സെലിന്‍ ആ സത്യം തിരിച്ചറിയുന്നു( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 9)

സെലിന്‍ ആ സത്യം തിരിച്ചറിയുന്നു( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 9)

o-DEATH-TUNNEL-facebookവര്‍ഷം 1876
ഡോക്ടര്‍ പ്രിവോസ്റ്റിന് മുമ്പില്‍ ഇരിക്കുമ്പോള്‍ സെലിന് തന്റെ ഉള്ളം തുള്ളിത്തെറിക്കുന്നതുപോലെ തോന്നി. ഡോക്ടര്‍ എന്തായിരിക്കും പറയുക? ദീര്‍ഘനാളായി നീണ്ടുനില്ക്കുന്ന തലവേദന, ദഹനക്കേട്, നെഞ്ച് വേദന, കണ്ണിന്റെ അസ്വസ്ഥത എന്നിങ്ങനെ വിവിധ അസുഖങ്ങള്‍ സെലിനെ വേട്ടയാടിത്തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു.

അനാരോഗ്യം കാരണമാണ് തെരേസയുടെ പരിപാലനം ആയയെ ഏല്പിക്കേണ്ടിവന്നതും.. ഇക്കാലയളവില്‍ തന്നെയായിരുന്നു സെലിന്റെ ഹൃദയം തകര്‍ത്ത ആ വേര്‍പാടുണ്ടായത്. സെലിന്റ സഹോദരി വിസിറ്റേഷന്‍ സഭാംഗമായിരുന്ന മേരി ദോസിത്തീയുടെ വേര്‍പാട്. ക്ഷയരോഗബാധയെ തുടര്‍ന്നായിരുന്നു സഹോദരിയുടെ മരണം..

ആ മരണത്തിന്റെ മുറിപ്പാടുമായി കഴിഞ്ഞുകൂടുമ്പോഴാണ് രോഗം സെലിനെ വട്ടമിട്ടുപിടികൂടിയത്. അതിന്റെ ഒടുവിലാണ് അവള്‍ ഇപ്പോള്‍ ഡോക്ടറുടെ മുമ്പിലിരിക്കുന്നത്. ഡോക്ടര്‍ എന്താണ് പറയുക എന്ന് കാത്തിരിക്കുമ്പോള്‍, കണ്ഠം തെളിച്ച് സെലിന്റെ മുഖത്തേയ്ക്ക് നോക്കി ഡോക്ടര്‍ അറിയിച്ചു

‘ മേഡം നിങ്ങള്‍ക്ക് കാന്‍സറാണ്..’ സെലിന്‍ നടുങ്ങിപ്പോയി. മാര്‍ട്ടിന്റെ മുഖമാണ് അവളുടെ മനസ്സിലേക്ക് ആദ്യം ഓടിവന്നത്.പിന്നെ തെരേസയുടെ മുഖം.. പതിനാറ് മുതല്‍ നാലുവരെ വയസ് പ്രായമുള്ള തന്റെ അഞ്ച് പെണ്‍മക്കള്‍.. അമ്മയില്ലാതെ അവരെങ്ങനെ ജീവിക്കും? താന്‍ ഇല്ലാതെ മാര്‍ട്ടിന്‍ എങ്ങനെ ജീവിക്കും? മാര്‍ട്ടിന്‍ താനുമായി വേര്‍പിരിഞ്ഞ് ജീവിച്ച അവസരത്തില്‍ എഴുതിയ കത്തിലെ വരികള്‍ സെലിന്റെ ഓര്‍മ്മയിലേക്ക് വന്നു.. നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല..

സെലിന്റെ കണ്ണുനിറഞ്ഞു. ഹൃദയം പിടഞ്ഞു..

‘ എന്താണ് ഡോക്ടര്‍ എനിക്കുള്ള ചികിത്സ? മരുന്നുകള്‍’
‘ വാസ്തവത്തില്‍ ഒന്നും പ്രയോജനപ്രദമല്ല.

‘ഓപ്പറേഷനോ?സെലിന്‍ മറ്റൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു.
സോറീ മാഡം നമ്മള്‍ അസുഖവിവരം അറിയാന്‍ വളരെ വൈകിപ്പോയി.’

ഇനി ഒന്നും പറയാനില്ലെന്ന മട്ടില്‍ ഡോക്ടര്‍ തല കുനിച്ചു. സെലിന്‍ ആത്മാവില്‍ നെടുവീര്‍പ്പെട്ടു.
നന്ദി ഡോക്ടര്‍’

അത് പറയുമ്പോള്‍ സെലിന്റെ കണ്ഠം ഇടറിയിരുന്നു..

ആശുപത്രിവരാന്തയിലൂടെ നടക്കുമ്പോള്‍ വീട്ടിലേക്കുള്ള വഴി വളരെ ദൈര്‍ഘ്യമേറിയതായി സെലിന് തോന്നി. എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ അവള്‍ ആഗ്രഹിച്ചു.. മക്കളെ, ഭര്‍ത്താവിനെ.. എല്ലാവരെയും കാണുവാന്‍ അദമ്യമായ ആഗ്രഹം..

എന്റെ പാവം മാര്‍ട്ടിന്‍ എന്നെക്കൂടാതെ എന്തു ചെയ്യും? മേരി, പൗളിന്‍, ലെയോണി, സെലിന്‍.തെരേസ.. എന്റെ കുഞ്ഞുങ്ങള്‍.. ഞാന്‍ കൂടെയില്ലാതെ എങ്ങനെ മാര്‍ട്ടിന്‍ അവരെ വളര്‍ത്തിയെടുക്കും? എനിക്കവരെ ഈ അവസ്ഥയില്‍ ഒറ്റയ്ക്കാക്കിയിട്ട് പോകാനാവില്ല.. കുറച്ചുകാലം കൂടി..കുറച്ചുകാലം കൂടി എനിക്ക് ജീവിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍…

അപ്പോള്‍ തെരേസ ഒരിക്കല്‍ തന്നോട് പറഞ്ഞ കാര്യമാണ് സെലിന്റെ ഓര്‍മ്മയിലേക്ക് വന്നത്.

അമ്മച്ചി എന്നാണ് മരിച്ചുപോവുക? അതായിരുന്നു തെരേസയുടെ ചോദ്യം.
‘ അമ്മച്ചി എത്രയും പെട്ടെന്ന് മരിച്ചുപോവാന്‍ ഞാനാഗ്രഹിക്കുന്നു..’
‘ അങ്ങനെ പറയരുത് മോളേ..’ താന്‍ അവളെ സ്‌നേഹപൂര്‍വ്വം ശാസിച്ചു.
അയ്യോ അമ്മച്ചി..അത് അമ്മച്ചി സ്വര്‍ഗ്ഗത്തില്‍ പോവാന്‍ വേണ്ടിയാ കേട്ടോ. മരിച്ചാലല്ലേ സ്വര്‍ഗ്ഗത്തില്‍ പോവാന്‍ പറ്റുള്ളു’ അടുത്ത നിമിഷം തെരേസ ചോദിച്ചു..
” അമ്മച്ചീ ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പോവുമോ’
നല്ല കുട്ടിയായിരുന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പോകും.ഇല്ലെങ്കീ നരകത്തില്‍ പോവും

‘ അതായിരുന്നു തന്റെ മറുപടി.
ഞാന്‍ നരകത്തില്‍ പോയാലും അമ്മച്ചി സ്വര്‍ഗ്ഗത്തിലുണ്ടാവുമല്ലോ അപ്പോള്‍ ഞാന്‍ നരകത്തില്‍ നിന്ന് ഓടിവന്ന് അമ്മച്ചിയെ കെട്ടിപിടിച്ചുനില്ക്കും. പിന്നെ ഈശോയ്ക്ക് എന്നെ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ…അമ്മച്ചിയും എന്നെ മുറുക്കിപ്പിടിച്ചിട്ടുണ്ടാവില്ലേ?

അതൊക്കെ ഓര്‍ത്തപ്പോള്‍ സെലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്നെ കെട്ടിപിടിച്ചുനിന്നാല്‍ ഈശോയ്ക്ക് പോലും അവളോട് ഒന്നും എതിര്‍ത്ത് ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന തന്റെ പൊന്നുമകള്‍.. അങ്ങനെയുള്ള അവളെ താന്‍ എങ്ങനെ വേര്‍പിരിയും?

പക്ഷേ പിരിഞ്ഞുപോകാതിരിക്കാനുമാവില്ലല്ലോ?

മരണം..അതിന് മുമ്പില്‍ മനുഷ്യര്‍ എത്രയോ നിസ്സഹായര്‍( തുടരും)
വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login