസുവിശേഷത്തിന്റെ ഒരു പ്രതി ഇരിക്കുന്ന മുറി പോലും അന്ധകാരത്തിന്റെ ആത്മാക്കളെ അകറ്റി നിര്‍ത്തുന്നു. അവിടെ അവരുടെ കാപട്യങ്ങള്‍ക്ക് ഉതകാത്ത സ്ഥാനമാണ് (ജോണ്‍ ക്രിസോസ്റ്റം) സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരമെന്ന് പൗലോസ് ശ്രീഹായും പറയുന്നു. അങ്ങനെയെങ്കില്‍ സുവിശേഷത്തിനനുസൃതമായി ജീവിക്കുന്നവര്‍ എത്ര ഭാഗ്യവാന്‍മാര്‍ (സുവിശേഷമായി) സുവിശേഷത്തിലെ ഓരോ വചനങ്ങളാണ് ഓരോ വിശുദ്ധരിലും മാനസാന്തരം വരുത്തിയത്. അങ്ങനെയെങ്കില്‍ നാം പ്രഘോഷിക്കുന്ന സുവിശേഷത്തിലൂടെ അനേകം മാനസാന്തരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ വചനങ്ങള്‍ എന്നില്‍ എത്ര ശതമാനം മാറ്റം വരുത്തുന്നുണ്ട്. ആഴമായി എന്നെ ചിന്തിപ്പിക്കുന്ന ഒരു സംഭവം കുറിക്കട്ടെ. വളരെ തിരക്കുള്ള ഒരു ദിവസം പല വീടുകളില്‍ തേങ്ങയിടാന്‍ ചെല്ലാമെന്ന് വാക്കു കൊടുത്തു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവരുടെ രണ്ടു പറമ്പുകളിലെ പണി തീര്‍ക്കണം. ഉടമസ്ഥന് വരാന്‍ താമസമുള്ളതിനാലും എനിക്ക് പല സ്ഥലങ്ങളില്‍ പണി തീര്‍ക്കാനുള്ളതിനാലും ഞാന്‍ തനിയെ അവരുടെ അടുത്ത പറമ്പിലേക്ക് പോയി. തേങ്ങ ഇട്ടപ്പോള്‍ ഒരു തെങ്ങ് എന്നില്‍ സംശയം ജനിപ്പിച്ചു. അതിര്‍ത്തിയില്‍ നില്‍ക്കുന്നു. ഞാന്‍ ആദ്യം ചിന്തിച്ചു. ഇതില്‍ കയറേണ്ട. പിന്നീട് ഓര്‍ത്തു. ഇത് അദ്ദേഹത്തിന്റേതാണെങ്കില്‍ ഞാന്‍ അടുത്ത പറമ്പില്‍ ചെല്ലുമ്പോള്‍ ഇദ്ദേഹം വീണ്ടും എന്നെ വിളിക്കും. അപ്പോള്‍ കൂടുതല്‍ സമയം നഷ്ടമാകും. അതിനാല്‍ ഇതും കൂടി കയറാം. കയറി ഇട്ടു കഴിഞ്ഞപ്പോള്‍ ആളു വന്നു. അതു തന്റെ തെങ്ങല്ലെന്ന് പറഞ്ഞപ്പോള്‍ വിഷമമായി. ഇനി എന്തു ചെയ്യും. ഒരു പോംവഴി മാത്രം. ആരും അറിയേണ്ട. തേങ്ങ അവിടെ കിടക്കട്ടെ. എനിക്ക് അതിനോട് യോജിക്കാന്‍ പറ്റിയില്ല. രണ്ടു കാരണങ്ങള്‍. ഒന്ന് ഈ പറമ്പിന്റെ ഉടമസ്ഥന്‍ കുറച്ച് അകലെയാണ് താമസിക്കുന്നത്. രണ്ട് കോളനി ആയതിനാല്‍ ആ തേങ്ങ ഇട്ട വിവരം അദ്ദേഹത്തെ അറിയിച്ചില്ലെങ്കില്‍ അത് ആരെങ്കിലും കൊണ്ടുപോകുമെന്ന് മാത്രമല്ല മറ്റാരുടെയെങ്കലും പേരില്‍ ആ കുറ്റം വരുവാനും സാധ്യത.

സമയമില്ലാത്ത നേരത്ത് ഞാന്‍ അദ്ദേഹത്തിന്റെ വീട് തിരക്കിച്ചെന്നു. കണ്ടപ്പോള്‍ തന്നെ എനിക്ക് സന്തോഷമായി. അദ്ദേഹം ബൈബിള്‍ വായിച്ചുകൊണ്ട് മുറിയില്‍ കൂടി നടക്കുന്നു. (ഇദ്ദേഹം ഒരു വചനപ്രഘോഷകനാണ്. അന്ന് ക്ലാസ്സ് എടുക്കാന്‍ പോകാനുള്ള ഒരുക്കമാണ്) ഞാന്‍ ചെന്ന് കാര്യം പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. കൊള്ളാം ഞാന്‍ ഇങ്ങനെ ഒരു അവസരെ കാത്തിരിക്കുകയായിരുന്നു എനിക്ക് സന്തോഷമായി. അദ്ദേഹം തുടര്‍ന്നു. ഞാന്‍ ഇതിന് കേസ് കൊടുക്കും. എന്റെ തെങ്ങില്‍ കയറ്റി അവന്‍ തങ്കച്ചനെക്കൊണ്ട് തേങ്ങ ഇടീച്ചു എന്നു പറഞ്ഞുകൊണ്ട്. ഇയാള്‍ കഴിഞ്ഞ വര്‍ഷം എന്റെ പേരില്‍ കേസ് കൊടുത്തു. അതിനു പകരം ഒരു കാരണം കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഞന്‍ ഞെട്ടിപ്പോയി. എന്തു ചെയ്യും എനിക്ക് അറിയാവുന്ന രീതിയില്‍ ക്ഷമയുടെ ക്ലാസ്സ് ഞാന്‍ ഇദ്ദേഹത്തിന് കൊടുത്തു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ നാം ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നില്ലേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമെന്ന് (മത്തായി 6 12) ഇദ്ദേഹം അതൊന്നും കേള്‍ക്കാന്‍ തയ്യാറല്ല. ഇദ്ദേഹം എനിക്കൊരു സൗജന്യം അനുവദിച്ചു. തങ്കച്ചനു ദൂഷ്യം വരാത്ത രീതിയിലെ കേസ് കൊടുക്കൂ. തങ്കച്ചന്‍ ഇട്ടെന്നല്ല തങ്കച്ചനെ കൊണ്ട് ഇടീച്ചെന്ന്. ഞാന്‍ ഉടന്‍ പറഞ്ഞു. അത് തെറ്റാണ്. ഞാന്‍ ഇട്ടെന്ന് വേണമെങ്കില്‍ കെസ് കൊടുത്തോ. അത് വാസ്തവമാണ്. എന്നെക്കൊണ്ട് ഇടീച്ചെന്ന് പറയുമ്പോള്‍ പ്രതി പറമ്പുടമസ്ഥനാകുന്നു.

ഞാന്‍ കാലു പിടിച്ചു പറഞ്ഞിട്ടും മാറ്റമില്ല. അദ്ദേഹം പറഞ്ഞു. എനിക്കിപ്പോള്‍ തേങ്ങ പെറുക്കാന്‍ വരാന്‍ സമയമില്ല എന്ന് പറഞ്ഞ് വാതിലടച്ചു. ഞാന്‍ ഇപ്രകാരം ചിന്തിച്ചു. ഏതായാലും പ്രശ്‌നം സമാധാനത്തില്‍ പരിഹരിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗം. തേങ്ങ ചുമന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിക്കുക. ഒരു ചാക്ക് സംഘടിപ്പിച്ച് തേങ്ങയുമായി ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി എന്നെ തളര്‍ത്തി. മര്യാദയ്ക്ക് തേങ്ങ തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടു ചെന്നിടുക. സങ്കടത്തോടെ തേങ്ങയുമായി ചെന്ന് പറമ്പിന്റെ അടുത്ത ഒരു വീട്ടില്‍ ഏല്‍പ്പിച്ചു. ദൈവനുഗ്രഹത്താല്‍ ഇതുവരെ കേസ് കൊടുത്തിട്ടില്ല. ഇത് എന്നെ ആഴമായി ചിന്തിപ്പിച്ച ഒരു വിഷയമാണ്. രണ്ടു സുവിശേഷ പ്രഘോഷകരെ ഇവിടെ കാണാം. നമ്മിലോരോരുത്തരും ഇതിലേതെങ്കിലുമൊരു സുവിശേഷകരായിരിക്കാം. പ്രഘോഷിക്കുന്ന സുവിശേഷവും ഒന്നായാല്‍ അതാണ് ജീവനുള്ള സുവിശേഷം. അഞ്ചാമത്തെ സുവിശേഷം.

ബ്രദര്‍ തങ്കച്ചന്‍ തുണ്ടിയില്‍

You must be logged in to post a comment Login