സെമിനാരിയില്‍ നിന്ന് പോന്നത് പകയോടെ, പക്ഷേ പ്രാര്‍ത്ഥന രക്ഷിച്ചു-ടി. ദേവപ്രസാദ്..

സെമിനാരിയില്‍ നിന്ന് വിട്ടുപോരേണ്ടി വന്ന ഒരു സാഹചര്യമുണ്ടായിരുന്നു എനിക്ക്.. ലോകത്തോട് മുഴുവന്‍ പകയോടെയായിരുന്നു ഇറങ്ങിയത്. പലരുടെയും തെറ്റിദ്ധാരണകള്‍ക്ക് അക്കാലത്ത് വിധേയനാകേണ്ടിവന്നു. അത്തരമൊരു അവസരത്തിലാണ് വചനത്തിന്റെ യഥാര്‍തഥ ശക്തി വ്യക്തിജീവിതത്തില്‍ എനിക്ക് അനുഭവമായത്.

യാത്ര പറയും നേരത്ത് എന്റെ ആത്മീയ ഗുരുവാണ് അക്കാര്യം വ്യക്തമാക്കിയത്.

ദൈവം നിന്റെ പക്ഷത്തെങ്കില്‍ ആര് നിനക്ക് എതിര് നില്ക്കും?

തിരിഞ്ഞുനോക്കുമ്പോള്‍ ആ വചനം എന്റെ ജീവിതത്തില്‍ നിറവേറിയിരിക്കുന്നത് ഞാന്‍ അറിയുന്നു. വേണമെങ്കില്‍ സെമിനാരിയില്‍ നിന്ന് പോന്ന ഒരാള്‍ക്ക് നിരീശ്വരവാദിയായി മാറാനുള്ള സാഹചര്യമുണ്ടായിരുന്നു. പക്ഷേ എന്റെ ദൈവം എന്നെ അതിന് അനുവദിച്ചില്ല..അവിടുന്ന് എന്നെ ചേര്‍ത്തുനിര്‍ത്തി.

വിശുദ്ധ ഗ്രന്ഥം വായിച്ചും ധ്യാനിച്ചുമാണ് ഞാന്‍ എല്ലാ ദിവസവും ആരംഭിക്കുന്നത്. പ്രാര്‍ത്ഥന നമ്മുടെ ആവശ്യമാണ്. ദൈവം അനുഗ്രഹിക്കുന്നതുകൊണ്ടും അനുവദിക്കുന്നതുകൊണ്ടുമാണ് എനിക്ക് പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നത്. എപ്പോഴെങ്കിലും പ്രാര്‍ത്ഥനയുടെ കാര്യമോര്‍ത്ത്- ഇത്രയും നേരം പ്രാര്‍ത്ഥിക്കാന്‍ സാധിച്ചല്ലോ- അഹങ്കാരചിന്ത തോന്നിയാല്‍ അതിനടുത്ത ദിവസം തന്നെ പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ വന്നിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് കൂടുതല്‍ നേരം പ്രാര്‍ത്ഥിച്ചു എന്നതിന്റെ പേരില്‍ ആര്‍ക്കും അഹങ്കരിക്കാനില്ലെന്നാണ് എനിക്ക് തോന്നുന്നത്. ദൈവം എനിക്ക് അനുവദിക്കുന്നതുകൊണ്ടും സാഹചര്യങ്ങള്‍ ക്രമീകരിക്കുന്നതുകൊണ്ടുമാണ് എനിക്ക് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്.

വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ പല ദൈവികാനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജപമാല പ്രാര്‍ത്ഥനയ്ക്കിടയില്‍ സുഗന്ധാഭിഷേകം പോലെയുള്ള അനുഭവങ്ങള്‍… സഭയുടെ എല്ലാ പരമ്പരാഗതമായ പ്രാര്‍ത്ഥനകളും ഞാന്‍ ചൊല്ലാറുണ്ട്.. രാവിലെയും വൈകിട്ടുമുള്ള യാമപ്രാര്‍ത്ഥനകള്‍ക്ക് മുടക്കം വരുത്താറില്ല.

ലത്തീന്‍ ആരാധനക്രമത്തിലുള്ള യാമപ്രാര്‍ത്ഥനകള്‍ക്ക് കുറച്ച് കൂടുതല്‍ സൗന്ദര്യം ഉള്ളതുപോലെ തോന്നിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ചില വൈദികരെങ്കിലും മുഴുവന്‍ പ്രാര്‍ത്ഥനകളും ചൊല്ലാറില്ല. ഇത് വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്നുണ്ട്. ഏതു പള്ളിയില്‍ പ്രവേശിച്ചാലും സാഷ്ടാംഗപ്രണാമം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അതിന് സാധിക്കാറില്ല. വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് പുറമെ വളരെ ചിട്ടയായ കുടുംബപ്രാര്‍ത്ഥനകളും ഉണ്ട്. മറ്റുള്ളവര്‍ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുമ്പോള്‍ ഞാനവരുടെ പേരും നിയോഗവും എഴുതിവച്ച് പ്രാര്‍ത്ഥിക്കാറുമുണ്ട്.

1993 ലാണ് നവീകരണത്തിലേക്ക് വന്നത്. ഞാന്‍ അതിന് മുമ്പു വരെ  വിചാരിച്ചിരുന്നത് ഞാന്‍ ഒരു സെല്‍ഫ് മെയ്ഡ് ആണെന്നായിരുന്നു. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി ഞാന്‍ ഗോഡ് മെയ്ഡാണെന്ന്.. തിരുവനന്തപുരത്ത് വരുമ്പോള്‍ എനിക്കിവിടെ ആരുമില്ലായിരുന്നു..ദൈവം എന്നെ സമര്‍ത്ഥമായി ഇവിടെ പ്ലേയ്‌സ് ചെയ്യുകയായിരുന്നു.

ജീവിതത്തിലെ അനിവാര്യതയാണ് പ്രാര്‍ത്ഥന. ജീവിതത്തിലെ പ്രശ്‌നങ്ങള്‍, സങ്കടങ്ങള്‍, പ്രതിസന്ധികള്‍ എല്ലാം ദൈവത്തോട് പറയുന്ന വേളയാണ് പ്രാര്‍ത്ഥന. ചിലപ്പോള്‍ നമ്മുടെ പ്രയാസങ്ങളും സങ്കടങ്ങളും ആരോടും തുറന്നു പറയാന്‍ കഴിയാത്തവയായിരിക്കും. ആര്‍ക്കും മനസ്സിലാവാത്തതായിരിക്കും. എന്നാല്‍ ദൈവത്തോട് എല്ലാം പറയാം. നമ്മളെ നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ദൈവത്തിന് മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. ദൈവത്തിന് നമ്മെ മനസ്സിലാക്കാന്‍ കഴിയും എന്നതാണ് ഏക ആശ്വാസം.

ഞാന്‍ മൂലം എന്റെ ഈശോയ്ക്ക് ഒരു നാണക്കേടുണ്ടാകരുത്. എനിക്ക് സംഭവിക്കുന്നതെല്ലാം സുവിശേഷത്തിന്റെ പുരോഗതിക്ക് കാരണമാകണമെന്നും വിശുദ്ധ പൗലോസിനെപോലെ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും പ്രാര്‍ത്ഥനയാണ് എന്നെ രക്ഷിച്ചത്.

ദീപികയില്‍ നിന്ന് നിര്‍ബന്ധിതമായ വോളന്ററി റിട്ടയര്‍മെന്റ് എടുക്കണം എന്ന ഉത്തരവ് വന്നപ്പോള്‍ ഞാന്‍ ശരിക്കും ഷോക്ക്ഡ് ആയിപ്പോയിരുന്നു. ഗദ്‌സ്‌തെമനിയിലെ അനുഭവം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രചോദിപ്പിച്ചത് ഡിവൈനിലെ കൊച്ചുമാത്യു അച്ചനായിരുന്നു. അതുപോലെ തകര്‍ച്ചയിലേക്ക് നോക്കിയിരിക്കാതെ ക്രിസ്തുവിലേക്ക് നോക്കാന്‍ പനയ്ക്കലച്ചനും ഉപദേശിച്ചിട്ടുണ്ട്.

ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും തീരാത്തതാണ് എന്റെ ജീവിതം. അറുപത്തിമൂന്ന് വയസായി.. ഇപ്പോഴെനിക്ക് ദൈവത്തോട് ഒന്നേയുള്ളു പ്രാര്‍ത്ഥന..

സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിക്കണമേ..സ്‌നേഹം അനുഭവിക്കാന്‍ പഠിപ്പിക്കണമേ.. സ്‌നേഹം പ്രകടിപ്പിക്കാന്‍ എന്നെ പഠിപ്പിക്കണമേ..

You must be logged in to post a comment Login