സെലിന്റെ കഥ; മാര്‍ട്ടിന്റെയും

സെലിന്റെ കഥ; മാര്‍ട്ടിന്റെയും

Louis e Zelie Martin, pais de Santa Terezinha do Menino Jesusവിശുദ്ധ ലിയനാര്‍ഡോയുടെ പേരിലുള്ള പാലം മുറിച്ചുകടക്കുകയായിരുന്നു സെലി ഗ്വരിന്‍. അവള്‍ക്ക് അന്ന് ഇരുപത്തിയേഴ് വയസായിരുന്നു പ്രായം. അപ്പോഴാണ് ഒരു യുവാവ് അവളെ മറികടന്ന് അതേ പാലം മുറിച്ചു എതിര്‍ദിശയിലേക്ക് പോയത്.
ഒരേ പാലം. രണ്ട് യാത്രക്കാര്‍..രണ്ട് ദിശകള്‍.. ആ മുറിച്ചു കടക്കലിനിടയില്‍ അപ്രതീക്ഷിതമായിട്ടെന്തോ ഒന്ന് സംഭവിച്ചു, സെലിന്റെ കാതുകളില്‍ ദൈവത്തിന്റെ ആത്മാവ് ഒരു കാര്യം മന്ത്രിച്ചു. ഇതാ നിനക്കായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നവന്‍..
കേട്ട മാത്രയില്‍ സെലിന് അമ്പരപ്പാണ് തോന്നിയത്. അന്ന് ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ മാതാവ് പരിഭ്രമിച്ചതുപോലെയുള്ള പരിഭ്രമം. ഇതെങ്ങനെ സംഭവിക്കും എന്ന ആശങ്ക.
കാരണം ഒരു വിവാഹം അവളുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. കന്യാസ്ത്രീയാവണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതിനായി മഠത്തില്‍ ചെന്നതുമാണ്. അലെന്‍കോയിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ മഠത്തില്‍.
പക്ഷേ മഠാധിപ അവളോട് പറഞ്ഞത് ഞടുക്കുന്ന ഒരു സത്യമാണ്.. നിനക്ക് ദൈവവിളിയില്ല കുഞ്ഞേ..ദൈവവിളിയില്ലാത്തവരെ മഠത്തില്‍ എടുക്കാനാവില്ല.
ചെറുപ്പം മുതല്‍ക്കേ അവള്‍ മറ്റൊന്നും ആഗ്രഹിച്ചിരുന്നില്ല ഒരു കന്യാസ്ത്രീയാവുക എന്നല്ലാതെ.. ഇപ്പോള്‍ ആ പ്രതീക്ഷയാണ് മഠാധിപ തകര്‍ത്തിരിക്കുന്നത്.
ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അന്ന് സെലിന്‍ മഠത്തിന്റെ കവാടം കടന്നത്. ആ വേദനയോടെ ജീവിച്ചുവരുമ്പോഴായിരുന്നു ഈ പാലം കടക്കലും എവിടെ നിന്ന് എന്നറിയാതെയുള്ള ഈ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നതും.
1831 ല്‍ ആയിരുന്നു സെലിന്റെ ജനനം. ഫ്രാന്‍സിലെ ലെയ്‌സ് നിര്‍മ്മാണത്തിന്റെ കേന്ദ്രമായിരുന്ന അലെന്‍കോയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. അന്നത്തെ കണക്കനുസരിച്ച് അലെന്‍കോയിലെ പതിമൂവായിരത്തോളം ആളുകള്‍ ഉപജീവനമാര്‍ഗ്ഗമായി തിരഞ്ഞെടുത്തിരുന്നത് ലെയ്‌സ് നിര്‍മ്മാണമായിരുന്നു.
സെലിന്റെ കുടുംബം പട്ടാളക്കാരുടേതായിരുന്നു. നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത് വിരമിച്ച ഒരു പട്ടാളക്കാരനായിരുന്നു അവളുടെ പിതാവ്. പട്ടാളത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഒരു ചെറിയ ചായക്കട ആരംഭിച്ചുവെങ്കിലും അത് വന്‍ നഷ്ടത്തില്‍ കലാശി്ക്കുകയാണ് ചെയ്തത്. ഇതാണ് അലെന്‍കോയിലേക്ക് ജീവിതം മാറ്റുവാന്‍ ആ കുടുംബത്തെ പ്രേരിപ്പിച്ചത്.
തന്റെ ബാല്യകൗമാരങ്ങളെ അവള്‍ വിശേഷിപ്പിച്ചത് തന്നെ വിഷാദമൂകം എന്നായിരുന്നു. മാതാപിതാക്കളില്‍ നിന്ന് സ്‌നേഹം അത്രയധികമായിട്ടൊന്നും ലഭിക്കാന്‍ സെലിക്ക് ഭാഗ്യമുണ്ടായിരുന്നില്ല. സേക്രട്ട് ഹാര്‍ട്ട് സിസ്റ്റേഴ്‌സ് നടത്തുന്ന സ്‌കൂളിലായിരുന്നു സെലി വിദ്യാഭ്യാസം നടത്തിയിരുന്നത്. തരക്കേടില്ലാത്ത പ്രകടനമായിരുന്നു പഠനത്തില്‍ സെലി കാഴ്ചവച്ചിരുന്നത്. അവള്‍ക്കേറെ അടുപ്പമുണ്ടായിരുന്നത് ഇളയസഹോദരനായ ഇസിദോറിനോടായിരുന്നു.
ജീവിതത്തിലുണ്ടായ എല്ലാ കഠിനമേറിയ പരീക്ഷണങ്ങളെയും നേരിടാന്‍ അവള്‍ക്ക് കരുത്തായി മാറിയത് ദൈവവിശ്വാസം തന്നെയായിരുന്നു. പരിശുദ്ധ മറിയത്തോട് അവള്‍ക്ക് തീരാത്ത സ്‌നേഹമായിരുന്നു.
ലെയ്‌സ് നിര്‍മ്മാണത്തില്‍ സെലി വിദഗ്ധയായിരുന്നു. ഏതാനും തൊഴിലാളികളെ സംഘടിപ്പിച്ച് ലെയ്‌സ് നിര്‍മ്മാണം ഒരു വരുമാനമാര്‍ഗ്ഗമായി അവള്‍ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വീടിനോട് ചേര്‍ന്നുളള ചെറിയൊരു യൂണിറ്റുണ്ടാക്കി വ്യാഴാഴ്ചകളിലായിരുന്നു ലെയ്‌സ് നിര്‍മ്മാണത്തില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു നാം ആദ്യം കണ്ട ആ കണ്ടുമുട്ടല്‍ നടന്നത്. ഒരേ പാലം ,രണ്ടു വ്യക്തികള്‍..രണ്ട് ദിശകള്‍.. പക്ഷേ ഒരേ ദിശയില്‍ ഒരുമിച്ചുചേരുന്നതിന് വേണ്ടിയായിരുന്നു ആ കണ്ടുമുട്ടല്‍ എന്ന് പില്ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു. ദൈവം തിരഞ്ഞെടുക്കുന്ന എല്ലാവരുടെയും കാര്യവും ഇങ്ങനെ തന്നെയായിരിക്കും. അന്നുവരെ വ്യത്യസ്ത ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായി നടന്നവരെ ദൈവം ഒരു പ്രത്യേക നിമിഷത്തില്‍ ഒരുമിച്ചു ചേര്‍ക്കുന്നു. അവിടെ നിന്ന് അത്ഭുതങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഈ കണ്ടുമുട്ടലും ഒരു അത്ഭുതത്തിലേക്കാണ് വഴികള്‍ തുറക്കുന്നതെന്ന് ആ ചെറുപ്പക്കാരനോ സെലിയോ അന്ന് കരുതിയിരുന്നില്ല. പക്ഷേ കാലം പില്ക്കാലത്ത് കണ്ടത് ആ അത്ഭുതമാണ്.
സെലി കണ്ട ആ ചെറുപ്പക്കാരന്‍ ആരായിരുന്നുവെന്നും എന്തായിരുന്നു അയാളുടെ പ്രത്യേകത എന്നും അറിയണ്ടെ? അത് പറയാം,നാളെയാവട്ടെ
( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login