സെമിനാരിയില്‍ നിന്നൊഴുകുന്ന പ്രകാശരശ്മികള്‍

സെമിനാരിയില്‍ നിന്നൊഴുകുന്ന പ്രകാശരശ്മികള്‍

വൈദികവിഷാദരാഗങ്ങള്‍ എന്നൊരു ലേഖനം ഒരു മാസം മുമ്പ് എഴുതിയ ഇവിടെ പ്രസിദ്ധീകരിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പലരും ആവേശത്തോടെ അത് ഏറ്റു വാങ്ങിയപ്പോള്‍, വ്യക്തിപരമായി എന്നോട് അടുപ്പമുള്ള ചില വൈദിക സഹോദരന്മാര്‍ക്ക് അത് ദുഖമുളവാക്കി എന്ന് ചിലര്‍ തുറന്നു പറഞ്ഞു. തങ്ങളെയും ജനം അപ്രകാരം കാണാന്‍ തുടങ്ങും എന്നതാണ് അവരെ സങ്കടപ്പെടുത്തിയത്. ചിലര്‍ അങ്ങനെയുമുണ്ട് എന്നു പറയാന്‍ മാത്രമാണ് ഞാന്‍ മുതിര്‍ന്നത്; പൊതുവേ അങ്ങനെയാണെന്നല്ല.

വൈദിക രൂപീകരണത്തില്‍ അധികാരികള്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും കൊടുക്കുകയാണെങ്കില്‍ വിശ്വാസികളുടെ മുമ്പില്‍ പൗരോഹിത്യത്തിന് ചീത്തപ്പേരുണ്ടാക്കുന്ന വൈദികര്‍ ഉണ്ടാകുന്നത് തടയാനാകും എന്ന അടിസ്ഥാന ലക്ഷ്യം മാത്രം മനസ്സില്‍ വച്ചു കൊണ്ടായിരുന്നു, അത്തരമൊരു തുറന്നെഴുത്തിന് മുതിര്‍ന്നത്. എല്ലാ സെമിനാരികളിലും ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നും പറയാനോ വൈദികാര്‍ത്ഥികളെല്ലാവരും അങ്ങനെയാണെന്നു പറയാനോ ഉദ്ദേശിച്ചിരുന്നില്ല. ഏതെങ്കിലും പ്രത്യേക സഭയില്‍ അങ്ങനെ സംഭവിക്കുന്നുവെന്നോ അവിടെ നിന്നും വരുന്നവരെല്ലാം അങ്ങനെയാണെന്നോ അര്‍ത്ഥമാകുന്നുമില്ല.

ആയിടയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടേതായി വത്തിക്കാന്‍ ഇന്‍സൈഡര്‍ എന്ന പത്രത്തില്‍ വന്ന് ഒരു അഭിമുഖമാണ് ആ ലേഖനത്തിന് പ്രചോദനമായത്. ‘നിങ്ങള്‍ ഒരു തൊഴില്‍ പരിശീലനമല്ല ഇവിടെ നേടുന്നത്. ബിസിനസുകാരനോ ബ്യൂറോക്രാറ്റോ ആവുകയല്ല നിങ്ങളുടെ ലക്ഷ്യം. പാതി വഴിയില്‍ ലക്ഷ്യം മറന്ന അനേകം വൈദികര്‍ നമുക്കുണ്ട്. കഷ്ടമാണിത്. അവരുടെയുള്ളില്‍ ഒരു തൊഴിലാളിയാണുള്ളത്. ഒരു ബ്യൂറോക്രാറ്റ്. നിങ്ങള്‍ ഈ ചതിയില്‍ വീഴരുത്… ദുഷിച്ച ഇടയന്മാര്‍ക്ക് ദുരിതം! സെമിനാരികള്‍ വ്യക്തിത്വ വൈകല്യമുള്ളവരുടെ അഭയകേന്ദ്രമല്ല. മാനസികപ്രശ്‌നങ്ങളുള്ളവര്‍ക്കും ജീവിതത്തെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ക്കും ഒളിച്ചിരിക്കാന്‍ പറ്റിയ ഇടവുമല്ല, സെമിനാരി. ദൈവവിളിയില്‍ ബോധ്യമില്ലാത്തവരെ സ്വീകരിച്ചു അപകടത്തില്‍ ചെന്നു ചാടുന്നതിനേക്കാള്‍ നല്ലത് അത്തരം ദൈവവിളികള്‍ ഇല്ലാതിരിക്കുകയാണ്’ മാര്‍പാപ്പ ആ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. നമ്മുടെ കാലഘട്ടത്തോടുള്ള ഈ വാക്കുകളോട് ചേര്‍ത്ത് ഏതാനും വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

ഇടയന്റെ പ്രകാശം നഷ്ടമാകുമ്പോള്‍ ആടുകള്‍ (ജനങ്ങള്‍) ഇരുളിലാകുന്നു, അതിനാല്‍ ഇടയന്മാര്‍ പ്രകാശത്തിലായിരിക്കണം എന്ന ബോധ്യത്തില്‍ നിന്ന് മാത്രം എഴുതിയ ആ ലേഖനം പ്രകാശത്തെ കുറിച്ചു ചിന്തിക്കുന്നതിന് പകരം ഏതെങ്കിലും ഇടയന്മാര്‍ക്ക് മനസ്സില്‍ ഇരുട്ടു കയറാന്‍ അത് കാരണമായി എങ്കില്‍ ആ വാക്കുകള്‍ പാഴായിപ്പോയി എന്നേ ഞാന്‍ കരുതുകയുള്ളൂ. അതില്‍ ഖേദവുമുണ്ട്.

ഇന്ന് മംഗലപ്പുഴ സെമിനാരിയിലെ ചില വൈദികാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു. നമ്മുടെ സെമിനാരികള്‍ക്കുള്ളില്‍ പ്രസരിക്കുന്ന പ്രകാശരശ്മികളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലായി. ആ സംഭാഷണം. സെമിനാരിയിലെ പത്തു വൈദികാര്‍ത്ഥികളാണ് ആ സംരംഭത്തിനു നേതൃത്വം നല്‍കുന്നത്. പേര് പറയാന്‍ അവര്‍ ആഗ്രഹിക്കാത്തതു കൊണ്ട് ഞാന്‍ പറയുന്നില്ല. ഇവര്‍ ചെയ്യുന്നത് ഇതാണ്: അവിഹിത ഗര്‍ഭം ധരിക്കുകയും ഭ്രൂണഹത്യക്കൊരുമ്പെടുകയും ചെയ്യുന്ന അവിവാഹിതരായ യുവതികള്‍ക്ക് വിളിക്കാവുന്ന ഫോണ്‍ നമ്പരുകള്‍ കൊടുത്ത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഇവര്‍ നഗരഭാഗങ്ങളില്‍ സ്ഥാപിക്കും. അ്ങ്ങനെ വിളിക്കുന്നവരെ ഭ്രൂണഹത്യ ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയും ജനിക്കുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായ അനാഥമന്ദിരങ്ങളില്‍ വളര്‍ത്താന്‍ ഏല്‍പിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവന്‍ രക്ഷപ്പെട്ട ഒരു കുഞ്ഞ് ഇപ്പോള്‍ മിടുക്കിയായി വളരുന്നു എന്നു പറയുമ്പോള്‍ ആ വൈദികവിദ്യാര്‍ത്ഥിക്ക് വിവരിക്കാനാവാത്ത ആഹ്ലാദം.

ആദ്യഘട്ടത്തില്‍ ഈ പദ്ധതി അത്ര എളുപ്പമല്ലായിരുന്നു. നിരവധി കടമ്പകള്‍ കടന്നാണ് സെമിനാരികളെ ഇവര്‍ നന്മയുടെ വിപ്ലവകേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഫ്രാന്‍സിസ് പാപ്പാ പറയുന്നതു പോലെ തെരുവിലേക്കിറങ്ങുന്ന ദൈവികത. മറ്റു ചില കാര്യങ്ങള്‍ കൂടി ഈ വൈദികവിദ്യാര്‍ത്ഥികള്‍ ചെയ്യുന്നുണ്ട്. വ്യാഴാഴ്ച തോറും ഉപവസിച്ചു ആ ഭക്ഷണം ആലുവ തെരുവിലെ വിശക്കുന്നവര്‍ക്ക് ഇവര്‍ വിതരണം ചെയ്യുന്നു. രാത്രി വഴിയരികിലോ കടത്തിണ്ണയിലോ കിടന്നുറങ്ങേണ്ടി വരുന്നവരെ തേടി എത്തി അവര്‍ക്ക് പുതപ്പുകള്‍ വാങ്ങി കൊടുക്കുന്നു.

ഇത് ദൂരെയെങ്ങുമല്ല, നമുക്കു ചുറ്റും നടക്കുന്നതാണ്. ആരും അറിയേണ്ട എന്നാഗ്രഹിച്ചാണ് അവര്‍ ഇത് ചെയ്യുന്നതെങ്കിലും ഇത്തരം പ്രകാശമുള്ള മനുഷ്യര്‍ വലിയ പ്രതീക്ഷ നല്‍കുന്നു.

ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍ എന്ന വിഖ്യാത ഫ്രഞ്ച് സിനിമയിലെ ഒരു രംഗം മാത്രം ഇവിടെ ഓര്‍മപ്പെടുത്തുന്നു. തീവ്രവാദികള്‍ അള്‍ജീരിയയില്‍ ആക്രമിച്ചു കയറുമ്പോള്‍ അവിടെ ആശ്രമം പണിതു ജാതിയും മതവും മറന്ന് ജനസേവനം നടത്തുന്ന
സന്ന്യാസികള്‍ നേരിടുന്ന പ്രതിസന്ധി ജനങ്ങളുടെ ഒപ്പം നില്‍ക്കണമോ അതോ സ്വന്തം സുരക്ഷിതത്വം നോക്കി ഓടി രക്ഷപ്പെടണമോ എന്നതാണ്. രക്ഷപ്പെടാന്‍ തീരുമാനിച്ച സന്ന്യാസിമാര്‍ അക്കാര്യം പറയാന്‍ അയലത്തുള്ള മുസ്ലിം ഭവനത്തിലെത്തുന്നു. ‘ഞങ്ങള്‍ ദേശാടനക്കിളികളെ പോലെയാണ്. ഒരിടമല്ലെങ്കില്‍ വേറെ ഇടം. ഇപ്പോള്‍ വേറെ ഇടത്തേക്കു പോകുന്നു’. അതിന് മറുപടിയായി ആ വീട്ടിലെ മുസ്ലീം വീട്ടമ്മ പറയുന്ന മറുപടി സന്ന്യാസിമാരെ അത്ഭുതപരതന്ത്രരാക്കുന്നു. ‘വാസ്തവത്തില്‍ ഞങ്ങളാണ് പക്ഷികള്‍. ഞങ്ങള്‍ അഭയം തേടുന്ന വൃക്ഷങ്ങളാണ് നിങ്ങള്‍. നിങ്ങള്‍ പോയാന്‍ ഞങ്ങള്‍ അഭയമില്ലാത്ത അനാഥരാകുന്നു!’

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login