സൂക്ഷിക്കുക! ‘ഫ്രീമേസന്‍’ പ്രസ്ഥാനത്തെയും സാത്താന്‍ ആരാധകരെയും 

സൂക്ഷിക്കുക! ‘ഫ്രീമേസന്‍’ പ്രസ്ഥാനത്തെയും സാത്താന്‍ ആരാധകരെയും 
കൊച്ചി കേന്ദ്രമാക്കി സാത്താന്‍സേവ നടക്കുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിൽ  വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഈ സംഘങ്ങളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കാര്യവും പോലീസ് സ്ഥിരീകരിച്ചിരുന്നു. തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു സ്ത്രീയാണ് തന്നെ സാത്താന്‍സേവക്കാരുടെ പക്കല്‍ ഏല്‍പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്.
ഇവിടെ രണ്ടു പ്രധാന കാര്യങ്ങള്‍ നമ്മെ ഭീതിപ്പെടുത്തുന്നുണ്ട്. ഒന്നാമത്തേത്, സാത്താന്‍ ആരാധകരുടെ എണ്ണം നാം കരുതുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. രണ്ടാമത്തേത്, ഒരിക്കല്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്ന സ്ത്രീയാണ് പിന്നീട് സാത്താന്‍ സേവക്കാരോട് ചേര്‍ന്ന് ആദ്യം തിരുവോസ്തി മോഷ്ടിക്കുകയും പിന്നീട് മേല്‍പറഞ്ഞ പെണ്‍കുട്ടിയെ സാത്താന്‍ ആരാധകര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തത് എന്നത്.
സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെ പോലും സ്വാധീനിക്കാനും വഴി തെറ്റിക്കാനും തുടങ്ങിയെങ്കില്‍ നാം വളരെ ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണിത്. മുകളില്‍ പറഞ്ഞതു പോലെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് സാത്താന്‍ സംഘത്തില്‍ എത്തപ്പെട്ടതെങ്കില്‍ ഇക്കൂട്ടര്‍ ഇനിയും വിവേചിച്ചറിയാന്‍ പ്രായമെത്താത്ത കുട്ടികളെ ലക്ഷ്യം വയ്ക്കും. അതിനായി ഒരു പക്ഷേ, മതപരമായി മുന്‍പ് എപ്പോഴെങ്കിലും സ്വാധീനമുണ്ടായിരുന്നവരെ ഉപയോഗിച്ചെന്നിരിക്കും.
തിരുവോസ്തിയെ അപമാനിക്കലും തിരുരക്തം നിലത്തൊഴിച്ചു കളയലും  ലൈംഗിക വൈകൃതങ്ങളുമെല്ലാം കലര്‍ന്നതാണ് സാത്താന്യ ആരാധന. ആർത്തവരക്തം ആരാധനക്ക് ഉപയോഗിക്കുമെന്നും കേൾക്കുന്നു. മദ്യവും മയക്കുമരുന്നും ഇവരുടെ ആരാധനയുടെ  ഭാഗമാണ്. ‘ബ്ലാക്ക് മാസ്’ എന്നറിയപ്പെടുന്ന കറുത്ത കുര്‍ബാനയും ഇക്കൂട്ടരുടെ പൈശാചികാരാധനയുടെ ഭാഗം തന്നെ.
യേശു ക്രിസ്തുവിലുള്ള സത്യവിശ്വാസത്തിനെതിരെ പോരാടുന്ന ശക്തികള്‍ എല്ലാകാലത്തും ലോകത്തില്‍ ഉണ്ടായിരുന്നു; പ്രകാശത്തിനെതിരെ യുദ്ധം ചെയ്യുന്ന അന്ധകാരശക്തികള്‍.
1733 ല്‍ ഇംഗ്ലീഷ്‌കരാനായ ചാള്‍സ് സാക്ക്വില്‍ സ്ഥാപിച്ച ‘ഫ്രീമേസന്‍’ പ്രസ്ഥാനം അത്തരത്തിലുള്ള  ഒന്നാണ്. രഹസ്യാത്മകതയായിരുന്നു, ഈ പ്രസ്ഥാനത്തിന്റെ പ്രത്യകത. 1938 ല്‍ ഈ പ്രസ്ഥാനത്തെ കാനോനികമായി വിലക്കികൊണ്ട്  അന്നത്തെ മാര്‍പാപ്പയായിരുന്ന ക്ലെമെന്റ് പന്ത്രണ്ടാമന്‍ പുറത്തിറിക്കിയ കുറിപ്പില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ അംഗമാകുന്നത് പിശാചിനോട് കൂട്ടുകൂടുക തന്നെയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ‘അവര്‍ തിന്മയുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രകാശത്തില്‍ വരുന്നതിനോട് (കാര്യങ്ങള്‍ പരസ്യമായി ചെയ്യുന്നതിനോട്) ഇത്ര വെറുപ്പ് വരികയില്ലായിരുന്നു.’ എന്ന് പാപ്പാ പ്രസ്താവിക്കുന്നുണ്ട്.
1917 ല്‍ കാനന്‍ നിയമത്തിലെ 1399 ാം കാനന്‍ അനുസരിച്ച് ഫ്രീമേസന്‍ പുസ്തകങ്ങളും ലഘുലേഖകളും വായിക്കുന്നത് സഭ വിലക്കിയിരുന്നു.
1983 ല്‍ അന്നത്തെ വിശ്വാസ തിരുസംഘം തലവനായിരുന്ന കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വ്യക്തിപരമായ അംഗീകാരത്തോടു കൂടി ഫ്രീമേസന്‍ പ്രസ്ഥാനങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന പ്രഖ്യാപനം നടത്തിയിരുന്നു. ‘മേസന്‍ പ്രസ്ഥാനങ്ങളില്‍ അംഗത്വമെടുക്കുന്ന വിശ്വാസികള്‍ മാരക പാപത്തിലാണ്. അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടുള്ളതല്ല.’ എന്ന് അതില്‍ സഭയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.
കത്തോലിക്കാ സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ചില ഫ്രീമേസന്‍ നിലപാടുകളുണ്ട്. ദൈവിക വെളിപാട് തള്ളിക്കളയുന്ന ‘ദേയിസം’ എന്ന വാദമാണ് അതില്‍ പ്രധാനം. ക്രിസ്തുവില്‍ ദൈവം നല്‍കിയ വെളിപ്പെടുത്തലാണല്ലോ ക്രിസ്തീയ വിശ്വാസത്തിന്റെ ആധാരം. ഈ അടിസ്ഥാനം തന്നെ ഫ്രീമേസന്‍കാര്‍ തള്ളിക്കളയുന്നു. ഈ ലോകത്തെ നിരീക്ഷിച്ചുകൊണ്ടുതന്നെ ലഭിക്കുന്ന അറിവ് മതി  ദൈവത്തിലെത്താന്‍ എന്നവര്‍ വാദിക്കുന്നു. പ്രകൃതിനിയമം അനുസരിച്ചു മാത്രമേ എന്തും ഭൂമിയില്‍ നടക്കുകയുള്ളൂ എന്നും പ്രകൃത്യതീതമായ യാതൊന്നും ഇവിടെ സംഭവിക്കുകയില്ല എന്നും വാദിക്കുന്ന നാച്ചുലറിസവും ഇവരുടെ വാദങ്ങളില്‍ പ്രധാനമാണ്. മതത്തോടുള്ള നിസംഗമായ നിലപാടാണ് മറ്റൊന്ന്. ഏത് മതത്തില്‍ അംഗമായിരുന്നാലും ഒരാള്‍ ദൈവത്തിന് പ്രീതിപാത്രമാണ് എന്നും അവര്‍ വിശ്വസിക്കുന്നു.
രഹസ്യാത്മതയാണ് ഫ്രീമേസന്‍ പ്രസ്ഥാനത്തിന്റെ ദുരൂഹമായ ഒരു പ്രത്യേകത. ക്രിസ്തീയ വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായി അവര്‍ രഹസ്യമായി ‘രക്തപ്രതിജ്ഞ’ എടുക്കുന്നു. മേസണ്‍ പ്രസ്ഥാനത്തിന്റെ രഹസ്യങ്ങള്‍ എപ്പോഴെങ്കിലും വെളിപ്പെടുത്താന്‍ ഇടവന്നാല്‍ സ്വയം അംഗഭംഗം വരുത്തുകയോ ക്രൂരമായ മരണശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യും എന്ന് അവര്‍ പ്രതിജ്ഞ ചെയ്യുന്നു.
ചരിത്രപരമായി മേസന്‍ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് കത്തോലിക്കാ സഭയെ ഇല്ലായ്മ ചെയ്യുകയായിരുന്നു; പ്രത്യേകിച്ച് യൂറോപ്പില്‍ നിലനിന്നിരുന്ന ഫ്രീമേസന്‍ പ്രസ്ഥാനങ്ങളില്‍.
കേരളത്തിലും ഫ്രീമേസന്‍ പ്രസ്ഥാനം വേരുകള്‍ ആഴ്ത്തിയിട്ടുണ്ട്. പല പ്രമുഖരും രഹസ്യമായി ഫ്രീമേസന്‍ പ്രസ്ഥാനങ്ങളില്‍ അംഗത്വം എടുത്തിട്ടുള്ളവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഫ്രീമേസന്‍ ലോഡ്ജുകള്‍ എന്നാണ് ഇവരുടെ സങ്കേതങ്ങള്‍ അറിയപ്പെടുന്നത്. തിരുവന്തപുരത്തും കോഴിക്കോടുമെല്ലാം ഫ്രീമേസന്‍ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറിയപ്പെടുന്ന പല കത്തോലിക്കരും ഈ ലോഡ്‌ജുകളിൽ അംഗങ്ങൾ ആണെന്നതും വസ്തുതയാണ്. സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നവരെ തെരഞ്ഞുപിടിച്ച് കൂടെച്ചേർക്കുന്നതാണ് അവരുടെ രീതി. തലയെടുപ്പുള്ളവരുടെ സംഘബലമാണ് അവരുടെ ഊർജം. നവീകരണ പ്രസ്ഥാനങ്ങളുടെ ചില  നേതാക്കൾ പോലും ഈ ഇരുണ്ടകൂട്ടായ്‌മയിൽ കൂട്ടുചേർന്നു പ്രവർത്തിക്കുന്പോൾ വല്ലാത്തൊരു ഞടുക്കം നമ്മെ ബാധിക്കുന്നു!
സ്‌കോട്ട്‌ലാന്‍ഡിലെ ഗ്രാന്‍ഡ് ലോഡ്ജിന്റെ മാതൃകയില്‍ 1961 ലാണ് ഗ്രാന്‍ഡ് ലോഡജ് ഇന്ത്യയില്‍ നിലവില്‍ വന്നത്. ഗ്രാന്‍ഡ് ലോഡജ് ഓഫ് ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ അരുണ്‍ ചിന്തോപാന്ത് നല്‍കുന്ന കണക്കു പ്രകാരം ഇന്ത്യയില്‍ ഇന്ന് 343 ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; 17,000 അംഗങ്ങളും ഫ്രീമേസന്‍ പ്രസ്ഥാനത്തിന് ഇവിടെയുണ്ട്.
കത്തോലിക്കാ വിശ്വാസത്തെ സ്‌നേഹിക്കുന്ന നാം ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും സാത്താന്റെ തന്ത്രങ്ങള്‍ക്കും എതിരെ കരുതിയിരിക്കണം. അവരുടെ കുരുക്കുകളില്‍ ചെന്നു പെടാതെ, വേണ്ടത്ര അറിവില്ലാത്ത നമ്മുടെ ഇളം തലമുറയെ സംരക്ഷിക്കുകയും വേണം. അതിനായി നമുക്കു ഉണര്‍ന്നിരിക്കാം, ജാഗ്രതയോടെ!
സ്‌നേഹാദരപൂര്‍വം
ശാന്തിമോന്‍ ജേക്കബ്‌

You must be logged in to post a comment Login